പൃഥ്രിരാജ് നായകനായെത്തുന്ന ഹൊറര്‍ ചിത്രം എസ്രയെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സിനിമാലോകത്ത് പറന്നുനടക്കുന്നത്. ഏവരെയും ഞെട്ടിക്കുന്നൊരു ചിത്രമായിരിക്കുമിതെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയതു മുതല്‍ മാധ്യമങ്ങളില്‍ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ പ്രേതശല്യമാണെന്നായിരുന്നു അത്തരത്തില്‍ പ്രധാനപ്പെട്ടൊരു വാര്‍ത്ത. എന്നാല്‍ സിനിമാക്കാരെ ഞെട്ടിച്ച, പേടിപ്പിച്ച പ്രേതത്തെ തൊട്ടടുത്തദിവസം തന്നെ തിരിച്ചറിയുകയും ചെയ്തു. അക്കഥ ഇങ്ങനെ-
മട്ടാഞ്ചേരിയിലെ ഒരു ബാറിന്റെ മുന്നിലായിരുന്നു ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്നത്. ബാറായതിനാല്‍ ആ പരിസരത്ത് കുടിയന്മാരുടേതായ അത്യാവശ്യ ശല്യങ്ങളുമുണ്ട്. ഇതിനിടെ ലൊക്കേഷനില്‍ ചില അസ്വഭാവിക സംഭവങ്ങളുമുണ്ടായി. ഫോര്‍ട്ട്‌കൊച്ചിയിലെ ഒരു പഴയ വീട്ടില്‍ ചിത്രീകരണത്തിനിടെ ലൈറ്റുകള്‍ തുടര്‍ച്ചയായി മിന്നിക്കൊണ്ടിരുന്നു. വൈദ്യുതി പ്രശ്‌നമായിരുന്നുവെങ്കിലും അത് അങ്ങനെയായിരുന്നില്ല. പിന്നീട് ക്യാമറ ഉള്‍പ്പെടെയുള്ള സാങ്കേതികോപകരണങ്ങളുടെ പ്രവര്‍ത്തനത്തിലും തടസം നേരിട്ടതോടെ ഏതോ മന്ത്രവാദിയെ കൊണ്ടുവന്ന് പൂജ നടത്തിച്ചു.
പ്രശ്‌നങ്ങളെല്ലാം ഒതുങ്ങി ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടേയിരുന്നു. ഒരുദിവസം രാത്രിയും ഷൂട്ടിംഗ് തുടരുകയാണ്. അപ്പോഴാണ് ലൈറ്റ് ബോയ്‌സ് അക്കാര്യം ശ്രദ്ധിക്കുന്നത്. ഷൂട്ടിംഗിനായി എത്തിച്ച വാഹനം കാണാനില്ല. അത്യാവശ്യം വേണ്ടുന്ന ചില സാധന സാമഗ്രികള്‍ അതിനുള്ളിലുണ്ട്. എല്ലാവരും വാഹനത്തിനായി അന്വേഷണം ആരംഭിച്ചു. എല്ലായിടത്തും അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിനിടെ സെറ്റിലേക്ക് ഒരു ഫോണ്‍കോള്‍ വന്നു. ട്രാഫിക് പോലീസ് സ്‌റ്റേഷനില്‍നിന്നാണ്. ഷൂട്ടിംഗ് സെറ്റിലെ ഒരു വാഹനം നഗരത്തിലെ റോഡില്‍ വഴിമുടക്കി കിടക്കുന്നു. ലൊക്കേഷനില്‍നിന്ന് ആളുകള്‍ പോയി നോക്കിയപ്പോള്‍ മിസായ അതേ വാഹനം.
ഈ സംഭവം ലൊക്കേഷനില്‍ വലിയ ചര്‍ച്ചാവിഷയമായി. പലരും ഭയന്നുകൊണ്ടാണ് ജോലി തുടര്‍ന്നത്. ഇങ്ങനെ പ്രേതപ്പേടിയില്‍ ഷൂട്ടിംഗ് മുന്നോട്ടുപോകവേയാണ് വാഹനം തട്ടിക്കൊണ്ടുപോയ പ്രേതത്തെ കണ്ടുപിടിക്കുന്നത്. സംഭവം മറ്റൊന്നുമല്ല. തൊട്ടടുത്ത ബാറില്‍ മിനുങ്ങാനെത്തിയ കുടിയന്മാരിലൊരാള്‍ രണ്ടെണ്ണം വീശിയശേഷം പുറത്തേക്കിറങ്ങിയപ്പോഴാണ് ഒരു വാഹനം കിടക്കുന്നതുകണ്ടത്. നോക്കിയപ്പോള്‍ താക്കോലും വണ്ടിയിലുണ്ട്. കിട്ടിയമാത്രയില്‍ ആശാന്‍ വാഹനവുമായി പാഞ്ഞു. ഇടയ്ക്ക് വാഹനം ഓഫായതോടെ കുടിയന്‍ ഡ്രൈവര്‍ വണ്ടി ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. തൊട്ടടുത്തദിവസം ബാറിലെ സിസിടിവി ക്യാമറയില്‍ വാഹനം കൊണ്ടുപോകുന്ന ദൃശ്യങ്ങളിലൂടെയാണ് വാഹനം കൊണ്ടുപോയ വ്യാജപ്രേതത്തെ തിരിച്ചറിയുന്നത്.