അല്‍പം വൈകിയിരുന്നെങ്കില്‍…! നിയന്ത്രണം തെറ്റിയ വാഹനം വീട്ടിലേയ്ക്ക് ഇടിച്ചു കയറി; അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടെന്ന് വീട്ടുകാര്‍

accident

നെയ്യാറ്റിന്‍കര: ദേശീയപാതയില്‍ നെയ്യാറ്റിന്‍കര ടി ബി ജംഗ്ഷനു സമീപം റോഡരികിലെ വീട്ടിലേയ്ക്ക് നിയന്ത്രണം തെറ്റിയ വാഹനം ഇടിച്ചു കയറി. ഡ്രൈവര്‍ക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. കുഴിത്തുറ നിന്നും തിരുവനന്ത പുരത്തേയ്ക്ക് വരികയായിരുന്ന കെഎല്‍ 6 സി 3883 ക്വാളിസ് എന്ന വാഹനമാണ് മറ്റൊരു വാഹനത്തെ ഇടിച്ച് നിയന്ത്രണം തെറ്റി വീട്ടിലേയ്ക്ക് ഇടിച്ചു കയറിയത്. ഡ്രൈവര്‍  തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി സൗന്ദര്‍കുമാറിന് പരിക്കേറ്റു.

നെയ്യാറ്റിന്‍കര ആശുപത്രി ജംഗ്ഷനില്‍ നിന്നും മുനിസിപ്പല്‍ സ്റ്റേഡിയത്തിനു മുന്നില്‍ ദേശീയപാതയെ ബന്ധിപ്പിക്കുന്ന സമാന്തര വഴിയിലൂടെ എത്തിയ ടൂറിസ്റ്റ് ബസ്സിന് കടന്നുപോകാനായി നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലാണ് ക്വാളിസ് ആദ്യം ഇടിച്ചത്.   ശക്തമായ ഇടിയില്‍ വാഹനത്തിന്റെ വലതുവശമാകെ തകര്‍ന്നു.   തുടര്‍ന്ന് ക്വാളിസ് വലത്തേയ്ക്ക് മാറി പാതയില്‍ നിന്നും അല്‍പ്പം താഴേയ്ക്കിരിക്കുന്ന നെയ്യാറ്റിന്‍കര മരുത്തൂര്‍ കണ്ണേറു പുത്തന്‍ വീട്ടില്‍ മാഹീന്റെ വീട്ടിലേയ്ക്ക് ഇടിച്ചു കയറുകയാണുണ്ടായത്. മതിലും വീടിന്റെ മുന്‍വശവുമാകെ തകര്‍ന്നു. നെയ്യാറ്റിന്‍കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടെന്ന് വീട്ടുകാര്‍

നെയ്യാറ്റിന്‍കര: കൂലിപ്പണിക്കാരനായ മാഹീന്‍ ഊണു കഴിഞ്ഞ് കൈ കഴുകാനായി വീടിനു പിന്‍വശത്തേയ്ക്ക് ഇറങ്ങിയ പ്പോഴായിരുന്നു മുന്‍വശത്ത് ശക്തമായ ഇടിയുടെ ശബ്ദം കേട്ടത്. തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടതോ, താന്‍ നേരത്തെ ഇരുന്ന് ആഹാരം കഴിച്ച ഇടമെല്ലാം തകര്‍ന്നിരിക്കുന്നു.  മാഹീനും ഭാര്യ സീനത്തും മക്കളായ റിസ്വാനും റിഫാമയുമാണ് നെയ്യാറ്റിന്‍കര മരുത്തൂര്‍ കണ്ണേറു പുത്തന്‍ വീട്ടില്‍ കഴിയുന്നത്. സീനത്തും മക്കളും തുണി വിരിക്കാന്‍ വീടിനോട് ചേര്‍ന്ന ഭാഗത്തെ മുകള്‍നിലയി ലായിരുന്നു.

ഭാഗ്യം കൊണ്ടാണ് വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് അവര്‍ പറഞ്ഞു. വീടിനാകെയുള്ളത് രണ്ടു മുറിയാണ്. മുന്‍വശത്തെ ഈ മുറികളാകെ തകര്‍ന്നു. വീടിന്റെ ഗേറ്റും മതിലും പൊളിഞ്ഞു. അപകടം നടന്ന സമയത്ത് റോഡില്‍ മറ്റു വാഹനങ്ങളൊന്നും ഇല്ലാതിരുന്നതും വന്‍ദുരന്തം ഒഴിവാക്കിയെന്ന് നാട്ടുകാര്‍ പറഞ്ഞു. വിവരം അറിഞ്ഞ് നെയ്യാറ്റിന്‍കര പോലീസും ഫയര്‍ ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തി.

Related posts