കൊച്ചി: കറന്‍സി പ്രശ്നം ക്രിസ്മസ് വിപണിയെ പിടിച്ചുലച്ചെന്നും പതിവുള്ള കച്ചവടം നടന്നില്ലെന്നും വ്യാപാരികള്‍. ആഘോഷങ്ങള്‍ക്കുള്ള സാധനസാമഗ്രികള്‍ വാങ്ങാന്‍ ആളുകളെത്തിയെങ്കിലും കാര്യമായൊന്നും അവര്‍ വാങ്ങിയില്ല. വലിയ കച്ചവടം ലഭിക്കുമെന്നു കരുതി സംഭരിച്ച സാധനങ്ങള്‍ വില്‍ക്കാനാവാതെ മിക്കയിടത്തും കെട്ടിക്കിടക്കുകയാണ്. സന്തോഷത്തിന്റെ ക്രിസമസ് ലോകമെമ്പാടും ആഘോഷിക്കുമ്പോള്‍ അത്ര സന്തോഷമില്ലാത്ത ക്രിസ്മസാണ് വ്യാപാരികള്‍ക്ക് കടന്നുപോയത്.
ചെറിയ വിലയുടെ സാധനങ്ങള്‍ വാങ്ങി 2000ത്തിന്റെ നോട്ട് നല്‍കുന്നവര്‍ക്കു ബാക്കി നല്കാനാവാതെ കച്ചവടക്കാര്‍ വലഞ്ഞു. വലിയ നോട്ടുകള്‍ നല്കുന്നവരോടു കൂടുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ പറയുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. അതിനാല്‍തന്നെ വാങ്ങിയ സാധനങ്ങള്‍ തിരികെ നല്കി നോട്ടുമായി മറ്റു കടകള്‍ തേടി പോകുകയായിരുന്നു ആളുകള്‍.
അലങ്കാരത്തിനായി ഉപയോഗിക്കുന്ന വസ്തുക്കള്‍ക്കും ക്രിസ്മസ് ട്രീക്കും മറ്റുമായിരുന്നു എല്ലാവര്‍ഷവും ഏറ്റവുമധികം കച്ചവടം. എന്നാല്‍ ഇത്തവണ ഇവയ്ക്ക് ആവശ്യക്കാര്‍ കുറവായിരുന്നു. ട്രീയിലും മറ്റും ഉപയോഗിക്കുന്ന എല്‍ഇഡി ലൈറ്റുകള്‍ക്കും ഇത്തവണ ഡിമാന്‍ഡില്ലായിരുന്നു. പരമാവധി വില കുറച്ചിട്ടും ആളുകള്‍ ഇവ വാങ്ങാല്‍ താല്പര്യം കാട്ടിയില്ല. മുന്‍കാലങ്ങളില്‍ ക്രിസ്മസ് പാപ്പയുടെ മുഖംമൂടിയും തൊപ്പിയും ഡസന്‍കണക്കിനു വാങ്ങി കൊണ്ടുപോകുന്ന പ്രവണതയുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അതുമുണ്ടായില്ല.
നോട്ട് പ്രശ്നം കുറച്ചൊന്നുമല്ല പടക്ക വ്യാപാരികളെ വലച്ചത്. ക്രിസ്മസിനോടനുബന്ധിച്ചു പടക്കവും കമ്പിത്തിരിയും പൂത്തിരിയുമെല്ലാം വന്‍തുകയ്ക്കു വാങ്ങുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ പടക്കവ്യാപാരം ശുഷ്ക്കമായിരുന്നു. ക്രിസ്മസിന്റെ തലേന്നു പോലും കാര്യമായ കച്ചവടമുണ്ടായില്ല. നോട്ട് പ്രശ്നം കാരണം സാധാരണ എടുക്കുന്നതിലും കുറവ് സ്റ്റോക്കാണ് ഇത്തവണ കച്ചവടക്കാര്‍ എടുത്തത്. എന്നിട്ടും അതുപോലും വിറ്റുപോയില്ലെന്നും കഴിഞ്ഞ വര്‍ഷം നടന്നതിന്റെ പകുതി കച്ചവടം പോലും ഇത്തവണ നടന്നില്ലെന്നും ബ്രോഡ് വേയിലെ പടക്ക വ്യാപാരിയായ എ. റഫീഖ് പറഞ്ഞു.