വടകര: അഴിയൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വള്ളിക്കാട് ബാലവാടിയിലെ അമൃതയുടെ മരണത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന ആവശ്യം ശക്തം. ഇക്കാര്യം ഉന്നയിച്ച് നാട്ടുകാര്‍ അഴിയൂരില്‍ പ്രകടനം നടത്തി.വള്ളിക്കാട് ബാലവാടിയിലെ അമൃതയെ ശനിയാഴ്ച രാത്രി മുക്കാളി റെയില്‍വെ സ്റ്റേഷനടുത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നില്‍ ചിലരുടെ കരങ്ങളുണ്ടെന്ന പ്രചാരണം ശക്തമാണ്. അഴിയൂര്‍ എരിക്കിന്‍ചാലിലെ യുവാവ് പെണ്‍കുട്ടിയുമായി ചങ്ങാത്തം സ്ഥാപിച്ചിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സംസാരം.
ശനിയാഴച വൈകുന്നേരം വീട്ടില്‍ നിന്നിറങ്ങിയ അമൃതയെ അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് രാത്രി എട്ടരയോടെ മുക്കാളിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ചോമ്പാല എസ്‌ഐ പ്രജീഷിന്റെ നേതൃത്വത്തില്‍ പോലീസെത്തി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നലെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
ഇതിനു പിന്നാലെയാണ് വള്ളിക്കാട്ടെ നാട്ടുകാര്‍ സംഘടിതമായി എട്ടു കിലോമീറ്റര്‍ അകലെ അഴിയൂരിലെത്തി ബഹുജന ഐക്യവേദി എന്ന പേരില്‍ പ്രകടനം നടത്തിയത്. സമഗ്രമായ അന്വേഷണം വേണമെന്നും മരണത്തിനു കാരണക്കാരനായ യുവാവിനെ അറസ്റ്റു ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അഴിയൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനെ ചുറ്റിപറ്റി ഒരു കറക്കുസംഘം പ്രവൃത്തിക്കുന്നതായി പരാതിയുണ്ട്.
ഒരു ജോലിയും ചെയ്യാതെ സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്കു പിന്നാലെ കൂടുന്നത് ഇവരുടെ ശീലമാണ്. സ്‌കൂള്‍ വിട്ടുപോകുന്ന പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും പ്രണയം നടിച്ച് വശത്താക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചിരിക്കുകയാണ്. അമൃതയുടെ മരണം സംബന്ധിച്ച് പരാതി ലഭിച്ചില്ലെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്ന് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്‌കൂള്‍ പി.ടി.എ അടിയന്തരയോഗം ചേര്‍ന്ന് നടപടി തേടും.