ഇരിട്ടിയില്‍ കുഴല്‍പ്പണ വേട്ട;അരക്കോടി രൂപ പിടികൂടി ;മഹാരാഷ്്ട്ര സ്വദേശികള്‍ അറസ്റ്റില്‍

KNR-CURRENCY-ARESTകൂത്തുപറമ്പ്: ഇരിട്ടിയില്‍ വന്‍ കുഴല്‍പ്പണ വേട്ട. മതിയായ രേഖകളില്ലാതെ കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയാ യിരുന്ന അരക്കോടിയിലേറെ രൂപയുമായി മഹാരാഷ്ട്ര സ്വദേശികളായ രണ്ടുപേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.    മഹാരാഷ്ട്ര ഗോട്ടിയിലെ ഗനപൂരില്‍ രഞ്ജിത്ത് സാലംഗി (24), മഹാരാഷ്ട്ര സാംഗ്‌ളി ജില്ലയിലെ രാഹുല്‍ അധിക് രാച്ച ഗാട്ടുഗി (22) എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ പുലര്‍ച്ചെ 3.30 ന് ഇരിട്ടി പഴയ ബസ്്സ്റ്റാന്‍ഡിനു സമീപം കെഎസ്ആര്‍ടിസി ബസില്‍ കൂത്തുപറമ്പ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.വി.പ്രഭാകരനും സംഘവും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ശരീരത്തിന്റെ അരഭാഗത്ത് പ്രത്യേക അറയോടു കൂടിയ ജാക്കറ്റില്‍ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു പണം. നൂറിന്റേയും പുതിയ രണ്ടായിരത്തിന്റേയും നോട്ടുകള്‍ ഉള്‍പ്പെടെ 51,86,300 രൂപയാണ് കണ്ടെടുത്തത്.

ഇവയില്‍ ഏറെയും രണ്ടായിരത്തിന്റെ നോട്ടുകളാണ്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ സ്‌പെഷല്‍ സ്‌ക്വാഡ് നല്കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോസ്ഥരായ പി.കെ.സതീഷ് കുമാര്‍, പി.ജലീഷ്, കെ.കെ.ബിജു, കെ.ഇസ്മയില്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. ഇതിനു മുമ്പും പല തവണ ഇരുവരും അനധികൃതമായി പണം കടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളെയും പിടികൂടിയ പണവും ഇന്‍കം ടാക്‌സ് വിഭാഗത്തിനു കൈമാറി.

 

Related posts