2017 എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളുവെങ്കിലും പുതുവര്‍ഷം ആഗതമാകാന്‍ താമസമുണ്ടാവും എന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം 2016 ന് സാധാരണ വര്‍ഷങ്ങളേക്കാള്‍ ദൈര്‍ഘ്യം കൂടുതലുണ്ടത്രേ.
ദൈര്‍ഘ്യം കൂടുതലുണ്ടെന്ന് പറയുമ്പോള്‍ അത് മാസങ്ങളോ ദിവസങ്ങളോ മണിക്കൂറുകളോ ഒന്നുമല്ല. വെറും ഒരു സെക്കന്റാണ് 2016 ല്‍ മറ്റ് വര്‍ഷങ്ങളേക്കാള്‍ അധികമുള്ളത്. ഡിസംബര്‍ 31ന് രാത്രി 11:59 കഴിഞ്ഞ് 59 സെക്കന്റുകള്‍ കഴിഞ്ഞാണ് ഒരു സെക്കന്റ് അധികം ഉണ്ടാവുക. വ്യക്തമായി പറഞ്ഞാല്‍ 11:59:59 കഴിഞ്ഞാല്‍ 11:59:60 ആണ് ഔദ്യോഗിക ക്ലോക്കുകളില്‍ കാണിക്കുക. അതും കഴിഞ്ഞാണ് പുതുവര്‍ഷം ആഗതമാകുക.
ലീപ്പ് ഇയര്‍ എന്ന പേരില്‍ നാല് വര്‍ഷം കൂടുമ്പോളുണ്ടാകുന്ന അതിവര്‍ഷത്തില്‍ ഫെബ്രുവരിയില്‍ ഒരു ദിവസം അധികം വരുന്നതുപോലുള്ള ഒരു പ്രതിഭാസമാണിത്. ലീപ്പ് സെക്കന്റ് എന്നാണിതറിയപ്പെടുന്നത്. ലീപ്പ് സെക്കന്റ് സമ്പ്രദായം തുടങ്ങിയത് 1972 മുതലാണ്. കഴിഞ്ഞ 44 വര്‍ഷങ്ങളായി 27 സെക്കന്റുകളാണ് ഇത്തരത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഭൂമിയുടെ കറക്കവുമായി ബന്ധപ്പെട്ടാണ് ഈ അധിക സമയം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഈ അധിക സെക്കന്റുകൊണ്ട് പ്രശ്നമുണ്ടാകുന്നത് കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറുകള്ക്കാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പല വെബ്സൈറ്റുകള്‍ക്കും ഇത് മൂലം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ 2015ഓടെ ഇത്തരം പ്രശ്നങ്ങളെ നേരിടാന്‍ പാകത്തിനുള്ള സോഫ്റ്റ്വെയറുകള് നിലവില്‍ വന്നിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ജനജീവിതത്തെ ഒരു വിധത്തിലും ഈ അധിക സെക്കന്റ് ബാധിക്കില്ല. ഇതിനായി നാം ഒരു മുന്നറിയിപ്പും നടത്തേണ്ടതില്ല. നമ്മുടെ മൊബൈല്‍ ഫോണുകളും സമയമാറ്റത്തിനനുസരിച്ച് സ്വയം ക്രമീകരിക്കുകയും ചെയ്യും.