ന്യൂഡല്‍ഹി: കറന്‍സി രഹിത സമ്പദ് വ്യവസ്ഥയെന്നത് നടക്കാത്ത സുന്ദര സ്വപ്നമാണെന്നു തുറന്നുകാട്ടി പുതിയ സര്‍വേ. രാജ്യത്തെ 130 കോടി ജനങ്ങളില്‍ 95 കോടി ആളുകള്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമല്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. അസോചവും ഡെലോയിട്ടും സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങള്‍. ഇന്റര്‍ നെറ്റ് സേവനങ്ങള്‍ രാജ്യത്ത് വ്യാപകമാകുകയാണ്. എന്നാല്‍ ഇപ്പോഴും ബഹുഭൂരിപക്ഷത്തിനും ഇന്റര്‍ നെറ്റ് സേവനങ്ങള്‍ ലഭ്യമല്ലെന്നും പഠനം പറയുന്നു. ഇന്റര്‍നെറ്റ് ഡേറ്റാ നിരക്കുകള്‍ ലോകത്തെ തന്നെ ഏറ്റവും ചെലവ് ചുരുങ്ങിയതായിട്ടും സ്മാര്‍ട്ട്ഫോണ്‍ വില കുറഞ്ഞിട്ടും ഇപ്പോഴും ഇന്റര്‍നെറ്റ് സേവനം ഭൂരിപക്ഷം ആളുകള്‍ക്കും അന്യമാണ്.
ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്താണ്. 35 കോടിയാണ് നിലവില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം. ഈ കണക്കില്‍ ലോകത്ത് ചൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഡിജിറ്റല്‍ സാക്ഷരത വര്‍ധിപ്പിക്കാന്‍ പരിശീലനപരിപാടികള്‍ ആവശ്യമാണ്. സ്കൂള്‍, കോളജ്, സര്‍വകലാശാല എന്നിവിടങ്ങളിലൂടെ പരിശീലനം നല്‍കണം. ഡിജിറ്റല്‍ ഇന്ത്യയും സ്കില്‍ ഇന്ത്യയും കൈകോര്‍ത്ത് വേണം പരിശീലന പരിപാടികളും ഡിജിറ്റല്‍ പദ്ധതികളും രൂപീകരിക്കാനെന്നും പഠനം പറയുന്നു.