പനാജി: ഗോവയില്‍ ജെറ്റ് എയര്‍വേസിന്റെ ബോയിംഗ് 737 വിമാനം അപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. പനാജിക്കു സമീപമുള്ള ദബോലിം വിമാനത്താവളത്തില്‍നിന്നു പറന്നുയരാന്‍ തുടങ്ങുന്നതിനിടെ വിമാനം റണ്‍വേയില്‍നിന്നു തെന്നിനീങ്ങുകയായിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗം റണ്‍വേയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ഈ സമയം 154 യാത്രക്കാരും ഏഴു ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. കറങ്ങിനീങ്ങിയ വിമാനം 360 ഡിഗ്രി തിരിഞ്ഞശേഷമാണുനിന്നത്. ഇന്നലെ പുലര്‍ച്ച അഞ്ചു മണിയോടെയാണു സംഭവം. ദുബായിനിന്നു ഗോവ വഴി മുംബൈയിലേക്കു സര്‍വീസ് നടത്തുന്നതാണ് അപകടത്തില്‍പ്പെട്ട വിമാനം.
രക്ഷാപ്രവര്‍ത്തനത്തിനിടെ 15 യാത്രക്കാര്‍ക്കു നിസാര പരിക്കേറ്റതായി ജെറ്റ് എയര്‍വേസ് അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ മുന്‍ഭാഗം റണ്‍വേയില്‍ മുട്ടിയത് അപകടത്തിന്റെ ഗൗരവാവസ്ഥ വ്യക്തമാക്കുന്നതാണെന്നു വിദഗ്ധര്‍ പറയുന്നു. അപകടത്തെത്തുടര്‍ന്ന് രണ്ട് പൈലറ്റുമാരുടെ ലൈസന്‍സ് സസ്പന്‍ഡ് ചെയ്തു.
ഡല്‍ഹിയില്‍ റണ്‍വേയില്‍ നേര്‍ക്കുനേര്‍
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിന്റെ റണ്‍വേയില്‍ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ നേര്‍ക്കുനേര്‍ എത്തിയത് ആശങ്ക പരത്തി. പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നു വന്‍ ദുരന്തം ഒഴിവായി.
അപകടം മനസിലാക്കിയ പൈലറ്റുമാര്‍ വിമാനം ഉടന്‍ നിര്‍ത്തി. സംഭവം നടക്കുമ്പോള്‍ ഇന്‍ഡിഗോ വിമാനത്തില്‍ 160 യാത്രക്കാരും സ്‌പൈസ് ജെറ്റില്‍ 187 യാത്രക്കാരുമുണ്ടായിരുന്നു.
ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. ലക്‌നോയില്‍ നിന്നു വന്ന ഇന്‍ഡിഗോ ലാന്‍ഡിംഗിനു ശേഷം പാര്‍ക്കിംഗ് ബേയിലേക്ക് പോവുകയായിരുന്നു. ഇതിനിടെയാണ് ഹൈദരാബാദിലേക്കു പറന്നുയരാനായി സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയിലേക്ക് എത്തിയത്. ഒരേ റണ്‍വേയിലാണു രണ്ടു വിമാനങ്ങളുമെന്നു തിരിച്ചറിഞ്ഞ പൈലറ്റുമാര്‍ വേഗം കുറച്ചു നിയന്ത്രണവിധേയമാക്കിയശേഷം നിര്‍ത്തുകയായിരുന്നു.
എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എടിസി)നിന്നുള്ള നിര്‍ദേശങ്ങളിലെ പ്രശ്‌നമാണു കാരണമെന്നാണു പ്രാഥമിക വിവരം.
എടിസിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പൈലറ്റുമാര്‍ പ്രവര്‍ത്തിച്ചതെന്ന് ഇരു കമ്പനികളുടെയും വക്താക്കള്‍ അറിയിച്ചു. എതിര്‍ദിശയില്‍ വിമാനം വരുന്നതു പൈലറ്റ് എടിസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും സ്‌പൈസ് ജെറ്റ് വക്താവ് അറിയിച്ചു. ക്യാപ്റ്റന്‍ ഇന്‍ കമാന്‍ഡിന്റെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്ന് വിമാനത്തിന്റെ എന്‍ജിന്‍ ഓഫ് ചെയ്യുകയും വിവരം എടിസിയില്‍ അറിയിക്കുകയും ചെയ്തിരുന്നെന്ന് ഇന്‍ഡിഗോ അധികൃതരും അറിയിച്ചു.