അബുജ: നൈജീരിയയിലെ മെയ്ദുഗുരിയില്‍ കന്നുകാലിച്ചന്തയില്‍ സ്‌ഫോടനം നടത്താനെത്തിയ ബോക്കോ ഹറാം ഭീകരസംഘടനയിലെ പെണ്‍ചാവേറിനെ ജനക്കൂട്ടം മര്‍ദിച്ചുകൊന്നു. ചാവേര്‍ സ്‌ഫോടനം നടത്താനെത്തിയ പെണ്‍കുട്ടികളില്‍ ഒരാള്‍ കസുവാന്‍ ഷാനു മാര്‍ക്കറ്റിനു വെളിയില്‍ പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തില്‍ ഒരാള്‍ക്കു പരിക്കേറ്റു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി മാര്‍ക്കറ്റിനുള്ളിലേക്ക് ഓടിക്കയറിയെങ്കിലും സ്‌ഫോടനം നടത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ, ആളുകള്‍ പെണ്‍കുട്ടിയെ പിടിച്ചുകെട്ടി മര്‍ദിക്കുകയായിരുന്നു.
മെയ്ദുഗുരിയിലെ സാംബിസ വനത്തില്‍ ഭീകരരുടെ ഒളിത്താവളം കഴിഞ്ഞദിവസം സൈനികര്‍ തകര്‍ത്തിരുന്നു.
ഏഴുവര്‍ഷമായി ഭീകരസംഘടനകളുടെ പിടിയിലായിരുന്ന മെയ്ദുഗുരി കഴിഞ്ഞമാസമാണ് സൈന്യം തിരിച്ചുപിടിച്ചത്. ആഫ്രിക്കയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ നൈജീരിയയില്‍ ഏഴുവര്‍ഷത്തിനിടെ ഇരുപതുലക്ഷത്തോളം ആളുകള്‍ പലായനം ചെയ്തതായും 15,000 പേര്‍ മരിച്ചതായുമാണു റിപ്പോര്‍ട്ട്. അയല്‍രാജ്യങ്ങളായ നൈജറിലും കാമറൂണിലും ബോക്കോ ഹറാം ഭീകരാക്രമണങ്ങള്‍ നടത്തി വരികയാണ്.