മെല്‍ബണ്‍: ഐസിസിയുടെ ഏകദിന ടീമിന്റെ നായകനായതിനു പിന്നാലെ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന് വിരാട് കോഹ്ലിയെ തേടി മറ്റൊരു ആദരം കൂടി. ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ച ലോക ഏകദിന ഇലവനിലും നായകനായി തെരഞ്ഞെടുക്കപ്പെട്ടത് കോഹ്ലിയാണ്. ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനെ മറികടന്നാണ് കോഹ്ലി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ച ടീമിന്റെ ക്യാപ്റ്റനായത്. 2016ല്‍ 10 ഏകദിനങ്ങളില്‍ നിന്നായി 739 റണ്‍സാണ് കോഹ്ലിയുടെ ബാറ്റില്‍നിന്നു പിറന്നത്. ഈ വര്‍ഷം കളിച്ചതില്‍ 10 ഇന്നിംഗ്സുകളിലും 45 ഉം അധിലധികവും റണ്‍സ് കോഹ്ലി സ്വന്തമാക്കി. ഓസീസിനെതിരേ തുടര്‍ച്ചയായി രണ്ടു സെഞ്ചുറികള്‍ നേടിയ കോഹ്ലി ന്യൂസിലന്ഡിനെതിരേ പുറത്താകാതെ 154 റണ്‍സും നേടിയിരുന്നു.
ഇന്ത്യ പിന്തുടര്ന്നു വിജയിച്ച 59 കളികളില്‍ കോഹ്ലിയുടെ ബാറ്റിംഗ് ശരാശരി 90.10 ആണ്. അതുകൂടാതെ 20 വട്ടമാണ് കോഹ്ലി പുറത്താകാതെനിന്ന് ഇന്ത്യയെ വിജയപ്പിച്ചത്. ഇന്ത്യയില്‍ നിന്നും ജസ്പ്രിത് ബുംറ മാത്രമാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ടീമില്‍ ഇടംനേടിയത്. എട്ടു കളികളില്‍ നിന്നും 17 വിക്കറ്റുകളാണ് ബുംറ ഈ വര്‍ഷം നേടിയത്. ടീം: കോഹ്ലി(ക്യാപ്റ്റന്‍ ഇന്ത്യ), വാര്‍ണര്‍(ഓസ്ട്രേലിയ), ഡി കോക്(ദക്ഷിണാഫ്രിക്ക), സ്റ്റീവ് സ്മിത്ത്(ഓസ്ട്രേലിയ), ബാബര്‍ ആസാം(പാക്കിസ്ഥാന്), മിച്ചല്‍ മാര്‍ഷ്(ഓസ്ട്രേലിയ), ജോസ് ബട്ലര്(ഇംഗ്ലണ്ട്), ബുംറ(ഇന്ത്യ), താഹിര്‍(ദക്ഷിണാഫ്രിക്ക).