കോതമംഗലം: മോഷണ കുറ്റം ചുമത്തി ലാബ് ജീവനക്കാരിയായ യുവതിയെ മാനസികമായും ശാരീരികവുമായും പീഡിപ്പിച്ച കേസില്‍ ലാബുടമയെ റിമാന്‍ഡ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി തങ്കളം പൂവത്തുംചുവട്ടില്‍ അബ്ദുള്‍ നാസര്‍(38)ആണ് റിമാന്‍ഡിലായത്. സംഭവം വിവാദമായതോടെ രണ്ടാഴ്ചയോളം ഒളിവിലായിരുന്ന പ്രതിയെ ചൊവ്വാഴ്ച്ച ഉച്ചയോടെ കോതമംഗലത്തു നിന്നാണ് പോലീസ് അറസ്റ്റു ചെയ്തത്. കോതമംഗലം സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം പ്രതിയുടെ ഉടമസ്ഥയിലുള്ള നീതി ലാബില്‍ കഴിഞ്ഞ 16നായിരുന്നു സംഭവം. മോഷണക്കുറ്റം ചുമത്തി സ്ഥാപനത്തിലെ ജീവനക്കാരിയെ അബ്ദുള്‍നാസര്‍ ശാരീരിക-മാനസിക പീഡനത്തിനു വിധേയയാക്കുകയും സിറിഞ്ച്സൂചി കാലില്‍ കുത്തി മാരകമായ മുറിവ് ഏല്‍പ്പിച്ചെന്നുമാണ് കേസ്.
നാസര്‍ സ്ഥിരം പ്രശ്നക്കാരനാണെന്നാണ് സൂചന. ഇയാള്‍ക്ക് എറണാകുളം ജില്ലയില്‍ ആറോളം ലാബുകളുണ്ട്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള നീതി മെഡിക്കല്സിന്റെതെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ഇയാള്‍ തന്റെ ലാബുകളുടെ പേര് നീതി ലാബെന്നാക്കിയത്. മിക്ക ലാബുകളിലെയും ജീവനക്കാരിലേറെയും സ്ത്രീകള്‍ തന്നെയാണ്. അതേസമയം, പീഡനത്തിന് സിറിഞ്ച് കുത്തിക്കയറ്റാന്‍ നാസറിനെ സഹായിച്ചത് ഇയാളുടെ ഭാര്യ ഷഹ്നയാണ്. പെണ്‍കുട്ടിയെ പിടിച്ചുനിര്‍ത്തിയതും വസ്ത്രങ്ങളുരിഞ്ഞ് പരിശോധിച്ചതും ഇവരാണ്. ഷഹ്നയുടെ പേരില്‍ കേസെടുക്കാന്‍ പോലീസ് ഇതുവരെ തയാറായിട്ടില്ലെന്നാണ് സൂചന. ലാബിലെ മറ്റ് മൂന്നു ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് യുവതിയുടെ മൊഴി. ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടില്ല. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. നാസറിനെ അറസ്റ്റു ചെയ്യാന്‍ വൈകിയതില്‍ പോലീസിന്റെ ഒത്തുകളിയാണെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.
കഴിഞ്ഞ 16 നാണ് ലാബിലെ ജീവനക്കാരിയായ 18 വയസുകാരിയെ ഉടമ ഭീഷണിപ്പെടുത്തുകയും സിറിഞ്ചുകൊണ്ട് പരുക്കേല്‍പ്പിക്കുകയും ചെയ്തത്. സ്വകാര്യ കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടി പഠനാവശ്യത്തിന് പണം കണ്ടെത്തുന്നതിനായാണ് രാവിലെ 6.30 മുതല്‍ 10 വരെയുള്ള സമയത്ത് നവംബര്‍ ഏഴിന് ലാബില്‍ ജോലിക്ക് ചേര്‍ന്നത്. അച്ഛന് മരിച്ചുപോയ പെണ്‍കുട്ടിയുടെ വീട്ടില്‍ സഹോദരിയും അമ്മയും മാത്രമാണുള്ളത്. ഏതാനും ദിവസം മുമ്പു ജോലിക്കെത്തിയപ്പോള്‍ ഉടമ വന്നു സ്ഥാപനത്തില്‍നിന്ന് 26000 രൂപ കാണാതായിട്ടുണ്ടെന്നും പണം എടുത്തിട്ടുണ്ടോ എന്നും ചോദിച്ച് മോശമായി പെരുമാറി. ഇല്ലെന്ന് ആണയിട്ടുപറഞ്ഞിട്ടും സമ്മതിച്ചില്ലെങ്കില്‍ കേസ് കൊടുത്ത് ജയിലിലാക്കും എന്നു പറഞ്ഞു. ശാരീരികമായി വഴങ്ങാനും ആവശ്യപ്പെട്ടു. എതിര്‍ത്ത പെണ്‍കുട്ടിയോടു സിറിഞ്ചു കാട്ടി കുത്തുമെന്ന് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി കാല് വലിച്ചപ്പോള്‍ സിറിഞ്ച് തുടയില്‍ കുത്തിക്കയറി ഒടിയുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിട്ടുള്ളത്. കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം മോഷ്ടിച്ചതായി ഉടമ എഴുതി ഒപ്പിട്ടുവാങ്ങിയതായും പെണ്‍കുട്ടി പറയുന്നു.