സോഷ്യല്‍മീഡിയയില്‍ തന്റെ പ്രൊഫൈല്‍ പിക്ചറിന് താഴെ തെറിയഭിഷേകം നടത്തിയവര്‍ക്ക് മറുപടിയുമായി രാഹുല്‍ പശുപാലന് രംഗത്ത്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, സമൂഹത്തില്‍ നിന്നും ഒളിച്ചോടാനോ ആത്മഹത്യ ചെയ്യാനോ താനില്ലെന്നും രാഹുല്‍ വ്യക്തമാക്കുന്നു. ഇതില്‍ അസഹിഷ്ണുത ഉള്ളവര്‍ ദയവായി തങ്ങളില്‍ നിന്നും അകലം പാലിക്കണമെന്നും പശുപാലന് അഭ്യര്‍ഥിക്കുന്നുണ്ട്. നിരപരാധിത്വം തെളിയിക്കാനുള്ളത് കോടതിയില്‍ മാത്രമാണ്, അതിന് കഴിയുമെന്ന ആത്മവിശ്വാസവും ഉണ്ട്. ഇതുവരെ താന്‍ എന്തായിരുന്നോ അതായി തന്നെ തുടരുമെന്നും പശുപാലന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര് നായരും ഒരു വര്‍ഷത്തിനുശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായതോടെയാണ് കമന്റ് ബോക്സില്‍ തെറിവിളികള്‍ നിറഞ്ഞത്. ഇതോടെയാണ് വിശദീകരണവുമായി പശുപാലന് രംഗത്തെത്തിയത്. എന്നാല്‍ രാഹുലിന്റെ പോസ്റ്റിനു താഴെ തെറിവിളികളും രശ്മിയുടെ അര്ധനഗ്നചിത്രങ്ങളും പോസ്റ്റ് ചെയ്താണ് പലരും പ്രതികരിക്കുന്നത്.
രാഹുലിന്റെ പോസ്റ്റിന്റെ പ്രസക്തഭാഗങ്ങള്‍- തെറ്റൊന്നും ചെയ്തിട്ടില്ല എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് സമൂഹത്തില്‍ നിന്നും ഒളിച്ചോടാനോ ആത്മഹത്യ ചെയ്യാനൊ ഉദ്ദേശിക്കുന്നില്ല. ഇത്തരം ഗൗരവമേറിയ ഒരു കുറ്റകൃത്യത്തില്‍ ഞങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പങ്കുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്ന ആര്‍ക്കും വേണ്ടിയല്ല ഇതെഴുതുന്നത്. ബോധപൂര്‍വം ഒരു ഇമേജ് സൃഷ്ടിച്ചു അതില്‍ ജീവിക്കാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നതുകൊണ്ട് ഈ ആക്രമണം തെല്ലും അലട്ടുന്നുമില്ല. നിരപരാധിത്വം തെളിയിക്കാനുള്ളത് കോടതിയില്‍ മാത്രമാണ്. അതിനു കഴിയും എന്ന ആത്മവിശ്വാസവും ഉണ്ട്. ഞങ്ങള്‍ എന്തായിരുന്നു ഇതുവരെ അതുതന്നെയാകും തുടര്‍ന്നും അതില്‍ അസഹിഷ്ണുത ഉള്ളവര്‍ ദയവായി ഞങ്ങളില്‍ നിന്നും അകന്നു നില്ക്കുക.
പോലീസ് പറഞ്ഞതും പറയാത്തതും ആയ കഥകള്‍ നിറം പിടിപ്പിച്ചു എഴുതി എന്റെ അടുക്കളയിലെ കഴുകാത്ത പാത്രത്തിന്റെ എണ്ണം വരെ ലൈവ് റിപ്പോര്‍ട്ട് ചെയ്തവര്‍ കോടതില്‍ നടന്നതൊന്നും അറിഞ്ഞില്ല. അതില്‍ പരിഭവവുമില്ല, അങ്ങനെയൊക്കെയാണ് വ്യവസ്ഥിതികള്‍ എന്ന ബോധ്യമുണ്ട്. എല്ലാ തെളിവുകളും ശേഖരിച്ച ശേഷം അറസ്റ്റ് ചെയ്തു എന്ന് ആവര്‍ത്തിച്ചു പറഞ്ഞവര്‍ കേരളത്തില്‍ 14 മാസമായിട്ടും ഒരു കുറ്റപത്രം പോലും നല്‍കിയിട്ടില്ല. എന്ത് കഷ്ടപ്പെട്ടും നിയമ സഹായം നല്‍കും എന്ന് ഞങ്ങളുടെ അച്ഛനമ്മമാര്‍ തീരുമാനിച്ചില്ല എങ്കില്‍ ഒരുപക്ഷേ കുറ്റപത്രമോ വിചാരണയോ കൂടാതെ വര്‍ഷങ്ങളോളം തടവില്‍ കഴിഞ്ഞേനെ. ആരോപണങ്ങള്‍ തെളിയിക്കപ്പെടും വരെ ആരോപണങ്ങള്‍ മാത്രമാണ് എന്ന് ആവര്‍ത്തിച്ചു പറഞ്ഞു മനസിന് ധൈര്യം പകര്‍ന്നു ഒപ്പം നില്‍ക്കുകയും സത്യം എത്രയും വേഗം തെളിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മുന്‍പരിചയം ഉള്ളവരും ഇല്ലാത്തവരും ആയ എല്ലാ വലിയ മനുഷ്യരോടും അവസരങ്ങള്‍ ഉപയോഗപ്പെടുത്തി നേട്ടങ്ങള്‍ കൊയ്തവരോടും എല്ലാം സ്നേഹം മാത്രം.