ആരോഗ്യകരമായ തീരുമാനം..! ചാക്കിലെ ചരക്കിന്റെ തൂക്കം ജനുവരി ഒന്നു മുതല്‍ 55 കിലോ

KTM-LOADINGചങ്ങനാശേരി: കയറ്റിറക്കുമേഖലയില്‍ ചാക്കിലുള്ള ചരക്കിന്റെ തൂക്കം 55 കിലോയായി നിജപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങിയതായി സംസ്ഥാന ചുമട്ടുതൊഴിലാളി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ശ്രീലാല്‍ പറഞ്ഞു. ഒരു തൊഴിലാളിക്ക് കയറ്റിയിറക്കാവുന്ന ചാക്കിലെ ചരക്കിന്റെ തൂക്കം 55 കിലോയായി നിജപ്പെടുത്തണമെന്ന് ഇന്റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലും കേരളത്തിലും ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ഇതേത്തുടര്‍ന്നാണു ജനുവരി ഒന്നു മുതല്‍ ചാക്കിന്റെ തൂക്കം 55 കിലോയായി നിജപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയതെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.

ഇതുപ്രകാരം കേരളത്തിലേക്കു ചരക്കുകള്‍ കയറ്റിയയ്ക്കുന്ന പഞ്ചാബ്, മഹാരാഷ്ര്ട, ഹരിയാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്കു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സംബന്ധിച്ചു കത്ത് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാക്കിന്റെ തൂക്കം 55 കിലോയായി നിജപ്പെടുത്തുന്നതു തൊഴിലാളികളുടെ ആരോഗ്യത്തിന് ഗുണകരമാകുമെന്നാണു വിവിധ ട്രേഡ് യൂണിയനുകള്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, കൃത്യമായ അറിയിപ്പുകൂടാതെ ചാക്കിന്റെ തൂക്കം 55 ആക്കി നിജപ്പെടുത്തുന്ന നടപടി വ്യാപാരമേഖലയില്‍ പ്രതിസന്ധിക്കിടയാക്കുമെന്നാണു വ്യാപാര മേഖലയില്‍നിന്നുള്ള അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്.

Related posts