പ്രശ്‌നം ഗുരുതരം..! പത്തനാപുരത്ത് കെപിസിസി ഭാരവാഹികളെ തെരഞ്ഞെടുത്തതിനെതിരെ പൊട്ടിത്തെറി

TVM-CONGRESSപത്തനാപുരം : പുതിയ കെ പി സി സി ഭാരവാഹികളെ തെരഞ്ഞെടുത്തതില്‍ പത്തനാപുരത്തെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.പ്രാദേശികഘടകം ജില്ലാ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കും.മേഖലയിലെ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കാതെ പ്രാദേശിക പ്രവര്‍ത്തകരായ എ ആര്‍ ബഷീറിനെയും, റെജിമോന്‍ വര്‍ഗീസിനെയും കെ പി സി സി ഭാരവാഹികളായി തെരഞ്ഞെടുത്തതാണ് പാര്‍ട്ടിക്കുളളില്‍ പുതിയ പൊട്ടിത്തെറിക്ക് കാരണം.

കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ഇരുവരെയും കെ പി സി സി നിര്‍വാഹക സമിതിയിലേക്കും ഷിബു അമ്പഴവേലിനെ ജില്ലാ എക്‌സിക്യുട്ടീവിലേക്കും തെരഞ്ഞെടുത്തിരുന്നു. ഇതാണ് പത്തനാപുരത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്.തങ്ങളോട് കൂടിയാലോചിക്കാതെ  കെ പി സി സി പ്രസിഡന്റ് എടുത്ത തീരുമാനം ശരിയായില്ല എന്നാണ് പത്തനാപുരത്തെ കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. തെരഞ്ഞെടുത്തത് വി എം സുധീരന്‍ നേരിട്ടായതിനാല്‍ പരസ്യ പ്രസ്താവനയ്ക്ക് നേതാക്കള്‍ തയാറായിട്ടില്ല.

ഒരു വര്‍ഷം മുമ്പാണ് കേരള കോണ്‍ഗ്രസ് (ബി) പത്തനാപുരം നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന എ ആര്‍ ബഷീറും, മേലില മണ്ഡലം പ്രസിഡന്റായിരുന്ന റെജിമോന്‍ വര്‍ഗീസും പട്ടാഴിയില്‍ നിന്നുളള യുവജനസംഘടനാ നേതാവായിരുന്ന ഷിബു അമ്പഴവേലിയും രാജിവെച്ച് കോണ്‍ഗ്രസില്‍ എത്തിയത്. മേഖലയില്‍ സീനിയോറിട്ടിയുളള കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ടായിട്ടും അവരെയെല്ലാം ഒഴിവാക്കിയതും പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.കിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടികള്‍ പുതിയ അംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നതും നേതാക്കള്‍ക്കിടയില്‍ അമര്‍ഷം കൂട്ടുന്നുണ്ട്. പുതിയ ഭാരവാഹിത്വത്തെ ചൊല്ലി വരും ദിവസങ്ങളില്‍ കൂടുതല്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് സൂചന

Related posts