ചിറ്റൂര്‍: യുവതലമുറ മണ്ണില്‍ അധ്വാനിച്ച് കാര്‍ഷികമേഖലയെ പരിപോഷിപ്പിക്കണമെന്നും കാര്‍ഷികമേഖല തകര്‍ന്നാല്‍ മനുഷ്യനു നിലനില്പുണ്ടാകില്ലെന്നും സംസ്ഥാന കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ മുന്നറിയിപ്പുനല്‍കി. ജിവിഎച്ച്എസ്എസ്, ടിഎച്ച്എസ് ചിറ്റൂര്‍, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത്, ചിറ്റൂര്‍ എന്‍എസ്എസ് യൂണിറ്റ് പാടശേഖരസമിതികളുടെ സംയുക്താഭിമുഖ്യത്തില്‍ പട്ടഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളില്‍ നടന്ന അമൃതം പ്രദര്‍ശനപരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഐടി മേഖലയിലേക്ക് കുതിച്ചു പായുന്നവര്‍ക്കു പീഡന അനുഭവമാണുണ്ടാകുന്നത്. കാര്ഷികമേഖലയിലുള്ളവര്ക്കു സമാധാനത്തോടെ ജീവിക്കാനാകും. അച്ഛനമ്മമാരെപോലെ കൃഷിയെ പരിചരിക്കണമെന്നും കാര്‍ഷിക പുരോഗതിയാണ് സര്‍ക്കാരിന്റെയും ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.കാര്‍ഷികമേഖല പരഗതിയിലാണെന്ന വാദം തെറ്റാണ്. ഈ മേഖലയില്‍ സമ്പന്നരും കൂടുതലുണ്ട്. മുന്‍കാലത്ത് ജില്ലാ കളക്ടര്‍ 970 രൂപ വേതനം പറ്റിയിരുന്ന സമയത്ത് കര്‍ഷക കുടുംബം ശരാശരി ഒരു ലക്ഷം രൂപവരെ വരുമാനം നേടിയിരുന്നു.
പാലക്കട് മേഖലയില്‍ അനുഭവപ്പെടുന്ന നിലവിലുള്ള വരള്‍ച്ച സര്‍ക്കാര്‍ ഗൗരവമായി നിരീക്ഷിക്കുകയാണ്. നാളികേര കര്‍ഷകര്‍ക്കു നല്‍കാനുള്ള കുടിശികയുടെ എണ്‍പതുശതമാനം ഉടനേ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ശേഷിക്കുന്നത് ഒരാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യാനും കഴിയുമെന്ന് മന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.
ചടങ്ങില്‍ കെ.കൃഷ്ണന്‍കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസിദാസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. വി.മുരുകദാസ്, അഡ്വ. വി.ശില്പ, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയശ്രീ, വൈസ് പ്രസിഡന്റ് പി.എസ്.ശിവദാസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.സി.മാണിക്കന്, ഷാനി, കൊല്ലങ്കോട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ വി.ജി.പദ്മിനി സ്വാഗതവും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജി.പ്രിന്‍സി നന്ദിയും പറഞ്ഞു.പട്ടഞ്ചേരി സ്കൂളിനുമുന്നിലുള്ള വയലില്‍ യന്ത്രം ഓടിച്ച് മന്ത്രി നടീല്‍ നടത്തി. തന്നെ പഠിപ്പിച്ച അധ്യാപികയുടെ മകളായ സ്കൂള്‍ പ്രിന്‍സിപ്പല്‍ പദ്മിനി ആവശ്യപ്പെട്ടതനുസരിച്ചാണ് ജോലി തിരക്കുകള്‍ക്കിടയിലും അമൃതം പരിശീലന പരിപാടിയിലെത്തിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.