ഷൊര്‍ണൂര്‍: സര്‍ക്കാര്‍ പ്രസുകളില്‍ കലണ്ടര്‍, ഡയറി അച്ചടിയില്‍ വന്‍ക്രമക്കേടുകള്‍ കണ്ടെത്തി. അന്വേഷണം വിജിലന്‍സിന്. പ്രതിവര്‍ഷം നാലുലക്ഷം കലണ്ടറുകളാണ് സര്‍ക്കാര്‍ പ്രസുകളില്‍ പുതുവത്സരവുമായി ബന്ധപ്പെട്ട് അച്ചടിക്കുന്നത്. ഇതിനുപുറമേ വിവിധ വലിപ്പത്തിലുള്ള ഡയറികളും അച്ചടിക്കുന്നുണ്ട്.അച്ചടി നടക്കുന്ന ഷൊര്‍ണൂര്‍, മണ്ണന്തല, വാഴൂര്‍ പ്രസുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്.
കലണ്ടര്‍, ഡയറി അച്ചടിയുമായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. കൂടുതലായി ഇവ അച്ചടിച്ച് ജീവനക്കാര്‍ കൊണ്ടുപോകുന്നുവെന്നായിരുന്നു പ്രധാന പരാതി. കഴിഞ്ഞവര്‍ഷം ഇതുവഴി വന്‍നഷ്ടമാണ് സര്‍ക്കാരിനുണ്ടായത്. ജീവനക്കാര്‍ ഇതു രഹസ്യമായി വില്പന നടത്തി പണം സ്വരൂപിച്ചതായും ആക്ഷേപം ഉയര്‍ന്നിരുന്നു.
ഷൊര്‍ണൂര്‍ പ്രസില്‍ 50,000 വീതം കലണ്ടറുകള്‍ അച്ചടിക്കാനാണ് നിര്‍ദേശം. എന്നാല്‍ നിര്‍ദേശിച്ചതിലും കൂടുതലാണ് അച്ചടിക്കുന്നതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പ്രസുകളിലെ യന്ത്രങ്ങള്‍ അവിഹിതമായി കടത്തിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ടും ഉപയോഗയോഗ്യമായ യന്ത്രങ്ങള്‍പോലും ഉപയോഗരഹിതമാണെന്നു വരുത്തിത്തീര്‍ത്ത് ലേലം ചെയ്തുവിറ്റതുള്പ്പെടെയുള്ള കാര്യങ്ങളും ആരോപണവിധേയമാണ്.