ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ പണം വാരി പടമാകുമെന്ന് പ്രതീക്ഷിക്കുന്ന ദംഗല്‍ ബോക്സ് ഓഫീസ് റിക്കാര്‍ഡുകള്‍ ഓരോന്നായി തകര്‍ത്തു മുന്നേറുകയാണ്. ഇതിനോടകം തന്നെ മികച്ച ചിത്രമെന്ന അഭിപ്രായം നേടിയ ദംഗലിന്റെ വിജയത്തില്‍ അസന്തുഷ്ടിയുള്ള ഒരാളുണ്ട്. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതാ റെസലിങ് ടീമിന്റെ അഞ്ച് പരിശീലകരില്‍ ഒരാളായ പി ആര് സോന്ദിയാണു ദംഗല്‍ സിനിമയെ അതിരൂക്ഷമായി വിമര്‍ശിച്ച് രംഗത്തു വന്നിരിക്കുന്നത്. അന്ന് ഗീത ഫോഗട്ടിനെ പരിശിലിപ്പിച്ചത് സോന്ദിയായിരുന്നു. സിനിമയില്‍ തന്നെ മോശമായി ചിത്രികരിച്ചു എന്ന ആരോപണമാണ് സോന്ദി ഉന്നയിക്കുന്നത്.
സിനിമ മൂലം തന്റെ കരിയര്‍ നശിച്ചേക്കും എന്നും കഥയ്ക്ക് എരിവു പകരാന്‍ തന്നെ മോശക്കാരനാക്കുകയായിരുന്നെന്നും സോന്ദി ആരോപിക്കുന്നു. നടന്ന സംഭവം പോലെയാണു പലതും ചിത്രീകരിച്ചത്, അമിര്‍ ഖാനെ പോലൊരു നടനില്‍ നിന്ന് താന്‍ ഇങ്ങനെയൊരു നിലപാടു പ്രതീക്ഷിച്ചിരുന്നില്ല എന്നും തന്റെ അഭിഭാഷകരുമായി ഈക്കാര്യം സംസാരിച്ചിരുന്നു എന്നും സോന്ദി പറഞ്ഞു. അമീറിനെ നേരിട്ടു കണ്ട് തന്റെ നിലപാട് വ്യക്തമാക്കുമെന്നും ഇദ്ദേഹം പറയുന്നുണ്ട്.
സിനിമയുടെ ചിത്രീകരണത്തിനു മുമ്പ് ആമിര്‍ തന്നെ വന്നു കണ്ടു കുറച്ചു കാര്യങ്ങള്‍ പറഞ്ഞിരുന്നെങ്കിലും ക്ലൈമാക്സ് ഭാഗത്തെക്കുറിച്ചു പറഞ്ഞിരുന്നില്ല. തന്റെ കൈയില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് എന്തിനാണു സാങ്കല്പ്പികമായ കെട്ടുകഥ സിനിമയില്‍ ഉണ്ടാക്കിയത് എന്നാണ് സോന്ദി ചോദിക്കുന്നത്. തന്നെക്കുറിച്ചു മാത്രമല്ല മഹാവീറിനെക്കുറിച്ചു പരമാര്‍ശിക്കുന്നതിലും തെറ്റുകളുണ്ടെന്നും സോന്ദി ചൂണ്ടിക്കാട്ടി സിനിമയില്‍ കാണുന്ന പല രംഗങ്ങളും സത്യമല്ലെന്നും ഗീതയെ സ്വന്തം മകളെ പോലെയാണ് നോക്കിയതെന്നും സോന്ദി പറയുന്നു. തന്നെ വില്ലനാക്കിയപ്പോള്‍ അതില്‍ ഗീതയോ ഫോഗട്ട് കുടുംബത്തിലെ അംഗങ്ങളോ അതിനെതിരെ സംസാരിക്കാഞ്ഞത് ഞെട്ടിച്ചുകളഞ്ഞെന്നും ഇനി അവരുമായി തനിക്ക് യാതൊരു ബന്ധവും ഇല്ല എന്നും സോന്ദി പറഞ്ഞു.