ഓരോ വര്‍ഷവും പിറവി കൊടുക്കുന്നതു പുതു താരങ്ങളെയാണ്. അവരുടെ വീരോചിത കഥകള്‍ അടുത്ത വര്‍ഷങ്ങളില്‍ ഏറ്റുപാടും. ചിലര്‍ വെള്ളിവെളിച്ചത്തില്‍ നിറഞ്ഞുനില്ക്കുമ്പോള് ചിലര്‍ ഉദിച്ചു വരുന്ന പുത്തന്‍ താരോദയങ്ങള്‍ക്കു മുമ്പില്‍ വഴിമാറും. ഒളിമ്പിക്സും കോപ്പ അമേരിക്കയും യൂറോയും ട്വന്റി 20 ലോകകപ്പും അങ്ങനെ കായിക ലോകത്തിന്റെ സമസ്ത മേഖലകളും നിറഞ്ഞാടിയ വര്‍ഷമാണ് കഴിഞ്ഞു പോകുന്നത്. ഓരോ വര്‍ഷവും തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിലയുറപ്പിച്ചവര്‍ ഏറെയുണ്ട്. റിക്കാര്‍ഡുകള്‍ സ്ഥാപിക്കുന്നത് മികവിന്റെ അളവുകോലായി കരുതപ്പെടുന്ന സ്പോര്‍ട്സില്‍ തകര്‍ക്കാനാവാത്ത വിധം നേട്ടങ്ങളെ അടയാളപ്പെടുത്തിയവരുണ്ട്. പോരാട്ട വീര്യം കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും മാറ്റുകൂട്ടിയവരുണ്ട്. 2016നെ തങ്ങളുടെ വര്‍ഷമാക്കി മാറ്റിയ ചില താരങ്ങള്‍…
ഉസൈന്‍ ബോള്‍ട്ട്
കാരിരുമ്പിന്റെ കരുത്തുമായി ഇത്തവണയും ട്രാക്കിലെ രാജാവ് താന്‍തന്നെയെന്ന് ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് തെളിയിച്ചു. പ്രായം തളര്‍ത്താത്ത, വേഗത്തെ കാലില്‍ ആവാഹിച്ചു ബോള്‍ട്ട് മിന്നല്‍പിണറായപ്പോള്‍ റിയോ ഒളിമ്പിക്സില്‍ സ്വന്തമാക്കിയത് മൂന്നു സ്വര്‍ണം. 9.68 സെക്കന്‍ഡിന്റെ! നൂറ് മിറ്ററിലെ റിക്കാര്‍ഡ് പ്രകടനം മറികടക്കാനായില്ലെങ്കിലും എതിരാളികളില്ലാത്ത കുതിപ്പായിരുന്നു ബോള്‍ട്ട് കാഴ്ചവച്ചത്. 200 മീറ്ററിലും സ്വര്‍ണം സ്വന്തം പേരിലാക്കിയ ബോള്‍ട്ട് 4100 റിലേയിലൂം ബോള്‍ട്ടിന്റെ നേതൃത്വത്തിലുള്ള ജമൈക്കന്‍ ടീം സുവര്‍ണ നേട്ടത്തിലേക്കെത്തി. തുടര്‍ച്ചയായി മൂന്ന് ഒളിമ്പിക്സുകളിലും ട്രിപ്പിള്‍ തികയ്ക്കുക എന്ന അപൂര്‍വ നേട്ടത്തിനും ബോള്‍ട്ട് അവകാശിയായി. ചരിത്രത്താളില്‍ മൂന്ന് ഒളിമ്പിക്സില്‍ അപരാജിതനായ ആദ്യ മനുഷ്യനായാണ് ബോള്‍ട്ട് 2016നെ തന്റേതാക്കിയത്.
ആന്‍ഡി മുറെ
ടെന്നീസില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ ഉയര്‍ച്ച കണ്ട വര്‍ഷമാണ് 2016. റോജര്‍ ഫെഡററിനും റാഫേല്‍ നദാലിനും ശേഷം ടെന്നീസ് കോര്‍ട്ട് വാണ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിനെ പിന്നിലാക്കി മുറെ ലോക ഒന്നാം നമ്പര്‍ പദവിയിലേക്കെത്തി. വിംബിള്‍ഡണില്‍ രണ്ടാം കിരീടം സ്വന്തമാക്കിയതിനു പിന്നാലെ റിയോയില്‍ സ്വര്‍ണം നേടി ഒളിമ്പിക്സില്‍ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണം നേടുന്ന ആദ്യതാരമായി മുറെ മാറി. സീസണു വിരാമം കുറിക്കുന്ന എടിപി വേള്‍ഡ് ടൂര്‍ ഫൈനലിലും ആദ്യമായി കിരീടത്തില്‍ മുത്തമിട്ടു.
മോ ഫറ
അപ്രാപ്യമെന്നു തോന്നിയ കാര്യങ്ങളെ ഓടി തോല്‍പ്പിച്ചാണ് മോ ഫറ എന്ന ബ്രിട്ടീഷ് അത്ലറ്റ് റിയോ ഒളിമ്പിക്സില്‍ ഇരട്ട സ്വര്‍ണ നേട്ടത്തോടെ കളം വിട്ടത്. ദീര്‍ഘദൂര ഓട്ടത്തില്‍ ലാസെ വിരനു ശേഷം രണ്ടു ഒളിമ്പിക്സുകളില്‍ 5000, 10000 മീറ്റര്‍ സ്വര്‍ണം നേടുന്ന താരമാണ് ഫറ. 10,000 മീറ്ററില്‍ അമേരിക്കന്‍ താരം ഗാലന് റൂപ്പിന്റെ കാലില്‍ തട്ടി വീണ ഫറ, ബഹുദൂരം മുന്നിലായ എതിരാളികളെ പിന്നിലാക്കി ഫിനിഷിംഗ് ലൈനിലേക്കു കുതിച്ചെത്തിയത് അവിശ്വസനീയമായാണ് ലോകം കണ്ടുനിന്നത്.
സിമോണി ബൈല്‍സ്
ഒരു പത്തൊന്‍പതുകാരിക്കു എത്തിപ്പിടിക്കാനാവത്തതിലും ഏറെ നേടിയാണ് റിയോയില്‍നിന്നും അമേരിക്കന്‍ താരം സിമോണി ബൈല്‍സ് മടങ്ങിയത്. ജിംനാസ്റ്റിക്കില്‍ ബൈല്‍സ് സ്വന്തമാക്കിയത് നാലു സ്വര്‍ണവും ഒരു വെങ്കവുമായി. നിശ്ചദാര്‍ഢ്യത്തിന്റെയും കഷ്ടപ്പാടിന്റെയും വിജയമായാണ് ബൈല്‍സിന്റെ സുവര്‍ണ നേട്ടങ്ങളെ അടയാളപ്പെടുത്തിയത്. മയക്കുമരുന്നിന് അടിമകളായ മാതാപിതാക്കള്‍ക്ക് ജനിച്ച ബൈല്‍സിന്റെ ബാല്യം ഏറിയ പങ്കും കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രത്തിലായിരുന്നു.
വെയ്ഡ് വാന്‍ നീകെര്‍ക്ക്
നൂറ് മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട് സ്ഥാപിച്ചതു പോലെ ഒരിക്കലും തകര്‍ക്കാനാവില്ല എന്നു വാഴ്ത്തപ്പെട്ടതാണ് 400 മീറ്ററില്‍ ഇതിഹാസ താരം മൈക്കല്‍ ജോണ്സണ് 1999ല്‍ സ്ഥാപിച്ച റിക്കാര്‍ഡ്. 43.18 സെക്കന്‍ഡില്‍ 400 മീറ്റര്‍ ഓടിതീര്‍ത്ത് ജോണ്‍സണെ അധിക പ്രതീക്ഷകള്‍ ഒന്നുമില്ലാതെ വന്ന ദക്ഷിണാഫ്രിക്കന്‍ താരം വെയ്ഡ് വാന്‍ നീകെര്‍ക്ക് മറികടന്നു. 43.03 സെക്കന്‍ഡുകളിലായിരുന്നു നീകെര്‍ക്ക് ഫിനിഷിംഗ് ലൈന്‍ കടന്നത്.
ജോസഫ് സ്കോളിംഗ്
നീന്തല്‍ കുളത്തില്‍ മുങ്ങി പൊങ്ങിയപ്പോഴൊക്കെ സ്വര്‍ണവുമായെത്തിയ താരമാണ് അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്സ്. ഫെല്‍പ്സിനെ ആരാധിച്ച് സിംഗപ്പൂരില്‍നിന്നും അമേരിക്കയിലേക്കു കുടിയേറി അതേ ഫെല്‍പ്സിനെ പരാജയപ്പെടുത്തി റിയോയില്‍ അത്ഭുതം സൃഷ്ടിച്ച താരാമാണ് ജോസഫ് സ്കോളിംഗ്. അതും ഏഷ്യന്‍, ഒളിമ്പിക് റിക്കാര്‍ഡ് സ്വന്തം പേരിലാക്കി. സിംഗപൂരിന്റെ ആദ്യ ഒളിമ്പിക് സ്വര്‍ണമാണ് സ്കോളിംഗ് നീന്തിയെടുത്തത്.
കരോളിന മാരിന്
ബാഡ്മിന്റണില്‍ ചൈനയുടെയും ഏഷ്യന്‍ രാജ്യങ്ങളുടെയും അധിശത്വം അവസാനിപ്പിച്ചാണ് റിയോ ഒളിമ്പിക്സില്‍ കരോളിന മാരിന് സ്വര്‍ണം സ്വന്തമാക്കിയത്. ഒളിമ്പിക് ബാഡ്മിന്റണില്‍ സ്വര്‍ണം നേടുന്ന ആദ്യ യൂറോപ്യന്‍ താരമാണ് സ്പെയിനില്‍ നിന്നുള്ള മാരിന്. 2015 ജൂണില്‍ ലോക ഒന്നാം നമ്പറായ മാരിന് 17 മാസങ്ങളാണ് ഒന്നാം നമ്പര്‍ സ്ഥാനം കാത്തുസൂക്ഷിച്ചത്. സൂപ്പര്‍ സീരിസ് കിരീടങ്ങള്‍ വഴുതിപോയെങ്കിലും ബാഡ്മിന്റണില്‍ മാരിന് ഷോയുടെ വര്‍ഷമാണ് 2016. ഇന്ത്യയുടെ പി.വി. സിന്ധുവിനെ പരാജയപ്പെടുത്തിയാണ് മാരിന് ഒളിമ്പിക്സ് സ്വര്‍ണത്തില്‍ മുത്തമിട്ടത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
രാജ്യാന്തര കിരീടങ്ങള്‍ ഒന്നുപോലും നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരമെന്ന ചോദ്യത്തിനു 2016ന്റെ പകുതി വരെ രണ്ടു ഉത്തരങ്ങളെ ഉണ്ടായിട്ടുള്ളൂ, ലയണല്‍ മെസി അല്ലെങ്കില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യൂറോ 2016ല്‍ പോര്‍ച്ചുഗലിനെ കിരീടത്തിലേക്ക് നയിച്ച റൊണോ, രാജ്യാന്തര കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടില്ലെന്ന ചീത്തപ്പേര് മായ്ച്ചുകളഞ്ഞു. യൂറോയില്‍ ഒതുങ്ങി നില്ക്കുന്നതല്ല റൊണാള്‍ഡോയുടെ 2016ലേ നേട്ടങ്ങള്‍. ചാമ്പ്യന്‍സ് ലീഗിലും ലോക ക്ലബ് ലോകകപ്പിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും നേതൃത്വത്തില്‍ റയല്‍ മാഡ്രിഡ് സ്വന്തമാക്കി. മെസിയെ പിന്തള്ളി ബാലണ്‍ ഡി ഓര് പുരസ്കാരവും റൊണാള്‍ഡോ ഇത്തവണ സ്വന്തമാക്കി, റൊണോയുടെ നാലാമത്തെ ബാലണ്‍ ഡി ഓര് പുരസ്കാരം.
വിരാട് കോഹ്ലി
സച്ചിന് തെണ്ടുല്‍ക്കര്‍ക്കു ശേഷം ലോക ക്രിക്കറ്റിനെ ബാറ്റ് കൊണ്ടു വിസ്മയിപ്പിക്കുന്ന താരമായി മാറുകയായിരുന്നു ഇന്ത്യയുടെ വിരാട് കോഹ്ലി. ടെസ്റ്റില്‍ ഇന്ത്യ തുടര്‍വിജയങ്ങള്‍ നേടുമ്പോള്‍ കോഹ്ലിയുടെ ബാറ്റിംഗ് മികവിനൊപ്പം നായക മികവും ലോകം വാഴ്ത്തി. ഐസിസിയുടെ ലോക ഏകദിന ടീമിന്റെ നായകനായി തെരഞ്ഞെടുത്തതും വിരാട് കോഹ്ലിയെയാണ്.
ടെസ്റ്റില്‍ 2016ല്‍ 1215 റണ്‍സാണ് 18 ഇന്നിംഗ്സുകളില്‍ നിന്നും കോഹ്ലി അടിച്ചു കൂട്ടിയത്. കൂടാതെ രണ്ട് ഇരട്ട സെഞ്ചുറികളും അദ്ദേഹം സ്വന്തമാക്കി. ഏകദിനത്തില്‍ 10 ഇന്നിംഗ്സുകളില്‍ നിന്നും 739 ഉം ട്വന്റി 20യില്‍ 13 ഇന്നിംഗ്സുകളില്‍ നിന്നും 641 റണ്‍സും കോഹ്ലി നേടി.
വിജേന്ദര്‍ സിംഗ്
അമച്വര്‍ ബോക്സിംഗില്‍ നിരവധി നേട്ടങ്ങള്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും പ്രൊഫഷനല്‍ ബോക്സിംഗില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം ദയനീയമായിരുന്നു. അമച്വര്‍ ബോക്സിംഗില്‍ നിന്നും ചുവടു മാറി പ്രൊ ബോക്സിംഗിലെത്തിയ ഇന്ത്യയുടെ വിജേന്ദര്‍ ഏഴാം മത്സരത്തില്‍ ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് കിരീടം സ്വന്തമാക്കി. ഓസ്ട്രേലിയയുടെ കെറി ഹോപ്പിനെ പരാജയപ്പെടുത്തിയായിരുന്നു വിജേന്ദറിന്റെ വിജയം. ടാന്‍സാനിയയുടെ ഫ്രാന്‍സിസ് ചെക്കയെ തോല്‍പ്പിച്ചു കിരീടം നിലനിര്‍ത്തിയ വിജേന്ദര്‍ ഇതുവരെ കളിച്ച എട്ടു മത്സരങ്ങളിലും തോല്‍വിയറിഞ്ഞിട്ടില്ല. 2016ല്‍ കളിച്ച അഞ്ചു മത്സരങ്ങളിലും വിജേന്ദര്‍ വിജയിച്ചു.