തലശേരി: ഐഎസ് ബന്ധത്തെ തുടര്‍ന്ന് ഇന്ത്യയിലും വിവിധ അറബ് രാജ്യങ്ങളിലും ജയിലില്‍ കഴിയുന്ന യുവാക്കള്‍ പിടിയിലാകുന്നതിന് മുമ്പ് അറബി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന തലശേരി സ്വദേശിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി എന്‍ഐഎക്ക് സൂചന ലഭിച്ചു. ഐഎസ് ബന്ധം സംശയിച്ച് ചൊവ്വാഴ്ച എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത തലശേരി ചിറക്കര സ്വദേശിക്കാണ് ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത യുവാക്കളുമായി ബന്ധമുണ്ടെന്ന് എന്‍ഐഎക്ക് വിവരം ലഭിച്ചത്.
വിശദമായി ചോദ്യം ചെയ്യുന്നതിനായി ഇന്ന് കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് എത്താന്‍ ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇയാളുടെ ഗ്രൂപ്പിന്റെ തലവനെക്കുറിച്ചും എന്‍ഐഎ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളുള്‍പ്പെടെ നിരവധി പേരെ മതാചാരമനുസരിച്ച് ജീവിക്കാന്‍ സിറിയയില്‍ പോകണമെന്ന് ഇയാള്‍ നിര്‍ബന്ധിച്ചിരുന്നുവത്രെ. ആവശ്യം ബന്ധുക്കള്‍ നിരസിച്ചതായും മംഗലാപുരത്തു നിന്നും ഐഎസിലേക്ക് റിക്രൂട്ട്ചെയ്യപ്പെട്ട ഒരു യുവാവ് ഇയാളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും എന്‍ഐഎ കണ്ടെത്തിയതായി അറിയുന്നു.
നാട്ടിലെ പള്ളികളിലൊന്നും ഇയാള്‍ പോയിരുന്നില്ല. ഇവിടുത്തെ പള്ളികള്‍ നമസ്ക്കാരത്തിന് പറ്റിയതല്ലെന്ന നിലപാടായിരുന്നു ഇയാള്‍ക്ക്. അറബി വസ്ത്രം ധരിച്ച് നടന്നിരുന്ന ഇയാള്‍ ഇവിടെയൊന്നും യാഥാര്‍ഥ മുസ്ലീങ്ങള്‍ ഇല്ലെന്നും വാദിച്ചിരുന്നു. മരണനാന്തര ജീവിതത്തിന്റെ പരിശീലനത്തിനായി ഇരുട്ടുമുറിയില്‍ കഴിയുക പതിവായിരുന്നുവെന്നും ഇയാളുമായി അടുത്ത് ഇടപഴകിയിരുന്നവര്‍ രാഷ്ട്രദീപികയോട് പറഞ്ഞു. ഡിവൈഎസ്പി അബ്ദുള്‍ ഖാദറിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘം ചൊവ്വാഴ്ച ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. രാവിലെ പതിനൊന്നൊടെ എത്തിയ സംഘം വീടും പരിസരവും അരിച്ചുപെറുക്കി. വിവിധ ഘട്ടങ്ങളിലായി ആറ് മണിക്കൂര്‍ സമയമാണ് ഇയാളെ എന്‍ഐഎ സംഘം ചോദ്യം ചെയ്തത്.
എന്‍ഐഎ സംഘം എത്തിയതറിഞ്ഞ് വന്‍ജനം വീടിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു.ലോക്കല്‍ പോലീസ് ജനങ്ങളെ വീട്ടിനുള്ളിലേക്ക് കടത്തി വിടാതെ ഗേറ്റടച്ചു കാവല്‍ നിന്നു. ഉച്ചയ്ക്ക് രണ്ടുവരെ വീട്ടില്‍വച്ച് ചോദ്യം ചെയ്ത ശേഷം പിന്നീട് ഡിവൈഎസ്പി ഓഫീസിലേക്ക് കൊണ്ടുവരികയായിരുന്നു.
തുടര്‍ന്ന് വൈകുന്നേരം അഞ്ചുവരെ ഇവിടെവച്ചും ചോദ്യം ചെയ്യുകയും ഇന്ന് രാവിലെ പത്തിന് കൊച്ചി എന്‍ഐഎ ഓഫീസില്‍ ഹാജരാകുന്നതിനുള്ള നോട്ടീസ് നല്‍കിയശേഷം വിട്ടയയ്്ക്കുകയുമായിരുന്നു. തീവ്രവാദ കേസില്‍ അറസ്റ്റിലായ ചിലരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്പത്തിയേഴുകാരനായ ഇയാളെ ചോദ്യം ചെയ്തിട്ടുള്ളതെന്നാണ് അറിയുന്നത്. യുറോപ്യന്‍ രാജ്യങ്ങളിലും അറബ് രാജ്യങ്ങളിലും പാചക വിദഗ്ദനായും അറബ് പരമ്പര്യ ചികില്സകനായും പ്രവര്‍ത്തിച്ചിട്ടുള്ള ഇയാള്‍ ഇപ്പോള്‍ തലശേരി ചിറക്കര സീതി സാഹിബ് റോഡില്‍ താമസിച്ചുവരികയായിരുന്നു.