കായംകുളം: വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ അവയവങ്ങള്‍ അഞ്ചുപേര്‍ക്കു പ്രാണന്റെ തുടിപ്പാകുന്നു. കായംകുളം കണ്ടല്ലൂര്‍ മോനിഷ് ഭവനില്‍ മോനിഷി (33) ന്റെ അവയവങ്ങളാണ് കൊച്ചിയിലും കോട്ടയത്തും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചുപേര്‍ക്ക് ദാനം ചെയ്യുന്നത്. കൊച്ചിയിലെ വിപിഎസ് ലേക്ഷോര് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രി 11ന് മോനിഷിന്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. മോനിഷ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ കേരള സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ അവയവദാനത്തിനുള്ള സമ്മതപത്രം ഒപ്പിട്ടുകൊടുത്തിരുന്നതാണ്.
ബന്ധുക്കള്‍ ആ വിവരം ആശുപത്രി അധികൃതര്‍ക്കു കൈമാറുകയും അവയവദാനത്തിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം കായംകുളം ഐക്യജംഗ്്ഷന് സമീപമാണ് മോനിഷും സുഹൃത്ത് ബിനുവും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടമുണ്ടായത്. അപകട സ്ഥലത്തു വച്ചുതന്നെ ബിനുവിനു മരണം സംഭവിച്ചു.
ഗുരുതര പരിക്കേറ്റ മോനിഷിനെ എറണാകുളത്തെ ലേക്ഷോര് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു ഇടതു വൃക്ക വിപിഎസ് ലേക്്ഷോര് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൊച്ചി ഇളംകുളം സ്വദേശിക്കും വലതുവൃക്ക കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ കഴിയുന്ന കോട്ടയം കല്ലറ സ്വദേശിക്കും കണ്ണുകള്‍ അങ്കമാലി ലിറ്റില്‍ഫ്ളവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേര്‍ക്കും ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ ഒല്ലൂര്‍ സ്വദേശിക്കുമാണ് നല്‍കിയത്.
ബുധനാഴ്ച പുലര്‍ച്ചെ പൊലീസ് ഒരുക്കിയ ഗ്രീന്‍ കോറിഡോറിലൂടെ അവയവങ്ങള്‍ സുരക്ഷിതമായി വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി.വെല്‍ഡര്‍ ജോലികള്‍ ചെയ്തുള്ള മോനിഷിന്റ്റെ വരുമാനമായിരുന്നു കുടുംബത്തിന്റ്റെ ഏക ആശ്രയം.മോനിഷിന്റെ പിതാവ് റോഡപകടത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരുവര്‍ഷമായി ചികിത്സയിലാണ്. മോനിഷിന്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍ നടത്തും.