മകരവിളക്കിന് കെഎസ്ആര്‍ടിസി 1000 ബസുകള്‍ സര്‍വീസ് നടത്തും

ktm-ksrtc-lപത്തനംതിട്ട: ശബരിമല മകരവിളക്ക് ദിവസം കെഎസ്ആര്‍ടിസിയുടെ ആയിരം ബസുകള്‍ സര്‍വീസ് നടത്തും. ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന കെഎസ്ആര്‍ടിസി െ്രെഡവര്‍മാര്‍ക്ക് പരമാവധി വിശ്രമം നല്‍കാന്‍ നടപടിയുണ്ടാകും.കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട സാഹചര്യത്തിലാണിത്. ബസുകളുടെ എണ്ണം വര്‍ധിപ്പിച്ച് െ്രെഡവര്‍മാരുടെ ജോലിഭാരം കുറയ്ക്കാനാണ് ശ്രമം.

പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മകരവിളക്ക് ഒരുക്കങ്ങള്‍ സംബന്ധിച്ച അവലോകന യോഗത്തിലാണ് തീരുമാനം. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പത്തനംതിട്ടയില്‍ നഗരസഭ പാര്‍ക്കിംഗ് സൗകര്യമൊരുക്കും.മകരവിളക്ക് ദിനങ്ങളില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് ശബരിമലയുടെ അനുബന്ധ പഞ്ചായത്തുകളില്‍ പ്രത്യേക സംഘത്തെ രൂപീകരിക്കും.

സന്നിധാനത്ത് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിക്ക് ജില്ലാ കളക്ടര്‍ കത്ത് നല്‍കും. മകരവിളക്കിന് കൂടുതല്‍ ആംബുലന്‍സുകളുടെ സേവനം ഉറപ്പുവരുത്തും. വിവിധ ഇടത്താവളങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും ആംബുലന്‍സുകള്‍ ഉണ്ടാകും. സന്നിധാനത്തെ ആശുപത്രിയോട് ചേര്‍ന്ന് 25 കിടക്കകള്‍ ഇടുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനു ദേവസ്വത്തിന് കത്ത് നല്‍കും.

തിരുവാഭരണ ഘോഷയാത്ര നടക്കുന്ന ദിവസങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തും. മകരജ്യോതി കാണുന്നതിന് തീര്‍ഥാടകര്‍ എത്തുന്ന സ്ഥലങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തും. ഇലവുങ്കല്‍, നെല്ലിമല, അയ്യന്‍മല എന്നിവിടങ്ങളില്‍ പൊതുമരാമത്ത് നിരത്തുവിഭാഗം ബാരിക്കേഡുകള്‍ സ്ഥാപിക്കും. ശബരിമലയിലേക്കുള്ള റോഡിലെ തകര്‍ന്ന ബാരിക്കേഡുകള്‍ നന്നാക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കും. മകരവിളക്ക് ദിവസം അയ്യപ്പസേവാ സംഘത്തിന്റെ 500 സ്‌ട്രെച്ചര്‍ വോളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കും.ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ജി.ബാബു, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related posts