തിരുവില്വാമല: തുലാവര്‍ഷം ചതിച്ചതിനാല്‍ കതിരണിഞ്ഞ പാടശേഖരങ്ങള്‍ കാലികള്‍ക്ക് തീറ്റയാകുന്നു. തിരുവില്വാമല പഞ്ചായത്തിലെ ആക്കപ്പറമ്പ് പാടശേഖരത്തിലാണ് മകരക്കൊയ്ത്ത് കന്നുകാലികള്‍ നടത്തുന്നത്. മഴ ഇല്ലാത്തതിനാല്‍ നടീല്‍ കഴിഞ്ഞ് വിണ്ടു കീറിയ പാടങ്ങളില്‍ കര്‍ഷകര്‍ കാലികളെ മേയ്ക്കാന്‍ വിട്ടിരിക്കുന്ന കാഴ്ച ദയനീയമാണ്. ഏക്കര്‍ കണക്കിന് പാടങ്ങളാണ് ഇങ്ങനെ ഉണക്ക് ഭീഷണി നേരിടുന്നത്.
കടമെടുത്തും ആഭരണങ്ങള്‍ പണയപ്പെടുത്തിയും കൃഷി ഇറക്കിയ കര്‍ഷകര്‍ ആശങ്കയിലാണ്. നോട്ട് പ്രതിസന്ധിയും സഹകരണ ബാങ്കുകളിലെ പ്രശ്നങ്ങള്‍ കൂടി ആയതോടെ ആത്മഹത്യയുടെ വക്കിലാണ് കര്‍ഷകര്‍. പഞ്ചായത്തിലെ കരുവാകുണ്ട്, കാട്ടിയന്ചിറ ഭാഗങ്ങളില്‍ കാട്ടുമൃഗങ്ങളുടെ ശല്യം മൂലം ഏക്കര്‍ കണക്കിന് നെല്‍വയലുകള്‍ കര്‍ഷകര്‍ തരിശിട്ടിരുന്നു. ഒന്നാം വിളയും മുണ്ടകന്‍ കൃഷിയും സമൃദ്ധമായി വിളഞ്ഞിരുന്ന പാടശേഖരങ്ങളാണ് കഴിഞ്ഞ രണ്ട് മൂന്നു വര്‍ഷമായി കാട്ടുചെടികളും പുല്ലും വളര്‍ന്ന് കാട് പിടിച്ച് കിടിക്കുന്നത്.
കൃഷിയിറക്കിയ പാടശേഖരങ്ങളുടെ സ്ഥിതി ഇങ്ങനെയും. മിക്കവാറും പാടശേഖരങ്ങളില്‍ ഉണക്കുഭീഷണിയും പന്നിശല്യവും മാത്രമല്ല കൊയ്തെടുത്ത നെല്ല് സിവില്‍ സപ്ലൈസ് കോര്പറേഷന് സമയത്ത് സംഭരിക്കാത്തതും കര്‍ഷകര്‍ക്ക് ദുരിതമാവാറുണ്ട്. പലപ്പോഴും സംഭരിച്ച നെല്ലിന് പണം ലഭിക്കാനും കാലതാമസം നേരിടുന്നു.
കാര്‍ഷിക മേഖലയായ ഇവിടെ വിളഞ്ഞുനില്ക്കേണ്ട പാടങ്ങള്‍ വിണ്ടുണങ്ങിയ നിരാശയിലാണ് കര്‍ഷകര്‍. മരകക്കൊയ്ത്ത് പാട്ടും ചടുലതാളവും മുഴങ്ങേണ്ട പാടങ്ങളില്‍ ഇത്തവണ കര്‍ഷകരുടെ രോധനമാണ് മുഴങ്ങുന്നത്.