തിരുവനന്തപുരം: പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും എതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന സിപിഎം നേതാവ് വി.എസ് അച്യുതാനന്ദന്. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിരോധിച്ച നോട്ടിന്റെ വിലയാണ് നാട്ടിലെ ജനങ്ങള്‍ നല്‍കുകയെന്ന് അദ്ദേഹം പറഞ്ഞു. മോദിയും കേന്ദ്ര സര്‍ക്കാരും നോട്ടു നിരോധനമെന്ന അസംബന്ധ തീരുമാനത്തില്‍നിന്നും പിന്നോട്ടുപോകണമെന്നും വി.എസ് ആവശ്യപ്പെട്ടു. നോട്ട് നിരോധനത്തിനെതിരായി സംസ്ഥാന വ്യാപകമായി ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീര്‍ഘ വീക്ഷണമില്ലാതെ ഭരണാധികാരികള്‍ പ്രവര്‍ത്തിച്ചാലുണ്ടാകുന്ന ഭവിഷത്തുകളാണ് രാജ്യം ഇപ്പോള്‍ നേരിടുന്നത്. മോദിയുടെ പ്രഖ്യാപനങ്ങള്‍ പലതും പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മോദി പറഞ്ഞതു പ്രകാരമാണെങ്കില്‍ കള്ളപ്പണക്കാര്‍ മുഴുവന്‍ ഇപ്പോള്‍ ജയിലും തീവ്രവാദികള്‍ മുഴുവന്‍ നാമം ജപിച്ച് വീട്ടിലിരിക്കുകയും ചെയ്യണം. എന്നാല്‍ ഇത്തരത്തില്‍ ഒരു വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജനങ്ങളുടെ പണം പിടിച്ചുവച്ച മോദി വന്‍ വ്യവസായികളുടെ കടം എഴുതിത്തള്ളിയിരിക്കുകയാണ്. മോദി പറഞ്ഞത് താന്‍ രാജ്യത്തിനു വേണ്ടി കുടുംബം ഉപേക്ഷിച്ചെന്നാണ്. ശരിയാണ്, അതിനാല്‍ ആ കുടുംബം രക്ഷപെട്ടു. രാജ്യം കുട്ടിച്ചോറാകുകയും ചെയ്തെന്നും വി.എസ് പരിഹസിച്ചു. ജനങ്ങളെ കാഷ് ലെസ് ആക്കിയ മോദിയേയും ബിജെപിയേയും വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നിഷ്കാസനം ചെയ്യുമെന്നും വി.എസ് പറഞ്ഞു.