തിരൂര്‍: തിരൂരിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത വിദേശ വനിതയുടെ പരാക്രമം ഏറെ നേരം പരിഭ്രാന്തി പരത്തി. തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ സ്വകാര്യ ഹോട്ടലിലാണ് ഓസ്ട്രിയന്‍ സ്വദേശിയായ മോണിക്ക (70) ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചത്.
ബുധനാഴ്ച വൈകീട്ട് തിരൂര്‍ പോലീസ് ആണ് ഇവര്‍ക്ക് തിരൂരിലെ ഹോട്ടലില്‍ മുറിയെടുത്തു കൊടുത്തത്. എന്നാല്‍ മുറിയെടുത്ത ദിവസം ഹോട്ടലിലും ഇന്നലെ രാവിലെയോടെ ഹോട്ടലിനു പുറത്തും പരാക്രമം നടത്തുകയായിരുന്നു ഇവര്‍. മുറിയിലെ ജനല്‍ ചില്ലുകളും ഫര്‍ണിച്ചറുകളും പ്ലാസ്റ്റിക്ക് പൂക്കളും മറ്റു ഇന്റിരീയര്‍ വസ്തുക്കളും തകര്‍ത്തായിരുന്നു തുടക്കം.
താമസിച്ചിരുന്ന മുറിയില്‍ നിന്ന് വസ്ത്രമില്ലാതെ ഹോട്ടലിനുള്ളില്‍ ഇവരെ അതിരാവിലെ കണ്ടതോടെയാണ് ജീവനക്കാര്‍ സംഭവം അറിയുന്നത്. തുടര്‍ന്ന് അല്‍പ്പവസ്ത്രധാരിയായി ഇവര്‍ പുറത്തേക്കു ഇറങ്ങിഓടുകയും ചെയ്തു. വിവരമറിഞ്ഞ് ഹോട്ടല്‍ മാനേജ്‌മെന്റ് അംഗങ്ങളെത്തി പോലീസിനെ വിളിച്ചെങ്കിലും ഇവരെ കീഴടക്കാന്‍ പാടുപെട്ടു. തിരൂര്‍ റെയില്‍വെ സ്റ്റേഷനിലേക്കാണ് ഹോട്ടലില്‍ നിന്നു ഇവര്‍ ഇറങ്ങിയോടിയത്.
തിരൂര്‍ എസ്‌ഐ കെ.ആര്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് എത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇതിനിടെ എസ്‌ഐയുടെ മുഖത്തേക്ക് വെള്ളക്കുപ്പിയും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വാങ്ങിയ ബിസ്കറ്റും എറിയുകയും ചെയ്തു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പോലീസ് ഇവരെ കീഴ്‌പ്പെടുത്തിയത്.
ഒടുവില്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദേശ വനിതയെ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം പോലീസ് ഹോട്ടലിലെത്തിച്ച് നാശനഷ്ടങ്ങള്‍ മനസിലാക്കി കൊടുത്തു. ഒടുവില്‍ നഷ്ടപരിഹാരമായി 2000 രൂപ ഹോട്ടല്‍ മാനേജ്‌മെന്റിന് നല്‍കിയ ശേഷം ഇവര്‍ ആവശ്യപ്പെട്ടതനുസരിച്ച് പോലീസ് എറണാകുളത്തേക്ക് ട്രെയിനില്‍ കയറ്റി വിട്ടു.