തല്ലും തലോടലുമായി 2016

YEAR-Lഇന്ത്യന്‍ ജനതയ്ക്ക് വലിയ ഞെട്ടലും ബുദ്ധിമുട്ടും നല്കി 2016 കടന്നുപോകുന്‌പോള്‍ ഒരു വശത്ത് സന്തോഷത്തിന്‍റെ നിമിഷങ്ങളും ലഭിച്ചിട്ടുണ്ട്, ജിയോയുടെ രൂപത്തിലൂടെ. എങ്കിലും ഇന്ത്യന്‍ ധനകാര്യ മേഖലയിലുണ്ടായ വലിയ ജയപരാജയങ്ങളും വിവാദങ്ങളും കുറവല്ല. 2016ലെ ചില പ്രധാന വാര്‍ത്താവിഷയങ്ങളിലേക്ക് ഒരു എത്തിനോട്ടം.

ഡിമോണിറ്റൈസേഷന്‍

കഷ്ടപ്പാടിന്‍റെ 50 ദിനങ്ങള്‍: രാജ്യത്തെ കള്ളപ്പണവും ഭീകരപ്രവര്‍ത്തനങ്ങളും തുടച്ചുനീക്കുമെന്ന പ്രഖ്യാപനത്തോടെ പ്രധാനമന്തി നരേന്ദ്ര മോദി നവംബര്‍ എട്ടിന് ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ റദ്ദാക്കി. കറന്‍സി റദ്ദാക്കലില്‍ രാജ്യം അന്പരന്നപ്പോള്‍ അമേരിക്കന്‍ പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത അതോടെ ഏവരും തിരസ്കരിച്ചു. രാജ്യത്തെ 86 ശതമാനം കറന്‍സികളും മൂല്യമില്ലാതായപ്പോള്‍ പ്രതിസന്ധിയിലായത് രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ മാത്രം.

റദ്ദായ നോട്ടുകള്‍ ഇന്ന് പൂര്‍ണമായി വിടവാങ്ങുന്‌പോള്‍ പകരം വേണ്ടത്ര കറന്‍സികള്‍ ഇല്ലാതെ ബാങ്കുകളും ജനങ്ങളും ഇനിയെന്ത് എന്ന് ഉറ്റുനോക്കുന്നു. ജനങ്ങള്‍ ഇപ്പോള്‍ രണ്ടു തട്ടിലാണെന്നുള്ളത് കറന്‍സി റദ്ദാക്കലിന്‍റെ മറ്റൊരു വശം. ഒരു കൂട്ടര്‍ റദ്ദാക്കലിനെ അനുകൂലിക്കുന്‌പോള്‍ മറ്റൊരു കൂട്ടര്‍ നേരിടേണ്ടിവന്ന യാതനകള്‍ ചൂണ്ടിക്കാട്ടി എതിര്‍ക്കുന്നു. എങ്കിലും അടുത്തുവരുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കറന്‍സി റദ്ദാക്കലിന്‍റെ വിലയിരുത്തലായിരിക്കുമെന്നാണ് അവസാന നിഗമനം.

റിലയന്‍സ് ജിയോ

എല്ലാം സൗജന്യം: എല്ലാം സൗജന്യം എന്ന പ്രഖ്യാപനത്തോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി കൊണ്ടുവന്ന റിലയന്‍സ് ജിയോ ഇന്‍ഫോകോം രാജ്യത്തെ ഞെട്ടിച്ചത് 2016ലെ മറ്റൊരു ഓര്‍മ. സെപ്റ്റംബര്‍ അഞ്ചു മുതല്‍ രാജ്യത്ത് സേവനം തുടങ്ങിയ ജിയോ മാര്‍ച്ച് 31 ആകുന്‌പോഴേക്കും പത്തു കോടി വരിക്കാരെ നേടും എന്നതാണ് മുകേഷ് അംബാനിയുടെ സ്വപ്നം.

വിളിയും 4ജി ഡാറ്റയും സൗജന്യമായി നല്കി ഇന്ത്യയെ മാത്രമല്ല ലോകത്തെത്തന്നെ ജിയോ ഞെട്ടിച്ചു. അതിവേഗം അഞ്ചുകോടി വരിക്കാരെ നേടി റിക്കാര്‍ഡും കരസ്ഥമാക്കി. നേരത്തെ ഡിസംബര്‍ 31 വരെ ഡാറ്റയും വിളിയും വെല്‍കം ഓഫറിലൂടെ സൗജന്യമായി നല്കിയത് ഇപ്പോള്‍ ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരില്‍ 2017 മാര്‍ച്ച് 31 വരെയായി നീട്ടി. ഇതിനെതിരേ ടെലികോം റെഗുലേറ്ററായ ട്രായി നടപടിയും എടുത്തിട്ടുണ്ട്. ടെലികോം സേവനദാതാക്കളില്‍ മറ്റാര്‍ക്കും ഇതുവരെ നല്കാന്‍ കഴിയാത്ത ഡാറ്റാ സര്‍വീസാണ് ജിയോ ജനങ്ങളിലെത്തിച്ചത്. ഇതോടെ മറ്റു കന്പനികളും ഡാറ്റാ നിരക്ക് കുറച്ചു.

ടാറ്റഡോകോമോ വിവാദം

ജാപ്പനീസ് ടെക് ഭീമനായ ഡോകോമോയും ടാറ്റാ ടെലി സര്‍വീസും പങ്കാളികളായത് 2009ലാണ്. 240 കോടി ഡോളറിന്‍റെ കരാറില്‍ ടാറ്റാ ടെലി സര്‍വീസിന്‍റെ 26.5 ശതമാനം ഓഹരികള്‍ ഡോകോമോ വാങ്ങി. അഞ്ചു വര്‍ഷം പിന്നിട്ടപ്പോള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാത്തതിനാല്‍ ടാറ്റാ ഗ്രൂപ്പ് ഓഹരികള്‍ തിരിച്ചുവാങ്ങി. ഡോകോമോ 2009ല്‍ വാങ്ങിയ ഓഹരിവിലയുടെ 50 ശതമാനംവച്ച് നല്കാമെന്നായിരുന്നു ടാറ്റായുടെ നിലപാട്. ഇതിനെതിരേ ഡോകോമോ കോടതിയെ സമീപിച്ചു. ലണ്ടന്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ വരെ ചെന്നെത്തിയ കേസില്‍ ജൂണില്‍ 117 കോടി ഡോളര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ടാറ്റാ ഗ്രൂപ്പ് ഡെപ്പോസിറ്റ് ചെയ്തു.

ആ കേസ് ഏറെക്കുറെ അവസാനിച്ചെങ്കിലും ടാറ്റാ സണ്‍സും സൈറസ് മിസ്ത്രിയും തമ്മിലുള്ള പോര് അവിടെ തുടങ്ങി.

ചരക്ക്‌സേവന നികുതി

നാളെ നാളെ നീളെ നീളെ: നാളെ നാളെ നീളെ നീളെ എന്ന രീതിയില്‍ നീണ്ടു പോകുന്ന ചരക്ക്‌സേവന നികുതി. 2010 മുതല്‍ ആരംഭിച്ച ഈ നീക്കിവയ്ക്കല്‍ ഇക്കൊല്ലം ഏറെക്കുറെ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഡിസംബര്‍ 21 മുതല്‍ 23 വരെ നടന്ന ചര്‍ച്ചയില്‍ ജിഎസ്ടിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇനി ജനുവരി മൂന്ന്, നാല് തീയതികളില്‍ ചര്‍ച്ച നടക്കും. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്നു മുതല്‍ ജിഎസ്ടി നടപ്പിലാവില്ല.

ആര്‍ഐഎല്‍ഒഎന്‍ജിസി തര്‍ക്കം

പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍റെ (ഒഎന്‍ജിസി) കൃഷ്ണഗോദാവരിയിലെ വാതകപ്പാടത്തുനിന്ന് പ്രകൃതിവാതകം ചോര്‍ത്തിയതിന്‍റെ പേരില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 155 കോടി ഡോളര്‍ (10,500 കോടി രൂപ) പിഴയിട്ടു. 2009 ഏപ്രില്‍ ഒന്നു മുതല്‍ റിലയന്‍സ് ഗോദാവരിയില്‍നിന്ന് വാതകം ചോര്‍ത്തുന്നുവെന്ന് 2013 ജൂലൈയില്‍ ഒഎന്‍ജിസി തെളിവു സഹിതം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണ്‍സിനു പരാതി നല്കി. 2014 മേയ് 15ന് ഒഎന്‍ജിസി ഡല്‍ഹി ഹൈക്കോടതിയില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പിന്നീട് കേന്ദ്ര പെട്രോളിയംപ്രകൃതിവാതക മന്ത്രാലയവും നടപടിയെടുത്തു. പിന്നീട് 2016 നവംബര്‍ മൂന്നിനാണ് മന്ത്രാലയം 10,500 കോടി രൂപയുടെ പിഴയിട്ടത്.

സിംഗൂര്‍ സംഭവം

രത്തന്‍ ടാറ്റായുടെ സ്വപ്നപദ്ധതിയായ നാനോ കാറിന്‍റെ പേരിലാണ് പശ്ചിമബംഗാളിലെ സിംഗൂര്‍ രാജ്യശ്രദ്ധ നേടിയത്. 2008ല്‍ നാനോ പ്ലാന്‍റ് നിര്‍മിക്കാനായി 997 ഏക്കര്‍ കൃഷിഭൂമി അന്നത്തെ സര്‍ക്കാര്‍ വഴി ടാറ്റാ ഏറ്റെടുത്തു. നിരവധി പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോയി. എട്ടു വര്‍ഷത്തിനു ശേഷം മുഖ്യമന്ത്രി മമത ബാനര്‍ജി സ്ഥലമേറ്റെടുക്കലിനെതിരേ പോരാടി. ടാറ്റാ സ്ഥലമേറ്റെടുത്തതില്‍ നിയമലംഘനം കണ്ടെത്തിയ സുപ്രീം കോടതി അത് തിരിച്ചുപിടിക്കാന്‍ 2016 ഓഗസ്റ്റ് 31നു നിര്‍ദേശം നല്കി. ഇതനുസരിച്ച് ബാനര്‍ജി സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് കര്‍ഷകര്‍ക്ക് തിരിച്ചു നല്കി.

മിസ്ത്രിടാറ്റാ പോര്

149 വര്‍ഷത്തെ പാരന്പര്യമുള്ള ടാറ്റാ ഗ്രൂപ്പിന് കയ്‌പേറിയ അനുഭവങ്ങളുമായാണ് 2016 കടന്നുപോകുന്നത്. കന്പനികളിലെ പ്രശ്‌നങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഗ്രൂപ്പിന്‍റെ തലപ്പത്തുള്ള തമ്മിലടിയാണ് ടാറ്റാ ഗ്രൂപ്പിന് ഏറ്റവും വലിയ തലവേദനയായത്. ഒക്‌ടോബര്‍ 24ന് സൈറസ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറ്റി രത്തന്‍ ടാറ്റാ ഇടക്കാല ചെയര്‍മാന്‍ ആയതു മുതല്‍ പോരും വിവാദങ്ങളും തുടങ്ങി. പിന്നീട് മിസ്ത്രിയെ ടാറ്റാ സണ്‍സിന്‍റെ കീഴിലുള്ള എല്ലാ കന്പനികളുടെയും മേധാവിസ്ഥാനത്തുനിന്നു നീക്കിയെന്നു മാത്രമല്ല ഡയറക്ടര്‍ ബോര്‍ഡില്‍നിന്നു നീക്കാന്‍ ഓഹരിയുടമകളുടെ പ്രത്യേക യോഗവും ടാറ്റാ ഗ്രൂപ്പ് വിളിച്ചു.

വിജയ് മല്യയുടെ രക്ഷപ്പെടല്‍

രാജ്യം കണ്ട ഏറ്റവും വലിയ വായ്പാതട്ടിപ്പായിരുന്നു വിജയ് മല്യയുടേത്. വിവിധ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത 9000 കോടി രൂപയോളം തിരിച്ചു നല്കാതെ ഒരു അപ്രതീക്ഷിത രക്ഷപ്പെടല്‍. മല്യയുടെ ധൂര്‍ത്തിന്‍റെയും ആഡംബരത്തിന്‍റെയും അനന്തരഫലം. ലണ്ടനിലേക്ക് മുങ്ങിയ മല്യയെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരും സിബിഐയും ശ്രമിച്ചെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. പാസ്‌പോര്‍ട്ട് റദ്ദാക്കുകയും അറസ്റ്റ് ചെയ്യാന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്ക്കുകയും ചെയ്തു. എങ്കിലും ഇപ്പോഴും പിടികിട്ടാപ്പുള്ളിയായി മല്യ സസുഖം വാഴുന്നു.

ഓഡ്ഈവന്‍ പദ്ധതി

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ജനുവരി ഒന്നിന് കൊണ്ടുവന്ന പദ്ധതി. ലോകാരോഗ്യ സംഘടനയുടെ ലോകത്തില്‍ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹിയും ഉള്‍പ്പെട്ടതോടെയാണ് കേജരിവാള്‍ ഇങ്ങനൊരു തീരുമാനമെടുത്തത്. പദ്ധതിയനുസരിച്ച് സ്വകാര്യ വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ നന്പര്‍ അനുസരിച്ച് ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മാത്രമേ നിരത്തിലിറങ്ങാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. പൊതുജനങ്ങളുടെ ഭാഗത്തുനിന്നും പിന്തുണ സര്‍ക്കാരിനു ലഭിച്ചു. എങ്കിലും ഉദ്ദേശിച്ച രീതില്‍ മലിനീകരണം കുറയാത്തതിനാല്‍ നേരിയ മാറ്റത്തോടെ ഏപ്രില്‍ 15 മുതല്‍ 30 വരെ രണ്ടാം ഘട്ടവും നടന്നു.

2016ലെ വലിയ സ്റ്റാര്‍ട്ടപ് ഫണ്ടിംഗുകള്‍

സ്റ്റാര്‍ട്ടപ് ട്രാക്കിംഗ് കന്പനിയായ ട്രാക്‌സന്‍റെ കണക്കനുസരിച്ച് 2016ല്‍ 924 സ്റ്റാര്‍ട്ടപ് കന്പനികള്‍ക്ക് ഫണ്ടിംഗ് ലഭിച്ചു. 389 കോടി ഡോളറിന്‍റെ ഫണ്ടിംഗാണ് ഈ വര്‍ഷമുണ്ടായത്. 2015ല്‍ 904 കന്പനികള്‍ക്കായി 754 കോടി ഡോളറിന്‍റെ ഫണ്ടിംഗ് ലഭിച്ച സ്ഥാനത്താണ് ഈ കുറവ്. ഫണ്ടിംഗ് ലഭിച്ച പ്രധാന കന്പനികള്‍

1. ഇബിബോ: ദക്ഷിണാഫ്രിക്കന്‍ ഗ്ലോബല്‍ ഇന്‍റര്‍നെറ്റ് ആന്‍ഡ് മീഡിയാ കന്പനി നാസ്‌പേര്‍സ് നല്കിയ 25 കോടി ഡോളറാണ് ഏറ്റവും വലിയ ഫണ്ടിംഗ്. ഓണ്‍ലൈന്‍ ട്രാവല്‍ വെബ്‌സൈറ്റാണ് ഇബിബോ.
2. സ്‌നാപ്ഡീല്‍: ഫെബ്രുവരിയില്‍ സ്‌നാപ്ഡീലിന് കാനഡയില്‍നിന്ന് 20 കോടി ഡോളറിന്‍റെ ഫണ്ടിംഗ്. ഒന്‍റോറിയോ ടീച്ചേഴ്‌സ് പെന്‍ഷന്‍ പ്ലാനാണ് ഈ ഫണ്ടിംഗ് നടത്തിയത്.
3. ഹൈക്ക്: വാട്ട്‌സ് ആപ്പിനു ബദലായി ഇന്ത്യയില്‍ നിര്‍മിച്ച ഇന്‍സ്റ്റന്‍റ് മെസേജിംഗ് സംവിധാനമാണ് ഹൈക്ക് മെസെഞ്ചര്‍. ചൈനീസ് ഇന്‍റര്‍നെറ്റ് ഭീമനായ ടെന്‍സെന്‍റ്, നിര്‍മാണ കന്പനി ഫോക്‌സ്‌കോണ്‍ എന്നിവയുടെ 17.5 കോടി ഡോളറിന്‍റെ നിക്ഷേപം ഓഗസ്റ്റില്‍.
4. ബിഗ് ബാസ്കറ്റ്: യുഎഇ ആസ്ഥാനമായുള്ള ആബ്രാജ് ഗ്രൂപ്പിന്‍റെ 15 കോടി ഡോളര്‍ നിക്ഷേപം.
5. കാര്‍ ട്രേഡ്: കാര്‍ ക്ലാസിഫൈഡ് സൈറ്റായ കാര്‍ െ്രെടഡിന് 14.5 കോടി ഡോളറിന്‍റെ ഫണ്ടിംഗ്. ടെമാസേക് ഹോള്‍ഡിംഗ്‌സാണ് നിക്ഷേപകര്‍.

ഐബി

Related posts