രണ്ടേരണ്ട് ചിത്രങ്ങളിലൂടെ മലയാളിപ്രേക്ഷകരുടെ അതില്‍ പ്രത്യകിച്ച് യുവാക്കളുടെ ഇഷ്ട സംവിധായകനായി മാറിയ ആളാണ് അല്‍ഫോന്‍സ് പുത്രന്. നേരം, പ്രേമം എന്നിവയായിരുന്നു ആ ചിത്രങ്ങള്‍.
2015 ല്‍ പുറത്തിറങ്ങിയ പ്രേമത്തിന്ശേഷം അല്‍ഫോന്‍സിന്റേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം ഏതായിരിക്കുമെന്ന ആകാംക്ഷയിലായിരുന്നു ആരാധകരും ഒപ്പം മലയാള സിനിമാ ഇന്‍ഡസ്ട്രിയും. ഏതാനും ചില വാര്‍ത്തകള്‍ വന്നു എന്നല്ലാതെ പുതിയ പ്രോജക്ടുകളൊന്നും അല്‍ഫോന്‍സിന്റേതായി 2016ല്‍ ഇറങ്ങിയില്ല. എന്നാല്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ അല്‍ഫോന്‍സ് ഒരു ചോദ്യം ചോദിച്ചു. നേരമോ പ്രേമമോ ഹിന്ദിയില്‍ എടുക്കാന്‍ തൂീരുമാനിച്ചാല് ഏത് കാണാനാണ് പ്രേക്ഷകര്‍ക്ക് താത്പ്പര്യമെന്ന്. എന്നാല്‍ അതൊരു റീമേക്ക് ആയിരിക്കില്ലെന്നും പുതിയ കഥ ഉള്‍പ്പെടുത്തുമെന്നും അല്‍ഫോന്‍സ് പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നുംതന്നെ വെളിച്ചം കണ്ടില്ല എന്നതാണ് സത്യം.
അല്‍ഫോന്‍സിന്റെ അടുത്ത സിനിമയേക്കുറിച്ച് പുതിയ ചില സൂചനകളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. അത് ശരിയാണെങ്കില്‍ മമ്മൂട്ടിയാവും അല്‍ഫോന്‍സിന്റെ പുതിയ ചിത്രത്തിലെ നായകന്. നിര്‍മ്മാണച്ചെലവിലും ഉയര്‍ന്ന സിനിമയായിരിക്കും ഇതെന്നാണറിയുന്നത്. ഈ വര്‍ഷം തന്നെയാവും ചിത്രീകരണവും.