എരുമേലി: ശബരിമല തീര്‍ഥാടകരുടെ പരമ്പരാഗത കാനനപാതയില്‍ ഒരിക്കലും വറ്റാതിരുന്ന കരിമലകയറ്റത്തിലെ കിണറും വറ്റിവരണ്ടു. ഇതോടെ ഇവിടെ അന്നദാനം മുടങ്ങിയത് അഞ്ച് ദിവസം. ഗുരുമൂര്‍ത്തി ചെട്ടിയാര്‍ സ്വാമിയാണ് കാനനപാതയിലെ ദുര്‍ഘടമായ കരിമലയില്‍ മുടങ്ങാതെ തീര്‍ഥാടനകാലങ്ങളില്‍ അന്നദാനം നടത്തുന്നത്. വെള്ളം വറ്റി അന്നദാനം മുടങ്ങിയതോടെ തമിഴ്നാട്ടില്‍ നിന്നുള്ള തൊഴിലാളികളെ കൊണ്ടുവന്ന് കിണറ്റിലെ പാറ പൊട്ടിച്ച് ജലസ്രോതസ് കണ്ടെത്താന്‍ ശ്രമം ആരംഭിച്ചെങ്കിലും ഇത് വിജയിക്കുമെന്ന പ്രതീക്ഷ കുറവാണ്.
വിവരമറിഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഇടപെട്ട് കരിമല കയറ്റത്തിന് ഒന്നര കിലോമീറ്റര്‍ താഴെ ഉറവയില്‍ നിന്ന് വലിയ പ്ലാസ്റ്റിക് ടാങ്കുകളില്‍ വെള്ളം സംഭരിച്ച് രണ്ട് സ്ഥലങ്ങളിലായി മോട്ടോര്‍ സ്ഥാപിച്ച് കരിമല കയറ്റത്തിലേക്ക് വെള്ളമെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി.
ദേവസ്വം ചീഫ് എന്‍ജിനിയര്‍ ശങ്കരന് പോറ്റിയുടെ നിര്‍ദേശപ്രകാരമാണ് ദേവസ്വം – വനം വകുപ്പുകളുടെ സഹകരണത്തോടെ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളം കൊണ്ടുവരുന്നത് നിരോധിച്ചതിനാല്‍ അയ്യപ്പഭക്തര്‍ക്ക് വനസംരക്ഷണ സമിതിയുടെയും ഇക്കോ ഡെവലപ്മെന്റ് സൊസൈറ്റിയുടെയും കടകളില്‍ നിന്നു ലഭിക്കുന്ന വെള്ളം മാത്രമാണ് ആശ്രയം. ഇതാകട്ടെ അങ്ങ് ദൂരെനിന്നു തലച്ചുമടായി എത്തിക്കുകയാണ്. ഇത് കച്ചവടക്കാരുടെ ആവശ്യത്തിന് തികയുന്നുമില്ല. ചുരുക്കത്തില്‍ ഇത്തവണ കാനനപാതയില്‍ കുടിവെള്ളമാണ് ഭക്തരെ അലട്ടിക്കൊണ്ടിരിക്കുന്നത്. വെള്ളവും വെളിച്ചവും വൈദ്യസഹായവും കാനനപാതയില്‍ പല സ്ഥലങ്ങളിലും ഇല്ല. ഇഞ്ചിപ്പാറ, മുക്കുഴി ഭാഗങ്ങളില്‍ വെളിച്ചമില്ല. കഴിഞ്ഞയിടെ ഇവിടെവച്ച് അയ്യപ്പഭക്തനെ പോക്കറ്റടിച്ചെന്ന പരാതിയുണ്ടായി.
വെള്ളാരം ചെറ്റ, പുതുശേരി ഭാഗങ്ങളില്‍ വൈദ്യസഹായമില്ല. കരിമലയുടെ അതികഠിനമായ കയറ്റത്ത് താത്കാലിക ഡിസ്പെന്‍സറി ഉണ്ടെങ്കിലും ഓക്സിജന്‍ പാര്‍ലര്‍ ഇല്ല. അടിയന്തരമായി ഇവിടെ ഓക്സിജന്‍ പാര്‍ലര്‍ സ്ഥാപിക്കണമെന്ന് ആരോഗ്യവകുപ്പിനോട് ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. കാനനപാത ആരംഭിക്കുന്ന കോയിക്കക്കാവിലാണ് ഒരു ഓക്സിജന്‍ പാര്‍ലര്‍ ഉള്ളത്. ഇത് ഇവിടെ നിന്നു മാറ്റി വനത്തിനുള്ളിലേക്ക് സ്ഥാപിക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയായിട്ടില്ല.
അഴുത, മുക്കുഴി, കരിമല, വലിയാനവട്ടം എന്നിവിടങ്ങളിലെല്ലാം ജലദൗര്‍ലഭ്യം തീര്‍ഥാടന യാത്രയ്ക്ക് കടുത്ത ദുരിതമാണ് സൃഷ്ടിച്ചിരിക്കുന്നത്. പാതയിലെങ്ങും വെള്ളമെത്തിക്കാന്‍ വനംവകുപ്പിന്റെ പക്കല്‍ വിപുലമായ സംവിധാനങ്ങളില്ല. പാത ആരംഭിക്കുന്ന കോയിക്കക്കാവില്‍ ഇന്നലെ ടാങ്ക് സ്ഥാപിച്ച് വനംവകുപ്പിന്റെ ജലവിതരണം ആരംഭിച്ചത് മാത്രമാണ് ആകെ സ്വീകരിച്ച നടപടി.