കൊല്ലം: പുനലൂരില്‍ നിന്നും കൊല്ലം, കോട്ടയം, എറണാകുളം വഴി പാലക്കാട്ടേക്ക് നിര്‍ദ്ദേശിക്കപ്പെട്ട എക്‌സ്പ്രസ് ട്രെയിന്‍ ജനുവരി മാസം രണ്ടാം വാരത്തോടു കൂടി ഓടി തുടങ്ങാന്‍ തീരുമാനിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. നേരത്തെ പുനലൂരില്‍ നിന്നും എറണാകുളത്തേക്ക് അനുവദിച്ച എക്‌സ്പ്രസ്സ് ട്രെയിനാണ് പാലക്കാട്ടേക്ക് നീട്ടാന്‍ തീരുമാനിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന വേണാട് എക്‌സ്പ്രസിന് സമാനമായ എക്‌സ്പ്രസ് ട്രെയിന്‍ സര്‍വ്വീസാണ് പുനലൂരില്‍ നിന്നും രാവിലെ പാലക്കാട്ടേക്ക് ആരംഭിക്കുന്നത്.
പുനലൂര്‍, കൊട്ടാരക്കര, കുണ്ടറ മേഖലകളിലെ യാത്രക്കാര്‍ക്ക് രാവിലെ എറണാകുളം ഭാഗത്തേക്കും അവിടെ നിന്ന് പുനലൂരിലേക്കും വരുവാന്‍ ഒരു ട്രെയിന്‍ സര്‍വീസ് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുനലൂരില്‍ നിന്നും ഒരു പുതിയ എക്‌സ്പ്രസ് ട്രെയിന്‍ അനുവദിച്ച് കിട്ടിയതെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.നിര്‍ദ്ദിഷ്ട പുനലൂര്‍- പാലക്കാട് എക്‌സ്പ്രസ് ട്രെയിന്‍ സമയത്തില്‍ സതേണ്‍ റെയില്‍വേയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങാന്‍ കാലതാമസം വന്നത്.
തുടക്കത്തില്‍ 22 സ്റ്റോപ്പുകളാണ് ഈ ട്രെയിന് വേണ്ടി സതേണ്‍ റെയില്‍വേ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 24 ജനറല്‍ കോച്ചുകളും രണ്ട് സ്ലീപ്പര്‍ കോച്ചുകളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഈ എക്‌സ്പ്രസ് ട്രെയിന്‍ മധ്യതിരുവിതാംകൂറിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കൊല്ലം- പുനലൂര്‍ സെക്ഷനില്‍ തന്റെ ശ്രമഫലമായി ആരംഭിക്കുന്ന നാലാമത്തെ ട്രെയിനാണ് പുനലൂര്‍- പാലക്കാട് എക്‌സ്പ്രസ് ട്രെയിന്‍. ഈ എക്‌സ്പ്രസ്സ് ട്രെയിന് പാലരുവി എക്‌സ്പ്രസ് ട്രെയിന്‍ എന്ന പേര് നല്‍കണമെന്ന് റെയില്‍വേ ബോര്‍ഡിനോട് അഭ്യര്‍ത്ഥിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
പുനലൂര്‍-ഗുരുവായൂര്‍, പുനലൂര്‍-കന്യാകുമാരി, പുനലൂര്‍- മധുര എന്നീ ട്രെയിനുകള്‍ തന്റെ സമ്മര്‍ദ്ദ ഫലമായിട്ടാണ് ആരംഭിച്ചത്. ഈ ട്രെയിനുകള്‍ എല്ലാം യാത്രക്കാരുടെ തിരക്കുകൊണ്ട് ജനപ്രീയ ട്രെയിനുകളായി മാറിയിരിക്കുകയാണ്. നാലാമത്തെ ട്രെയിന്‍ കൂടി ഓടി തുടങ്ങിയാല്‍ ട്രെയിന്‍ യാത്രയില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന പുനലൂര്‍, കൊട്ടാരക്കര, കുണ്ടറ എന്നീ ഭാഗത്തെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആവശ്യത്തിന് ട്രെയിന്‍ സൗകര്യം ലഭിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.