ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഭരണം കണ്ണൂരുകാരുടെ നിയന്ത്രണത്തിലാണെന്നതിന് ഇക്കുറിയും മാറ്റമുണ്ടായില്ല. തെരഞ്ഞെടുപ്പിനു മുമ്പു തന്നെ എല്‍ഡിഎഫിനു ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയനെന്നു സിപിഎം പ്രഖ്യാപിക്കാതെ പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിച്ച് എല്‍ഡിഎഫ് ഭരണം പിടിച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രി സ്ഥാനം കണ്ണൂര്‍ ഉറപ്പിച്ചിരുന്നു. നായനാര്‍ക്കും കരുണാകരനും പിന്മുറക്കാരനായി പിണറായി വിജയന് മുഖ്യമന്ത്രിയായപ്പോള്‍ അത് കണ്ണൂരിന്റെ അഭിമാനമായി. മുഖ്യമന്ത്രിയെ കൂടാതെ ഇ.പി ജയരാജന്, കെ.കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്, എ.കെ ശശീന്ദ്രന് എന്നിവരാണു 2016 മേയ് 25നു മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയതത്.
കണ്ണൂരില്‍ നിന്നൊരു ബന്ധു നിയമനം – ജില്ലയില്‍ നിന്നുള്ള മന്ത്രിമാരിലൊരാളും മന്ത്രിസഭയില്‍ രണ്ടാമനുമായിരുന്ന ഇ.പി. ജയരാജന്റെ രാഷ്്ട്രീയ ജീവിതത്തിലെ വന്‍ വീഴ്ചകളിലൊന്നാണു ബന്ധുനിയമന വിവാദവും പിന്നീടുള്ള രാജിയും. ഭാര്യാ സഹോദരിയും എംപിയുമായ പി. കെ. ശ്രീമതിയുടെ മകന് സുധീര്‍ നമ്പ്യാരെ തന്റെ വകുപ്പിനു കീഴിലുള്ള കെഎസ്ഐഇ എംഡിയായി നിയമിച്ചതും മറ്റൊരു ബന്ധു ദീപ്തി നിഷാദിനെ കേരള ക്ലേയ്സ് ആന്‍ഡ് സിറാമിക്സ് ജനറല്‍ മാനേജരാക്കിയതുമായിരുന്നു വിവാദമായത്. വിവാദം കത്തിപ്പടര്‍ന്നതിനു പിന്നാലെ ദീപ്തി നിഷാദ് രാജിവച്ചു. പാര്‍ട്ടിക്കകത്തും പുറത്തും വിഷയം കത്തിപ്പടര്‍ന്നതോടെ പാര്‍ട്ടി മുഖം രക്ഷിക്കാന്‍ ജയരാജനോട് രാജിവയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
മേല്‍പ്പാലങ്ങള്‍ക്കു പച്ചക്കൊടി – ഗതാഗതക്കുരുക്ക് കൊണ്ടു വീര്‍പ്പുമുട്ടന്ന കണ്ണൂരിന് വേണ്ടത് മേല്പ്പാലങ്ങളാണെന്ന ആവശ്യങ്ങള്‍ യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുന്നു. മേലെചൊവ്വ, തെക്കിബസാര്‍ ജംഗ്ഷനുകളില്‍ മേല്‍പ്പാലത്തിനു 30 കോടി രൂപ അനുവദിച്ചതുംകൊടുവള്ളി–പിണറായി–അഞ്ചരക്കണ്ടി– കണ്ണൂര്‍ വിമാനത്താവള റോഡിനു നാലുവരിപ്പാതയ്ക്കു 50 കോടിയും അനുവദിച്ചിട്ടുണ്ട്. ചൊവ്വ അഞ്ചരക്കണ്ടി–മട്ടന്നൂര്‍ റോഡിനു 20 കോടിയും അനുവദിച്ചതു ജില്ലയുടെ റോഡ് വികസന പ്രവര്‍ത്തനത്തിനു വേഗംകൂട്ടുന്നു.
പരിയാരത്തു സ്വയംഭരണം – നിരവധി രാഷ്ട്രീയ വിവാദങ്ങള്‍ക്കു വേദിയായ പരിയാരം മെഡിക്കല്‍കോളജ് ഒടുവില്‍ സ്വയംഭരണ സ്ഥാപനമാക്കി (ഓട്ടോണമസ്) സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതു ഡിസംബര്‍ മാസത്തിലായിരുന്നു. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍സിസി), ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ എന്നീ ആശുപത്രികളുടെ മാതൃകയില്‍ പരിയാരം സഹകരണ മെഡിക്കല്കോളജും സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കാനാണു ധാരണയായത്. മുഖ്യമന്ത്രി ചെയര്‍മാനായും ആരോഗ്യമന്ത്രി വൈസ് ചെയര്‍മാനായും ഭരണസമിതി രൂപവത്കരിക്കും.
ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക് ഒരാളെ നിയോഗിക്കാനും തീരുമാനിച്ചു. മലബാര്‍ കാന്‍സര്‍ സെന്റര്‍ വികസനത്തിനു 29 കോടി രൂപയും തലശേരിയില്‍ അമ്മയും കുഞ്ഞും ആശുപത്രി സ്ഥാപിക്കുന്നതിനു മാന്ദ്യവിരുദ്ധ പാക്കേജില്‍ നിന്നു 50 കോടിയും അനുവദിച്ചത് ആരോഗ്യമേഖലയില്‍ ജില്ലയുടെ നേട്ടങ്ങളായി.
രാഷ്ട്രീയ പകയില്‍ എട്ടു ജീവനുകള്‍ – കൊലക്കത്തിയിലും ബോംബാക്രമണത്തിലും ബോംബു നിര്മാണത്തിനിടെയിലുമായി 2016ല്‍ കണ്ണൂരിനു നഷ്ടമായത് എട്ടു ജീവനുകള്‍. ഫെബ്രുവരി 15നു പാപ്പിനിശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ സുജിത്തിനെ രാത്രിയില്‍ വീട്ടില്‍നിന്നു വിളിച്ചിറക്കി വീട്ടുകാരുടെ മുന്നില്‍വച്ചു വെട്ടിക്കൊലപ്പെടുത്തിയതാണ് ആദ്യത്തെ രാഷ്ര്ടീയ കൊലപാതകം. പയ്യന്നൂര്‍ കുന്നരു കാരന്താട്ടെ സിപിഎം പ്രവര്ത്തകന് ധനരാജും കൊലക്കത്തിക്കിരയായി.
ഇതിനു പകരമെന്നോണം ബിഎംഎസ് പ്രവര്ത്തകന് അന്നൂരിലെ സി.കെ.രാമചന്ദ്രനെ മണിക്കൂറുകള്‍ക്കകം വെട്ടിനുറുക്കി കൊന്നു. പിണറായി പുത്തന്‍കണ്ടത്ത് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ ബോംബേറില്‍ സിപിഎം പ്രവര്ത്തകന് രവീന്ദ്രനും ജീവന് നഷ്ടമായി.
തില്ലങ്കേരിയില്‍ ബിജെപി പ്രവര്ത്തകന് ബിനീഷിനും രാഷ്ര്ടീയ പ്രതിയോഗികളുടെ അക്രമത്തില്‍ ജീവന് നഷ്ടമായി. ഏറ്റവുമൊടുവില്‍ പാതിരിയാട് വാളാങ്കിച്ചാലില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി മോഹനന് കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം പിണറായിയില്‍ ബിജെപി പ്രവര്ത്തകന് രമിത്തും രാഷ്ര്ടീയ കൊലക്കത്തിക്കിരയായി. വീട്ടില്‍ സൂക്ഷിച്ച സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് കോട്ടയംപൊയില്‍ കോലക്കാവിനു സമീപത്തെ ആര്‍എസ്എസ് പ്രവര്ത്തകന് ദീക്ഷിതും കൊല്ലപ്പെട്ടു.
അഭിമാന താരങ്ങള്‍ – ഐഎസ്എല്ലില്‍ ആറു കളികളില്‍ നിന്നായി അഞ്ചു ഗോളുകള്‍ നേടി സീസണിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ഇന്ത്യന്‍ താരമായി മാറിയ സി.കെ. വിനീതാണ് കായികമേഖലയില്‍ ജില്ലയ്ക്ക് 2016ല്‍ അഭിമാനിക്കാന്‍ വക നല്കിയ ഒരുതാരം. ഇന്ത്യന്‍ ഫുട്ബോള്‍ ടീം അംഗവും കേരളത്തിലെ പുതിയ തലമുറയിലെ ഫുട്ബോള്‍ കളിക്കാരില്‍ ശ്രദ്ധേയനുമായ സി.കെ. വിനീത് കൂത്തുപറമ്പ് വട്ടിപ്രം സ്വദേശിയാണ്. കായികമേഖലയ്ക്ക് കണ്ണൂരില്‍ നിന്നുള്ള മറ്റൊരു അതുല്യസംഭാവനയായ ടിന്റുലൂക്ക 2016 ഓഗസ്റ്റില്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ഒളിംപിക്സില്‍ ഇന്ത്യയ്ക്കു വേണ്ടി 800 മീറ്ററില്‍ മത്സരിച്ചു. ആദ്യ 400മീറ്റര്‍ പിന്നിടുമ്പോള്‍ ഒന്നാമതായിരുന്ന ടിന്റു മത്സരം പൂര്‍ത്തിയാക്കിയത് തന്റെ ഏറ്റവും മികച്ച സമയം (2 മിനിറ്റ് 58 സെക്കന്‍ഡ്) കുറിച്ചുകൊണ്ടായിരുന്നെങ്കിലും സെമി കാണാതെ പുറത്താവുകയായിരുന്നു.
പുതിയ കളക്ടര്‍, പുതിയ എസ്പി – കണ്ണൂര്‍ കളക്ടറായിരുന്ന പി. ബാലകിരണിനു പകരം മിര്‍ മുഹമ്മദലി ചുമതലയേറ്റു. കണ്ണൂരിനെ മികച്ച ജില്ലയാക്കിയതിനൊപ്പം മികച്ച ജില്ലാ കളക്ടര്‍ക്കുള്ള അവാര്‍ഡും നേടിയാണ് ബാലകിരണ്‍ പടിയിറങ്ങിയത്. എസ്പിമാരായിരുന്ന പി.എന്‍ ഉണ്ണിരാജന്, പി. ഹരിശങ്കര്‍ എന്നിവര്‍ ചുമതലയൊഴിഞ്ഞ് ഉത്തര്‍പ്രദേശിലെ ലക്നോ സ്വദേശിയായ കോറി സഞ്ജയ് കുമാര്‍ എത്തിയതും ഇതേവര്‍ഷം തന്നെ.
കണ്ണീരിലാഴ്ത്തിയ ദുരന്തങ്ങള്‍ – 2016 മാര്‍ച്ച് 24നു രാത്രിയിലാണ് കണ്ണൂര്‍ പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയില്‍ നാടിനെ നടുക്കിയ സ്ഫോടനം നടന്നത്. കോളനിയിലെ ഒരുവീട്ടില്‍ സൂക്ഷിച്ച വന്‍ വെടിമരുന്നു ശേഖരം രാത്രി 11.45ഓടെ പൊട്ടിത്തെറിക്കുകയായിരുന്നു. അഞ്ചു കിലോമീറ്റര്‍ ദൂരെവരെ സ്ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. സമീപത്തുണ്ടായിരുന്ന 84 വീടുകള്‍ക്കു നാശമുണ്ടായി. അഞ്ചുവീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മുഖ്യപ്രതി അനൂപ് കുമാറിനെയും ഭാര്യ റാഹിലയെയും പോലീസ് അറസ്റ്റ് ചെയ്തു. റാഹിലയുടെ മകള്‍ ഹിബയ്ക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റിരുന്നു. അപകടത്തെ തുടര്‍ന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ഇനിയും പൂര്‍ണമായും നല്‍കിയിട്ടില്ല.
പയ്യാവൂര്‍ ചമതച്ചാല്‍ പുഴയില്‍ കുളിക്കുന്നതിനിടെ അഞ്ചുകുട്ടികള്‍ മുങ്ങിമരിച്ചെന്ന വാര്‍ത്ത അക്ഷരാര്‍ഥത്തില്‍ കണ്ണൂരിനെ ഞെട്ടിച്ചു. മേയ് 30നായിരുന്നു സംഭവം. ജില്ലയില്‍ സമീപകാലത്തുണ്ടായ അപകടങ്ങളില്‍ ഏറ്റവും വലുതായിരുന്നു ചമതച്ചാലില്‍ സംഭവിച്ചത്. ചെങ്ങളായി പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികള്‍ മരിച്ചതും കഴിഞ്ഞവര്‍ഷത്തെ ഓര്‍ക്കാപ്പുറത്തുണ്ടായ ദുരന്തങ്ങളിലൊന്നാണ്. ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചിലില്‍ ജില്ലയ്ക്ക് അഞ്ചു ജീവനുകള്‍ നഷ്ടമായ ദിവസമായിരുന്നു 2016 സെപ്റ്റംബര്‍ 16. രാമന്തളി കുന്നരുവില്‍ അമിതവേഗതയില്‍ വന്ന ടിപ്പര്‍ ലോറി ഓട്ടോയിലും തുടര്‍ന്ന് ഗുഡ്സ് ഓട്ടോയിലും ഇടിച്ച് രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണു ജീവന് നഷ്ടമായത്.
നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റില്‍പ്പറത്തിയുള്ള സ്വകാര്യബസുകളുടെ മല്‍സരയോട്ടം കാരണം ഇരിട്ടി പുന്നാട് നടന്ന അപകടത്തില്‍ രണ്ടു ബസ് െ്രെഡവര്‍മാരുള്‍പ്പെടെ മൂന്നുപേരാണു മരിച്ചത്. 2016 ജൂലൈ 11നു പുന്നാട് കുളത്തിനു സമീപമായിരുന്നു ജില്ലയെ നടുക്കിയ അപകടം. പിന്നീട് 26 സ്വകാര്യ ബസുകള്‍ സാന്ത്വന യാത്രയിലൂടെ നാലുലക്ഷം രൂപ സമാഹരിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നല്കി.
2016ന്റെ നഷ്ടങ്ങള്‍ – മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.പി നൂറുദ്ദീന്‍, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റും മുന്‍ എംഎല്‍എയുമായിരുന്ന കെ.എം. സൂപ്പി, പ്രമുഖ കവി മേലത്ത് ചന്ദ്രശേഖരന്, ജനതാദള്‍ യു ജില്ലാ സെക്രട്ടറി കെ.കെ. ബാലകൃഷ്ണന്, വളപട്ടണം മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഹബീബ് തങ്ങള്‍, മുന്‍കാല ഫുട്ബോള്‍ താരം ഡോ. പി. മാധവന് എന്നിവരുടെ വിയോഗം 2016ല്‍ ജില്ലയ്ക്കുണ്ടായ പ്രധാന നഷ്ടങ്ങളായി.