ന്യൂഡല്‍ഹി: ഇന്ത്യന്‍ താരം സോംദേവ് ദേവ്വര്മന് ടെന്നീസില്‍നിന്നും വിരമിച്ചു. പ്രെഫഷനല്‍ ടെന്നീസില്‍ നിന്നും വിരമിക്കുകയാണെന്നും 2017ല്‍ ഒരു പുതിയ അധ്യായത്തിനു തുടക്കമിടുകയാണെന്നും ട്വിറ്ററിലൂടെ സോംദേവ് അറിയിച്ചു.
2012ല്‍ തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന് സോംദേവിന്റെ പ്രകടനം മോശമായിരുന്നു.പരിക്കില്‍നിന്നും തിരിച്ചുവന്നെങ്കിലും പൂര്‍ണ കായികക്ഷമതയോടെ കളിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. 2008 മുതല്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ സ്റ്റാര്‍ പ്ലെയറായിരുന്നു മുപ്പത്തൊന്നുകാരനായ സോംദേവ്.
ഡേവിസ് കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമായിരുന്ന സോംദേവിന്റെ മികവിലാണ് ഇന്ത്യ 2010ല്‍ ലോക ഗ്രൂപ്പില്‍ തിരിച്ചെത്തിയത്. 2010ലെ ഏഷ്യന്‍ ഗെയിംസില്‍ സിംഗിള്‍സിലും ഡബിള്‍സിലും സ്വര്‍ണം നേടിയിട്ടുള്ള സോംദേവിനെ 2011ല്‍ അര്‍ജുന അവാര്‍ഡ് നല്കി രാജ്യം ആദരിച്ചിരുന്നു.