റബര്‍ ഏഴു വര്‍ഷത്തിനിടെ മികച്ച നിലയില്‍; കുരുമുളകിനു തളര്‍ച്ച

B-RUBBER-Lവിപണി വിശേഷം /കെ.ബി. ഉദയഭാനു

കൊച്ചി: രാജ്യാന്തര വിപണിയില്‍ റബര്‍ ഏഴു വര്‍ഷത്തിനിടയിലെ മികച്ച പ്രകടനം കാഴ്ചവച്ചു. സുഗന്ധറാണിയുടെ വിലക്കയറ്റം തോട്ടം മേഖലയ്ക്ക് ആവേശമായി. സ്‌റ്റോക്കിസ്റ്റുകള്‍ കുരുമുളകുമായി രംഗത്തെത്തി. വെളിച്ചെണ്ണവില വര്‍ധിച്ചു. സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം.

റബര്‍

അന്താരാഷ്ട്ര റബര്‍ വിപണി ഏഴുവര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനം 2016ല്‍ കാഴ്ചവച്ചു. ടോക്കോമില്‍ റബര്‍ 2009നു ശേഷമുള്ള തിളക്കമാര്‍ന്ന പ്രകടനം നടത്തിയത് പുതുവര്‍ഷത്തില്‍ നിക്ഷേപമേഖലയില്‍ വന്‍ ആവേശം ഉളവാക്കാം. പിന്നിട്ട വര്‍ഷം രാജ്യാന്തര വിപണിയില്‍ റബര്‍ വില 60 ശതമാനം വര്‍ധിച്ചു. ക്രൂഡ് ഓയില്‍ ഉത്പാദനം കുറയ്ക്കാനുള്ള ഒപ്പെക്കിന്‍റെ തീരുമാനം എണ്ണയ്ക്കു മാത്രമല്ല, റബറിനും അനുകൂലമായി. ഇതിന്‍റെ ചുവടുപിടിച്ച് ചൈനീസ് മാര്‍ക്കറ്റായ ഷാങ്ഹായില്‍ റബര്‍വില 34 ശതമാനം കയറി. ഈ വര്‍ഷം ക്രൂഡ് വില 60 ഡോളറിലേക്ക് ഉയരുമെന്ന ഒപ്പെക്കിന്‍റെ പ്രതീക്ഷകള്‍ ആഗോള റബര്‍ ഉത്പാദക രാജ്യങ്ങളുടെ സ്വപ്നങ്ങള്‍ക്കു തിളക്കം പകരും. നവംന്പറില്‍ മാത്രം ചൈന 5.60 ലക്ഷം ടണ്‍ റബര്‍ ഇറക്കുമതി നടത്തി. 2015നെ അപേക്ഷിച്ച് ഇറക്കുമതി 42 ശതമാനം ഉയര്‍ന്നത് വ്യവസായ മേഖല മികവിലേക്ക് തിരിയുമെന്ന സൂചനയാണ് നല്‍കുന്നത്.

ഇന്ത്യയില്‍ റബര്‍ ഉപഭോഗം നന്പറില്‍ 13 ശതമാനം ഉയര്‍ന്ന് 88,000 ടണ്‍ ആയി. തൊട്ടു മുന്‍ വര്‍ഷം ഇത് 77,880 ടണ്‍ ആയിരുന്നു. ക്രിസ്മസ് അവധികള്‍ മൂലം വന്‍കിട തോട്ടങ്ങളില്‍ റബര്‍ വെട്ട് അല്പം മന്ദഗതിയിലാണ്. ചെറുകിട കര്‍ഷകര്‍ ഉത്സവാഘോഷങ്ങളില്‍ അമര്‍ന്നതിനാല്‍ ടാപ്പിംഗിന് താത്പര്യം കാണിച്ചില്ല. മുഖ്യ വിപണികളിലേക്കുള്ള ഷീറ്റ്, ലാറ്റക്‌സ് വരവ് പതിവിലും ചുരുങ്ങി. നാലാം ഗ്രേഡ് 13,600ലും അഞ്ചാം ഗ്രേഡ് 13,200ലും വ്യാപാരം നടന്നപ്പോള്‍ ലാറ്റക്‌സ് 8500ലേക്ക് ഉയര്‍ന്നു.

ഏലം

തോട്ടം മേഖലയ്ക്ക് ഏറ്റവും കൂടുതല്‍ സുഗന്ധം പോയ വര്‍ഷം പകര്‍ന്നത് ഏലക്കയാണ്. ലേല കേന്ദ്രങ്ങളില്‍ ഏലക്ക താരമായപ്പോള്‍ ഏറെ വര്‍ഷങ്ങളായി തിരിച്ചടിനേരിട്ട കര്‍ഷകര്‍ അല്പം ആശ്വാസത്തിലാണ്. വര്‍ഷാരംഭത്തില്‍ കിലോഗ്രാമിന് 724 രൂപ വരെ താഴ്ന്ന മികച്ചയിനം ഏലക്ക നവംബറില്‍ 1578 രൂപ വരെ കയറി. കാലാവസ്ഥാ വ്യതിയാനങ്ങളും ആഭ്യന്തര വിദേശ ഡിമാന്‍ഡും വിപണിയുടെ അടിയൊഴുക്ക് ശക്തമാക്കി.

ഉത്പന്നത്തിന്‍റെ കുതിച്ചു ചാട്ടം കണ്ട് മുന്‍വര്‍ഷത്തിലെ നീക്കിയിരുപ്പ് വരെ ലേലത്തിന് ഇറക്കാന്‍ വന്‍കിട തോട്ടങ്ങള്‍ തയാറായി. ഉത്പാദനത്തിലെ തളര്‍ച്ചയും കരുതല്‍ ശേഖരത്തിലെ നീക്കിയിരുപ്പ് ചുരുങ്ങിയതും കണക്കിലെടുത്താല്‍ പുതുവര്‍ഷത്തില്‍ ഏലം മികവ് കാണിക്കാം. രാജ്യാന്തര തലത്തില്‍ ഇന്ത്യന്‍ ഏലത്തിന് ആവശ്യം വര്‍ധിച്ചു. വാരാന്ത്യം വണ്ടന്‍മേട്ടില്‍ നടന്ന ലേലത്തില്‍ വലുപ്പം കൂടിയ ഏലക്ക 1419 രൂപയിലാണ്.

കുരുമുളക്

തെക്കന്‍ കേരളത്തില്‍നിന്നുള്ള പുതിയ കുരുമുളകു വരവിനിടെ സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളില്‍നിന്നും അനുഭവപ്പെട്ട വില്പന സമ്മര്‍ദ്ദം വിലയെ ബാധിച്ചു.

തെക്കന്‍ ജില്ലകളില്‍ വിളവെടുപ്പ് പുരോഗമിക്കവേ മുളകുവില ഇടിഞ്ഞത് സ്‌റ്റോക്കിസ്റ്റുകളില്‍ പിരിമുറുക്കമുളവാക്കി. വിദേശ വ്യാപാര രംഗത്തെ തളര്‍ച്ച കണക്കിലെടുത്ത് വന്‍കിട കയറ്റുമതിക്കാര്‍ പലരും രംഗത്തുനിന്നു വിട്ടുനിന്നു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കു ശേഷം വാരത്തിന്‍റെ രണ്ടാം പാദത്തില്‍ ആഗോള വിപണിയില്‍ തിരിച്ചെത്തും. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് ക്വിന്‍റലിന് 66,900 രൂപയില്‍ നിന്ന് 65,700 രൂപയായി. ഗാര്‍ബിള്‍ഡ് കുരുമുളകുവില 68,700 രൂപ.

ജാതിക്ക

ജാതിക്ക, ജാതിപത്രി വിലകളില്‍ പോയവാരം കാര്യമായ മാറ്റമില്ല. ആഭ്യന്തര ആവശ്യം ചുരുങ്ങിയത് വിലക്കയറ്റത്തിന് തടസമായി. ജാതിക്ക തൊണ്ടന്‍ 200250 രൂപ, തൊണ്ടില്ലാത്ത് 400450 രൂപ, ജാതിപത്രി 400450 രൂപ, ഫ്‌ളവര്‍ 800850 രൂപ.

നാളികേരം

നാളികേരോത്പങ്ങളുടെ നിരക്കുയര്‍ന്നു. മാസാരംഭമായതിനാല്‍ പ്രാദേശിക തലത്തില്‍ ഈ വാരം വെളിച്ചെണ്ണയ്ക്ക് ആവശ്യം വര്‍ധിക്കും. വന്‍കിട മില്ലുകള്‍ മുഖ്യ വിപണികളിലേക്കുള്ള എണ്ണ നീക്കം കുറച്ചത് വിലക്കയറ്റത്തിനു വഴിതെളിച്ചു. 10,600ല്‍നിന്ന് കൊച്ചിയില്‍ വെളിച്ചെണ്ണ 10,900 ലേക്ക് ഉയര്‍ന്നപ്പോള്‍ കോഴിക്കോട് വെളിച്ചെണ്ണ 11,900 വരെ കയറി.

സ്വര്‍ണം

കേരളത്തില്‍ സ്വര്‍ണ വില ഉയര്‍ന്നു. ആഭരണകേന്ദ്രങ്ങളില്‍ പവന്‍ 20,600 രൂപയില്‍നിന്ന് 21,160 രൂപയായി. ന്യൂയോര്‍ക്കില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണം 1134 ഡോളറില്‍നിന്ന് 1164 വരെ കയറി. വാരാന്ത്യം നിരക്ക് 1150 ഡോളറിലാണ്.

Related posts