ഓഹരി അവലോകനം / സോണിയ ഭാനു
മുംബൈ: പുതുവര്‍ഷം നിക്ഷേപകരുടെ ആയിരമായിരം സ്വപ്നങ്ങള്‍ക്ക് നിറം പകരുമെന്ന പ്രതീക്ഷകളോടെ ഇടപാടുകാര്‍ ഇന്നു വിപണിയില്‍ പ്രവേശിക്കും. വര്‍ഷാന്ത്യത്തില്‍ പ്രമുഖ ഇന്‍ഡക്സുകള്‍ കാഴ്ചവച്ച തിളക്കമാര്‍ന്ന തിരിച്ചുവരവ് നിലനിര്‍ത്താനാവുമെന്ന നിഗമനത്തിലാണ് ഓപ്പറേറ്റര്‍മാര്‍. കറന്‍സിക്ഷാമത്തിന് പൂര്‍ണമായ പരിഹാരം മാര്‍ച്ച് അവസാനത്തോടെ കണ്ടെത്താനായാല്‍ സെന്‍സെക്സും നിഫ്റ്റിയും വീണ്ടും ബുള്ളിഷ് ട്രന്‍ഡിലേക്ക് തിരിയും. സാന്പത്തികമേഖല കൂടി ഉണര്‍വ് കാണിച്ചാല്‍ സെന്‍സെക്സ് 32,000 പോയിന്റിലേക്കും നിഫ്റ്റി 9,200ലേക്കും ഈ വര്‍ഷം ചുവടുവയ്ക്കാം.
പിന്നിട്ട വാരം രണ്ടു ശതമാനം നേട്ടം ബോംബെ സൂചികയും നിഫ്റ്റിയും കൈവരിച്ചു. വിപണിയുടെ ചലനങ്ങള്‍ വിലയിരുത്തിയാല്‍ ഈ വാരം പ്രമുഖ ഇന്‍ഡക്സുകള്‍ ഒരു ചുവടുകൂടി മുന്നേറാന്‍ ഇടയുണ്ട്. സെന്‍സെക്സ് 585 പോയിന്റ് പ്രതിവാര നേട്ടത്തിലാണ്. താഴ്ന്ന നിലവാരമായ 25,758ല്‍നിന്ന് 26,675 വരെ കുതിച്ച ശേഷം ക്ലോസിംഗില്‍ സൂചിക 26,626 ലാണ്. ഈവാരം സൂചികയുടെ ആദ്യ പ്രതിരോധം 26,948 ലാണ്.
ഇത് മറികടക്കാന്‍ കഴിയുന്ന പ്രകടനം വിപണി പുറത്തെടുത്താല്‍ അടുത്ത ലക്ഷ്യം 27,27027,865 പോയിന്റായി മാറും. അതേസമയം വീണ്ടും തിരിച്ചടി നേരിട്ടാല്‍ 26,031ല്‍ പിടിച്ചു നില്ക്കാന് ശ്രമം നടത്താം. ഈ സപ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ സൂചിക 25,34625,114 വരെ ഇടിയാം. സെന്‍സെക്സിന്റെ മറ്റു സാങ്കേതിക വശങ്ങള് പരിശോധിച്ചാല്‍ പാരാബോളിക് എസ്എആര്‍, എംഎസിഡി, സ്ലോ സ്റ്റോക്കാസ്റ്റിക്ക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക് എന്നിവ ബുള്ളിഷ് ട്രന്‍ഡിലാണ്. അതേസമയം ആര്‍എസ്ഐ 14 ന്യൂട്ടറിലും.
ഫ്യൂച്ചേഴ്സ് ആന്‍ഡ് ഒപ്ഷന്സിലെ സെറ്റില്‍മെന്റ് മൂലം ഇടപാടുകളുടെ തുടക്കത്തില്‍ നിഫ്റ്റി അല്പം തളര്‍ച്ചയിലായിരുന്നെങ്കിലും പിന്നീട് വിപണി സജീവമായി. നിഫ്റ്റി 21 ഡിഎംഎയ്ക്കു മുകളിലെത്തിയത് ബുള്‍ ഇടപാടുകരുടെ ആത്മവിശ്വാസം വളര്‍ത്തി. 7,896ല്‍നിന്നുള്ള കുതിപ്പില്‍ നിഫ്റ്റി 8,000 പോയിന്റിലെ നിര്‍ണായക പ്രതിരോധവും മറികടന്ന് 8,196 വരെ നീങ്ങിയെങ്കിലും വന്കടന്പയായ 8,200നു മുകളില്‍ ഇടം കണ്ടെത്താനാവാതെ വാരാന്ത്യം 8,185ലാണ്. ഈ വാരം 8,288ലെ തടസം ഭേദിക്കാനായാല്‍ നിഫ്റ്റി ജനുവരി അവസാനത്തിനു മുന്‍പായി 8,3928,588 വരെ ഉയരാം. ആദ്യ പ്രതിരോധത്തില്‍ തടസം നേരിട്ടാല്‍ 7988ലേക്കും അവിടെനിന്ന് തിരുത്തല്‍ 7,7927,688 വരെയും തുടരാം.
2016ല്‍ നിഫ്റ്റി സൂചിക എട്ടു ശതമാനം നഷ്ടത്തിലാണ്. വര്‍ഷാരംഭത്തില്‍ താഴ്ന്ന നിലവാരമായ 6,825ലേക്ക് ഇടിഞ്ഞ നിഫ്റ്റി തുടര്‍ന്നുള്ള മാസങ്ങളില്‍ കാഴ്ചവച്ച തിരിച്ചുവരവില്‍ സെപ്റ്റംബറില്‍ 8,868 വരെ കയറി. ബോംബെ സെന്‍സെക്സ് ഫെബ്രുവരി 29നു ശേഖപ്പെടുത്തിയ 22,494ല്‍ നിന്ന് 29,077 വരെ സെപ്റ്റംബറില്‍ കയറി.
എന്നാല്‍ 500, 1000 രൂപകള്‍ അസാധുവാക്കിയ പ്രഖ്യാപനത്തിനു ശേഷം വിപണിയുടെ ഊര്‍ജം നിത്യേന കുറഞ്ഞു. ഡിസംബര്‍ അവസാനം വരെയുള്ള 36 ട്രേഡിംഗ് ദിനങ്ങളില്‍ 21ലും ഇന്‍ഡക്സുകള്‍ തളര്‍ന്നു.
നോട്ട് നിരോധന പ്രഖ്യാപനം പ്രദേശിക ഓപ്പറേറ്റര്‍മാരെ മാത്രമല്ല, ഒരു വിഭാഗം വിദേശ ഫണ്ടുകളെ പോലും രംഗത്തുനിന്ന് പിന്തിരിപ്പിച്ചു. നവംന്പര്‍ ഒന്പതിനു ശേഷം വിദേശ ഓപ്പറേറ്റര്‍മാര്‍ 25,921 കോടി രൂപ പിന്‍വലിച്ചു. നവംന്പറില്‍ 17,737 കോടി രൂപയും ഡിസംബറില്‍ 7817 കോടി രൂപയുടെയും വില്പന അവര്‍ നടത്തി.
വിദേശ നിക്ഷേപകര്‍ ഒക്ടോബര്‍ഡിസംബര്‍ കാലയളവില്‍ ഓഹരിവിപണിയില്‍നിന്നും കടപത്രത്തില്നിന്നും പിന്‍വലിച്ചത് 48,700 കോടി രൂപയാണ്. ഡിസംബറില്‍ അമേരിക്ക പലിശനിരക്ക് ഉയര്‍ത്തിയതുമൂലം അവര്‍ 400 കോടി ഡോളര്‍ ഇവിടെനിന്നു തിരിച്ചുപിടിച്ചു. കഴിഞ്ഞ മാസം അവര്‍ ഓഹരി വിപണിയില്‍നിന്ന് 8176 കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചപ്പോള്‍ കടപത്രത്തില്നിന്നും 18,935 കോടി രൂപയുടെ ബാധ്യതകള്‍ ഒഴിവാക്കി.
മ ുന്നിരയിലെ പത്തു കന്പനികളില്‍ ഒന്‍പതിന്റെയും വിപണിമൂല്യത്തില്‍ പോയവാരം വര്‍ധന. മൊത്തം 74,194 കോടി രൂപയുടെ വിപണിമൂല്യമാണ് ഉയര്‍ന്നത്. ഐടിസി, ടിസിഎസ്, കോള്‍ ഇന്ത്യ, ആര്‍ഐഎല്‍, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ തുടങ്ങിയവ നേട്ടം സ്വന്തമാക്കിയപ്പോള്‍ ഒഎന്‍ജിസിക്ക് തിരിച്ചടിനേരിട്ടു.
ഏഷ്യ പസഫിക് മേഖലയില്‍ നവംബര്‍ ആദ്യ വാരത്തിനു ശേഷം ഏറ്റവും കനത്ത തിരിച്ചടിനേരിട്ട രണ്ടാമത്തെ വിപണി ഇന്ത്യയാണ്. സെന്‍സെക്സ് 3.8 ശതമാനം ഇടിഞ്ഞതിനിടെ 1041 പോയിന്റ് നഷ്ടമായി. ഹോങ്കോംഗില്‍ ഹാന്‍സെങ് സൂചിക പിന്നിട്ട രണ്ടു മാസത്തിനിടെ 4.9 ശതമാനം ഇടിഞ്ഞു. ബ്രസീലിയന്‍ ഓഹരി സൂചിക രണ്ടു മാസങ്ങളില്‍ 6.1 ശതമാനം താഴ്ന്നു. അമേരിക്കന്‍, ജര്‍മന്‍, സ്വിസ്, ഫ്രാന്‍സ് മാര്‍ക്കറ്റുകള്‍ ആറ് മുതല്‍ ഒന്‍പത് ശതമാനം വരെ കയറി. ഏഷ്യയില്‍ ജാപ്പനീസ് മാര്‍ക്കറ്റായ നി്ക്കൈ സൂചിക 11.5 ശതമാനം നവംബര്‍ ഡിസംബര്‍ കാലയളവില്‍ കയറി.
പ്രമുഖ നാണയങ്ങള്‍ക്ക് മുന്നില്‍ ഡോളറിന്റെ മുന്നേറ്റം തുടരുന്നു. അമേരിക്കന്‍ ഡോളര്‍ ഇന്‍ഡക്സ് പോയ വര്‍ഷം 3.7 ശതമാനം ഉയര്‍ന്നു. ഡോളര്‍ സൂചികയുടെ തിരിച്ചു വരവിനിടയിലും ക്രൂഡ് ഓയില്‍ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവര്‍ഷ തിരിച്ചുവരവ് നടത്തി. ഒപ്പെക്ക് എണ്ണ ഉത്പാദനം കുറയ്ക്കുമെന്ന തീരുമാനം രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 53 ഡോളറിലെത്തിച്ചു.
നടപ്പ് വര്‍ഷം എണ്ണവില 60 ഡോളറിന് മുകളില്‍ ഇടം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഒപ്പെക്ക്. മഞ്ഞലോഹ വിപണിയിലും വര്‍ഷാന്ത്യം തിരിച്ചുവരവ് ദൃശ്യമായി. സ്വര്‍ണം 8.5 ശതമാനം നേട്ടം സ്വന്തമാക്കി. വര്‍ഷാന്ത്യം ട്രോയ് ഔസിന് 1150 ഡോളറാണ് സ്വര്‍ണം.