എരുമേലി: മണ്ഡലകാലത്ത് തീര്‍ഥാടക തിരക്ക് കുറഞ്ഞിരുന്ന എരുമേലിയില്‍ മകരവിളക്ക് ഉത്സവകാലമാരംഭിച്ച ആദ്യദിനത്തില്‍ തന്നെ തിരക്കേറിയത് കച്ചവടക്കാരില്‍ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു. രാത്രിയിലും വന്‍ തീര്‍ഥാടക പ്രവാഹമാണ്. 14ന് മകരജ്യോതിയോടെ അഞ്ച് ദിവസത്തിന് ശേഷം മകരവിളക്ക് ഉത്സവം പൂര്‍ണമാകും. ഇതിനിടെയുളള രണ്ടാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. ഈ ചുരുങ്ങിയ സമയത്തിനുളളില്‍ കച്ചവടം വര്‍ധിച്ചില്ലെങ്കില്‍ മിക്കവര്‍ക്കും നഷ്ടം നേരിടേണ്ടി വരും.
വന്‍ തുക നല്‍കിയാണ് ലേലം പിടിച്ച് കടകളും പാര്‍ക്കിംഗ് ഗ്രൗണ്ടുകളും ശൗചാലയങ്ങളും സ്റ്റുഡിയോകളും നടത്തുന്നത്. 41 ദിവസം നീണ്ട മണ്ഡലകാലത്ത് തീര്‍ഥാടക തിരക്ക് കുറവായിരുന്നതിനാല്‍ വ്യാപാരം മുതല്‍മുടക്ക് പോലും നേടാനാകാത്ത വിധം പ്രതിസന്ധിയിലായിരുന്നു. ഇപ്പോള്‍ പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ നിറഞ്ഞ് തിരക്കേറിയത് കച്ചവടക്കാരില്‍ ആശ്വാസം പകര്‍ന്നിരിക്കുകയാണ്. പത്തിന് ചന്ദനക്കുടവും പിറ്റേന്ന് നടക്കുന്ന ചരിത്രപ്രസിദ്ധമായ പേട്ടതുളളലും കച്ചവടതിരക്ക് വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.