ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ പിണങ്ങുന്നതും മിണ്ടാതിരിക്കുന്നതും പുതുമയുള്ള കാര്യമല്ല. ആരും അതത്ര കാര്യമാക്കാറുമില്ല. കാരണം ദമ്പതികള്‍ തമ്മിലുള്ള പിണക്കവും മൗന വ്രതവും ഏതറ്റം വരെ പോകുമെന്ന് എല്ലാവര്‍ക്കുമറിയാം.
എന്നാല്‍ ജപ്പാന് സ്വദേശികളായ ഒട്ടോമ യുമിയും ഭാര്യ കത്യാമ യുമിയും തമ്മില്‍ സംസാരിച്ചിട്ട് 20 വര്‍ഷമായി. അതേ! മൂന്ന് കുട്ടികളുടെ അച്ഛനായ ഓട്ടോയു യുമി എന്ന വ്യക്തി ഭാര്യയോട് സംസാരിക്കാതിരുന്നത് നീണ്ട 20 വര്‍ഷമാണ്.
പിണക്കമോ പരിഭവമോ ഒന്നുമല്ല മിണ്ടാത്തതിന്റെ കാരണമായി യുമി പറഞ്ഞത്. മറിച്ച് സ്നേഹക്കൂടുതലാണ് ഭാര്യയോട് മിണ്ടാതിരിക്കാന്‍ പ്രേരിപ്പിച്ച കാര്യമെന്നാണ് അദ്ദേഹം പറയുന്നത്. ഭാര്യ മക്കളോട് കൂടുതല്‍ സ്നേഹം കാണിക്കുന്നത് ഈ ഭര്‍ത്താവിന് പിടിക്കില്ല. മക്കള്‍ക്കൊപ്പം യുമി ദീര്‍ഘനേരം ചെലവഴിയ്ക്കുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഭാര്യയോട് തലയാട്ടലും ആഗ്യം കാണിക്കലും മാത്രം. ഭാര്യയ്ക്കോ മക്കള്‍ക്കോ ഇദ്ദേഹത്തിന്റെ ഈ വിചിത്രസ്വഭാവത്തിന് പിന്നിലെ രഹസ്യം അറിയില്ലായിരുന്നു.
ഒടുവില്‍ 18 കാരനായ മകനാണ് തന്റെ പിതാവിന്റെ ഈ സ്വഭാവത്തിന് പിന്നിലെ രഹസ്യം കണ്ടുപിടിച്ച് വെളിച്ചത്ത് കൊണ്ടുവന്നത്. ഭാര്യ മക്കളോട് സ്നേഹം കാണിക്കുന്നതിന്റെ അസൂയ കാരണമാണ് താന്‍ അവരോട് മിണ്ടാത്തതെന്ന് വെളിപ്പെടുത്താന്‍ യുമി തയാറായി. ഭാര്യ തന്നേക്കാള്‍ കൂടുതലായി മക്കളുടെ കാര്യം ശ്രദ്ധിക്കാനും കൂടി തുടങ്ങിയതോടെ അസൂയ വര്‍ദ്ധിച്ചു. ഇക്കാരണം പറഞ്ഞ് വഴക്കിടാന്‍ താത്പ്പര്യം ഇല്ലായിരുന്നു. അതു കൊണ്ടാണ് ഒന്നും മിണ്ടാതെ മൗനം പാലിച്ചത്, യുമി പറഞ്ഞു. ഇതോടെ മൗനം വിട്ട് ഭാര്യയോട് മിണ്ടാനും യുമി തയാറായി. പിണക്കത്തിന്റെ കാര്യം ഞെട്ടിച്ചുവെങ്കിലും യുമി മൗനം വെടിഞ്ഞതിന്റെ സന്തോഷത്തിലാണ് ഭാര്യയും മക്കളും.