കൊല്ലങ്കോട്: എലവഞ്ചേരിയില്‍ പുതുവര്‍ഷ ആഘോഷത്തിനിടെ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ്. കൊട്ടയങ്കാട് മുരളീധരന്റെ മകനും ബിരുദവിദ്യാര്‍ഥിയുമായ സുജിത്ത് (18) ആണ് കുത്തേറ്റ് മരിച്ചത്.സുജിത്തിന്റെ സുഹൃത്തും പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ അഖിലിനും കുത്തേറ്റിരുന്നു. സാരമായി പരിക്കേറ്റ അഖില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണുള്ളത്. രണ്ടു ദേശങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പറയുന്നു. ഇതിനാല്‍തന്നെ പ്രതികളെ ഉടന്‍ പിടികൂടുമെന്നും കൊല്ലങ്കോട് സിഐ സലീഷ്കുമാര് പറഞ്ഞു.
ശനിയാഴ്ച രാത്രി 1.30നാണ് സംഭവം. കൊട്ടയങ്കാട് കലാസമിതിയുടെ ആഭിമുഖ്യത്തില്‍ പുതുവര്‍ഷദിന പരിപാടി കഴിഞ്ഞ് ഭൂരിഭാഗംപേരും തിരികെപോയിരുന്നു. ഇതിനുശേഷമാണ് ആണ്ടിത്തറ ദേശം താമസക്കാരായ യുവാവ് സുജിത്തിനേയും സുഹൃത്തിനേയും ആയുധംകൊണ്ട് ആക്രമിച്ചത്. സുജിത്തിന്റെ നെഞ്ചിലാണ് കുത്തേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണംസംഭവിച്ചതായി ഡോക്ടര്‍ അറിയിച്ചു. കൊല്ലങ്കോട് സിഐ സലീഷ്കുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
കൊട്ടയങ്കാട് നിന്നും അരകിലോമീറ്റര്‍ ദൂരപരിധിയിലാണ് ആണ്ടിത്തറ കോളനിയുള്ളത്. ഈ രണ്ടു ദേശക്കാരും ദീര്‍ഘകാലമായി ശത്രുതാമനോഭാവം പുലര്‍ത്തിവന്നിരുന്നു. ഇതിന്റെ പേരിലാണ് കൊലപാതകം നടന്നിട്ടുള്ളതായി കരുതുന്നതായും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു. ഡിവൈഎസ്പി മുഹമ്മദ് കാസിം, സിഐ സലീഷ്കുമാര്,എസ്ഐ സഞ്ജയ്കുമാര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സുമതിയാണ് കൊല്ലപ്പെട്ട സുജിത്തിന്റെ മാതാവ്. സഹോദരി: സുജിത.