ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണോ എന്ന് ചില സംഭവങ്ങള്‍ കാണുമ്പോള്‍ നമുക്ക് തോന്നാം. ഈ വര്‍ഷവും അത് സംഭവിച്ചിരിക്കുന്നു. വര്‍ഷാരംഭ സമയങ്ങളില്‍ ഇത് സാധാരണമാണെന്നതൊഴിച്ചാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒന്നാണ് ഈ പുതുവര്‍ഷാരംഭത്തില്‍ അമേരിക്കയില്‍ സംഭവിച്ചത്.
അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ഒരു വര്‍ഷത്തിന്റെ വ്യത്യാസത്തില്‍ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. അതായത് ഒരുമിച്ച് ജനിച്ചവരാണെങ്കിലും ഔദ്യോഗിക രേഖകളിലും മറ്റും ഇവര്‍ തമ്മില്‍ ഒരു വയസിന്റെ വ്യത്യാസമുണ്ടാകും.
കാരണമിതാണ്. സാന്റിയാഗോയിലെ എസ്എംബി ആശുപത്രിയില്‍ ജനിച്ച ഇരട്ട പെണ്‍കുട്ടികളുടെ ജനന സമയത്തിലുണ്ടായ മാറ്റമാണ് ഇവരുടെ ജനനത്തിയതി രണ്ട് വ്യത്യസ്ത വര്‍ഷങ്ങളിലാക്കിയത്. സ്‌കാര്‍ലെറ്റ് ആനി എന്ന പെണ്‍കുട്ടി ജനിച്ചത് 2016 ഡിസംബര്‍ 31 ാം തിയതി രാത്രി 11:56 നായിരുന്നു. രണ്ടാമത്തവള്‍ വിര്‍ജീനിയ റോസ് ജനിച്ചതാകട്ടെ അടുത്ത വര്‍ഷം. അതായത് 2017 ജനുവരി ഒന്നാം തിയതി അര്‍ദ്ധരാത്രി 12 മണിയ്ക്കും. രണ്ടപേരുടെയും ജനന സമയത്തില്‍ 4 മിനിറ്റിന്റെ വ്യത്യാസമേ ഉള്ളുവെങ്കിലും രണ്ടു പേരുടെയും ജനനത്തിയതി വെവ്വേറെയായിരിക്കും.
അമേരിക്കയില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ ജനന സംഭവങ്ങള്‍ എല്ലാവര്‍ഷവും ഉണ്ടാകാറുണ്ട്. ഒരു മിനിറ്റിന്റെ വ്യത്യാസത്തില്‍ ജനനത്തിയതി മാറിപ്പോയ അവസരങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്.