കോട്ടയം: പാതിരാവില്‍ തുടങ്ങുന്ന തണുപ്പിനു പുലര്‍ച്ചെയോടെ തീവ്രത കൂടും. രാവിലെ എട്ടിനു തുടങ്ങി പത്തോടെ കത്തിപ്പടര്‍ന്ന് ഉച്ചയ്ക്ക് 34 ഡിഗ്രിയിലെത്തുകയാണ് പകല്‍ച്ചൂട്. സൂചനകളെല്ലാം കാണിക്കുന്നത് കനത്ത വേനല്‍ക്കാലം വരുന്നുവെന്നാണ്. അന്തരീക്ഷ ഈര്‍പ്പത്തിന്റെ അളവ് കുറഞ്ഞുനില്‍ക്കുന്നതിനാല്‍ രണ്ടു മാസത്തേക്ക് മഴ പ്രതീക്ഷിക്കേണ്ടതില്ലെന്ന് റബര്‍ ബോര്‍ഡിന്റെ കാലാവസ്ഥാ നിരീക്ഷണ വിഭാഗം പറയുന്നു.
സൂര്യന് ദക്ഷിണധ്രുവത്തിലായതിനാല് പകലിന് ദൈര്‍ഘ്യം കൂടുതലുണ്ട്. അതിനാല്‍ എട്ടര മുതല്‍ ഒമ്പതര വരെ മണിക്കൂര്‍ ദൈര്‍ഘ്യത്തിലാണ് നിലവിലെ പകല്‍. അതിനാല്‍ ഈ സീസണില്‍ പുലര്‍ച്ചെ തണുപ്പും കൂടുക സ്വാഭാവികം. ജനുവരി 15 വരെ തണുപ്പു തുടര്‍ന്നശേഷം അതിന്റെ തീവ്രത കുറഞ്ഞു തുടങ്ങും.
ഫെബ്രുവരി അഞ്ചോടെ തണുപ്പ് മാറി രാത്രി കാലത്തും ഉഷ്ണം തുടങ്ങും. മഴയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ കുറവാണ് കാലംതെറ്റിയ ഈ ചൂടിനും തണുപ്പിനും കാരണമായിരിക്കുന്നത്.2015ല്‍ ജില്ലയ്ക്കു കിട്ടിയത് 2663 മില്ലിമീറ്റര്‍ മഴ. 2016ല്‍ പെയ്തത് 1795 മില്ലിമീറ്റര്‍ സമീപകാലത്തൊന്നും മഴയുടെ തോത് ഇത്രത്തോളം കുറഞ്ഞ കാലമുണ്ടായിട്ടില്ല.
തുലാമഴ തുള്ളി പെയ്തില്ല. സെപ്റ്റംബറോടെ മഴ മടങ്ങിപ്പോയി. ഈ മാസം വേനല്‍മഴ പ്രതീക്ഷിക്കേണ്ടതുമില്ല. പ്രതിവര്‍ഷം 3000 മില്ലിമീറ്റര്‍ മഴ കിട്ടുന്ന നാട്ടിലാണ് മഴ നേര്‍പ്പകുതിയായി ചുരുങ്ങിപ്പോയത്.റബര്‍, നെല്ല്, തെങ്ങ്, വാഴ, പച്ചക്കറി കൃഷിയെല്ലാം നന്നായി നന കൊടുത്തില്ലെങ്കില്‍ കരിയും. വേണ്ട അളവില്‍ നന കൊടുക്കാമെന്നു കരുതേണ്ട. മണ്ണില്‍ ഇത്രത്തോളം ജലാംശം കുറഞ്ഞ വര്‍ഷം അടുത്തെങ്ങുമുണ്ടായിട്ടില്ല. ജനുവരി മൂന്നാം വാരം മണ്ണിലെ ഈര്‍പ്പം പൂര്‍ണമായി വലിയും. കിണര്‍, തോട്, അരുവി എന്നിവ ആഴ്ചകള്‍ക്കുള്ളില്‍ വറ്റിയുണങ്ങും.
വരും ദിവസങ്ങളില്‍ കൂടുതല്‍ വേനല്ക്കാറ്റ് അനുഭവപ്പെട്ടേക്കാം. അന്തരീക്ഷ ഈര്‍പ്പം കുറവായതിനാല്‍ കിഴക്കന്‍ തോട്ടം മേഖലയില്‍ ശക്തമായ വറവുകാറ്റിന് സാധ്യതയുണ്ട്. കഴിഞ്ഞ മാസം 22നാണ് സമീപദിവസങ്ങളിലെ ഏറ്റവും കൂടിയ താപനില ജില്ലയില്‍ രേഖപ്പെടുത്തിയത്–34.8 ഡിഗ്രി. ഇന്നലെ 33 ഡിഗ്രിയായിരുന്നു ഉയര്‍ന്ന പകല്‍ച്ചൂട്.