മഹാനായ ഭര്‍ത്താവിന്റെ മഹതിയായ ഭാര്യ അതായിരുന്നു സാവിത്രി ഫൂലെ. സാമൂഹിക പരിഷ്‌കര്‍ത്താവ്, കവയിത്രി എന്നീ നിലകളില്‍ പ്രശസ്തയായ സാവിത്രിഭായ് ഫൂലെ 1831 ജനുവരി മൂന്നിന് മഹാരാഷ്ട്രയിലെ നൈയ്‌ഗോണിലാണ് ജനിച്ചത്. സാവിത്രിയ്ക്ക് ഒമ്പതുവയസുള്ളപ്പോള്‍ 12 വയസുള്ള ജ്യോതിറാവു ഫൂലെയെ വിവാഹം കഴിച്ചു.
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ ഫെമിനിസത്തിന് വിത്തു പാകിയ ആദ്യകാല വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു സാവിത്രി ഫൂലെ. ഭര്‍ത്താവ് ജ്യോതിറാവു ഫൂലെയ്‌ക്കൊപ്പം ചേര്‍ന്ന് ഇന്ത്യയിലെ സ്ത്രീ സമൂഹത്തിന്റെ അവകാശ സംരക്ഷണത്തിനായി നടത്തിയ പോരാട്ടങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായി. 1948ല്‍ ഭര്‍ത്താവുമൊത്ത് പൂനെയിലെ ഭിദെവാധയില്‍ ആദ്യത്തെ വനിതാ സ്‌കൂള്‍ സ്ഥാപിച്ചു.19-ാം നൂറ്റാണ്ടില്‍ ശൈശവ വിവാഹങ്ങളും ശിശുമരണങ്ങളും വ്യാപകമായിരുന്നു. ശാരീരിക വളര്‍ച്ചയെത്തും മുമ്പേതന്നെ പെണ്‍കുട്ടികള്‍ വിധവയായി തീരുന്നത് അക്കാലത്തെ പതിവു കാഴ്ചയായായിരുന്നു. ഇങ്ങനെ വിധവയായിത്തീരുന്ന പെണ്‍കുട്ടികളെ തലമൊട്ടയടിച്ച് ചുവന്ന സാരിയുടുപ്പിക്കുകയും സുഖജീവിതം നിഷേധിക്കുകയും ചെയ്യുന്നതായിരുന്ന അക്കാലത്തെ നാട്ടുനടപ്പ്. ഈ കിരാത വ്യവസ്ഥയ്‌ക്കെതിരേ സാവിത്രി രംഗത്തുവന്നു. വിധവകളുടെ തല മുണ്ഡനം ചെയ്യുന്ന ക്ഷുരകന്മാരോട് അത് അവസാനിപ്പിക്കാന്‍ സാവിത്രിയുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്തു.
ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട സ്ത്രീകള്‍ക്കുവേണ്ടിയും സാവിത്രി പ്രവര്‍ത്തിച്ചു. അക്കാലത്ത് സ്ത്രീകളെ ലൈംഗികചൂഷണം ചെയ്ത് ഗര്‍ഭിണിയാക്കുന്നത് പതിവായിരുന്നു. ഇങ്ങനെ ഗര്‍ഭിണിയാവുന്ന സ്ത്രീയ്ക്ക് ഒന്നുകില്‍ ആത്മഹത്യ ചെയ്യുകയോ നവജാത ശിശുവിനെ കൊല്ലുകയോ മാത്രമായിരുന്നു പോംവഴി. സാവിത്രിയുടെ നേതൃത്വത്തില്‍ ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാക്കി. ഇങ്ങനെ ഗര്‍ഭിണിയാകുന്ന സ്ത്രീകളെ സംരക്ഷിക്കാനും അവരുടെ പ്രസവം സുഗമമായി നടക്കാനും വേണ്ടി ഒരു ആതുരാലയം തുറക്കുകയും ചെയ്തു. ‘ ബാല്‍ഹത്യാ പ്രതിബന്ധക് ഗൃഹാ’ എന്നായിരുന്നു ആ ആതുരഭവനത്തിന്റെ പേര്.
സമൂഹത്തില്‍ നിലനിന്നിരുന്ന ജാതി, ലിംഗ വിവേചനങ്ങള്‍ക്കെതിരെയും സാവിത്രി ശക്തമായി പോരാടി. അക്കാലത്ത് ഉയര്‍ന്ന ജാതിക്കാരുടെ കിണറുകളില്‍ നിന്നു വെള്ളം കുടിക്കുന്നതില്‍ താഴ്ന്ന ജാതിക്കാരെ വിലക്കിയിരുന്നു. 1868ല്‍ തന്റെ വീട്ടില്‍ താഴ്ന്ന ജാതിക്കാര്‍ക്കായി ഒരു കിണര്‍ കുത്തിയാണ് അവര്‍ ഉയര്‍ന്ന ജാതിക്കാരോടു മറുപടി പറഞ്ഞത്. ലോകത്തു പടര്‍ന്നു പിടിച്ച പ്ലേഗ് ബാധിച്ച രോഗികളെ ശുശ്രുഷിക്കുന്നതിനിടയില്‍ രോഗം സാവിത്രിയെയും ബാധിച്ചു.1897 മാര്‍ച്ച് 10ന് ആ മഹതി ഈ ലോകത്തു നിന്നും വിടവാങ്ങി.