ദുബായ്: ചൊവ്വയില്‍ പോയാലും അവിടെ ഒരു മലയാളിയെ കാണാമെന്നാണ് പറച്ചില്‍. പണ്ടൊക്കെ ചന്ദ്രനില്‍ പോയാല്‍ എന്നായിരുന്നു പ്രയോഗം. ചൊവ്വയിലും ചന്ദ്രനിലും പോയില്ലെങ്കിലും കിര്‍ഗിസ്ഥാനില്‍ പോയാല്‍ അവിടെ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളിലൊന്ന് ഒരു മലയാളിയുടേതാണ്. കിര്‍ഗിസ്ഥാന്‍ പ്രതിരോധ വിഭാഗത്തിലെ ഉന്നത പദവികളില്‍ ഒന്ന് വഹിക്കുന്നത് മലയാളിയാണെന്ന് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
സൗദിയിലെ പ്രമുഖ വ്യവസായിയായ മലയാളി ഷെയ്ഖ് റഫീക് മൊഹമ്മദിനെ കിര്‍ഗിസ്ഥാന്‍ സെന്യത്തിന്റെ മേജര്‍ ജനറലായി നിയോഗിച്ചെന്നാണ് പുറത്തുവരുന്ന പുതിയ വാര്‍ത്ത. ശനിയാഴ്ച നടന്ന ഔദ്യോഗിക ചടങ്ങിലാണ് ചുമതല നല്‍കിയതെന്ന് ഖലീജ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതാദ്യമായിട്ടാണ് ഒരു വിദേശരാജ്യത്തിന്റെ സൈന്യത്തിന്റെ തലപ്പത്തേക്ക് ഒരു മലയാളി നിയോഗിതനാകുന്നതെന്ന് റഫീക്കിന്റെ മാധ്യമ ഉപദേഷ്ടാവ് ഒമര്‍ അബു ബക്കറിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് പറയുന്നു.
നേരത്തേതന്നെ കിര്‍ഗിസ്ഥാന്‍ പൗരത്വം നേടിയിട്ടുള്ള റഫീക് മുന്‍ പ്രസിഡന്റ് കുര്‍മാണ്‍ബെക്ക് സാലിയേവിക്ക് ബകിയേവിന്റെ ഉപദേഷ്ടാവായി മുമ്പ ജോലി ചെയ്തിട്ടുണ്ട്. കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം റഫീക് പിന്നീട് മുബൈയിലെത്തുകയും അവിടെ നിന്ന് ഗള്‍ഫിലേക്ക് ചേക്കേറുകയുമായിരുന്നു. അവിടെ വച്ച് റഫീക്കിന്റെ വ്യവസായം പടര്‍ന്നു പന്തലിക്കുകയായിരുന്നു.