വടക്കഞ്ചേരി: തലചായ്ക്കാന്‍ വീടോ സ്വന്തമെന്ന് പറയാന്‍ ഒരു തുണ്ടുഭൂമിയോ സാമ്പത്തികഭദ്രതയോ സുരേഷിനില്ല. എങ്കിലും ഒറ്റപ്പെടലിന്റെയും വൈകല്യങ്ങളുടെയും വേദനയില്‍ കഴിയുന്നവരെ മറ്റുള്ളവര്‍ക്കൊപ്പം എത്തിക്കാനുള്ള ശ്രമങ്ങളിലാണ് വാര്‍ഡ് മെംബറായ ഈ യുവാവ്. വണ്ടാഴി പഞ്ചായത്തില്‍ മൂന്നാംവാര്‍ഡ് ചക്കാന്തറയിലെ ജനപ്രതിനിധിയായ സുരേഷ് ചല്ലുവടിയില്‍ ഭാര്യയും രണ്ടു ചെറിയ മക്കളുമായി വാടകമുറിയിലാണ് താമസം. ഇല്ലായ്മകളും പരാധീനതകളും വീര്‍പ്പുമുട്ടിക്കുന്നുണ്ടെങ്കിലും പാവപ്പെട്ടവര്‍ക്കൊപ്പം നില്ക്കാന്‍ അതൊന്നും കുറവുകളല്ലെന്നാണ് സുരേഷ് പറയുന്നത്.
പഞ്ചായത്ത് മെംബര്‍ എന്ന നിലയില്‍ ലഭിക്കുന്ന ചെറിയ വരുമാനം കൂട്ടിവച്ചാണ് സാമൂഹ്യസേവനം. നടക്കാന്‍ കഴിയാത്തവര്‍, മറ്റു വൈകല്യമുള്ളവര്‍, മാനസികാസ്വസ്ഥ്യമുള്ളവര്‍, പ്രായമായവര്‍ തുടങ്ങിയവരെ കൂടെ കൂട്ടി ഇടയ്ക്ക് വിനോദയാത്രകള്‍ നടത്തും.കഴിഞ്ഞദിവസവും ഇത്തരത്തിലുള്ള ഒരു യാത്ര നടത്തി. പാലക്കാട് കോട്ടമൈതാനവും സബ്ജയിലും മലമ്പുഴയും കണ്ടു. കുട്ടികളും നടക്കാന്‍ കഴിയാത്തവരുമായ പ്രായമേറെയുള്ളവരുമായി 15 പേരാണ് ഉണ്ടായിരുന്നത്.
വാഹനം വാടകയ്ക്ക് വിളിച്ചു വീല്‍ചെയറുകളും മറ്റു മുന്‍കരുതലുമായിട്ടായിരുന്നു ഒരു പകല്‍ യാത്ര സംഘടിപ്പിച്ചത്. എല്ലാവര്‍ക്കുമുള്ള ഭക്ഷണം സുരേഷ് തന്നെ വീട്ടില്‍നിന്നും തയാറാക്കി കരുതിയിരുന്നു. ഇതുവരെ പാലക്കാട് കാണാത്ത വയോധികരും സംഘത്തിലുണ്ടായിരുന്നതായി സുരേഷ് പറഞ്ഞു. ക്രിസ്മസ് സ്കൂള്‍ അവധിയും പുതുവര്‍ഷവും എല്ലാവരും ആഘോഷിക്കുമ്പോഴും ഇതൊന്നുമറിയാതെ കഴിയുന്നവര്‍ക്ക് തന്നാലാകുന്ന സന്തോഷം പങ്കുവയ്ക്കുകയായിരുന്നു സുരേഷ്. മൂന്നുനാലുമാസം കൂടുമ്പോള്‍ ഇത്തരത്തിലുള്ള ട്രിപ്പുകള്‍ സുരേഷ് സംഘടിപ്പിക്കും.
മുന്‍ എംഎല്‍എ കെ.എ.ചന്ദ്രനാണ് സുരേഷിന്റെ രാഷ്ട്രീയ ഗുരു. വെള്ളവസ്ത്രധാരിയായ സുരേഷും ചെരുപ്പ് ഉപയോഗിക്കില്ല. സുരേഷിന്റെ രാഷ്ട്രീയ പ്രവര്‍ത്തനവും ഒറ്റയ്ക്കാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും അങ്ങനെ തന്നെ. ഇതു രണ്ടാംതവണയാണ് സുരേഷ് മെംബറാകുന്നത്. വള്ളിയോട് മെംബറായിരുന്നു ആദ്യം.
പിന്നീട് വള്ളിയോട് വനിതാ സംവരണമായപ്പോഴാണ് കഴിഞ്ഞതവണ ചക്കാന്തറയിലേക്ക് മാറിയത്. ഏതു വാര്‍ഡില്‍നിന്നാലും സുരേഷിന് ജയം ഉറപ്പാണ്. ഓരോതവണയും ഭൂരിപക്ഷത്തിലും വര്‍ധനയുണ്ട്. ജാഡകളില്ലാത്ത നിശബ്ദസേവനം തന്നെയാണ് സുരേഷിനെ ജനകീയനാക്കുന്നതും. വാര്‍ഡിലെ ഏതാവശ്യത്തിനും സുരേഷ് മുന്നിലുണ്ടാകും. കാര്യം നടക്കാന്‍ തിരുവനന്തപുരത്ത് പോകേണ്ടി വന്നാലും പഞ്ചായത്ത് മെംബറായ സുരേഷ് ഒറ്റയ്ക്കുപോയി കാര്യം നടത്തിവരും.