ഏതുത്പ്പന്നങ്ങള്ക്കും ഡൂപ്ലിക്കേറ്റ് നിര്‍മ്മിക്കാന്‍ മാത്രമല്ല ഏത് പ്രശ്നങ്ങള്‍ക്കും പ്രായോഗിക പരിഹാരം കണ്ടെത്താനും കഴിയുന്നവരാണ് തങ്ങള്‍ എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ചൈനക്കാര്‍.
എങ്ങനെയെന്നല്ലേ? സ്കൂളുകളിലും കോളജുകളിലും അദ്ധ്യാപകരെ പറ്റിച്ച് കോപ്പി അടിക്കുന്ന വിരുതന്മാര്ക്ക് കൂച്ചുവിലങ്ങിടാനുള്ള വിദ്യയുമായാണ് ഇത്തവണ അവര്‍ രംഗത്തെത്തിയിരിക്കുന്നത്. പരീക്ഷ നടക്കുന്ന സമയത്ത് വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ ഹാളിന് വെളിയില്‍ നിന്ന് തങ്ങളുടെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതും ഉത്തരങ്ങള്‍ തുണ്ടു കടലാസിലെഴുതി കൈമാറുന്നതും ചൈനയില്‍ പതിവ് കാഴ്ചയാണ്. ഇതിനു പുറമേ സമീപത്തിരിക്കുന്ന കുട്ടികളുടെ പേപ്പറില്‍ നോക്കിയെഴുതുന്നതുന്നവരും പരസ്പരം ചോദിച്ചെഴുതുന്നവരും ഉണ്ട്. അതുപോലെതന്നെ ഉത്തരങ്ങള്‍ എഴുതിയ കടലാസുകള്‍ അദ്ധ്യാപകര്‍ കാണാതെ കൈയില്‍ കരുതി അത് നോക്കിയെഴുതുന്നവരുമുണ്ട്. എക്സാമിനര്‍മാര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.
ഇതിനൊക്കെ പരിഹാരമെന്നോണമാണ് ചൈനയിലെ ഒരു സ്കൂള്‍ പുതിയ വിദ്യയുമായി രംഗത്തെത്തിയിരിക്കുന്നത്. ഹെല്മറ്റുപോലെ തലയില്‍ പേപ്പര്‍ വയ്ക്കുക എന്നതാണ് ഈ വിദ്യ. ഓരോരുത്തരുടെയും തലയുടെ ആകൃതിയില്‍ പത്രത്താളുകള്‍ വെട്ടിയെടുത്ത് തലയില്‍ വയ്ക്കുകയാണ് ചെയ്യുക.
മറ്റുള്ളവരുടെ പേപ്പറില്‍ എത്തിനോക്കാനോ സ്വന്തം പേപ്പറിലേയ്ക്ക് മറ്റുള്ളവര്‍ക്ക് നോക്കാനോ ഇതിലൂടെ സാധിക്കാതെ വരുന്നു. തലയില്‍ ഇത്തരം പേപ്പര്‍ ഹെല്‍മറ്റ് വച്ച് പരീക്ഷ എഴുതുന്ന കുട്ടികളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. വ്യത്യസ്തമായ പ്രതികരണങ്ങളാണ് കാഴ്ചക്കാരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലര്‍ ഈ ഐഡിയയോട് യോജിക്കുന്നുണ്ടെങ്കിലും മറ്റ് ചിലര്‍ ഇതിനെ ആനമണ്ടത്തരം എന്നാണ് വിശേഷിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഇതിലൂടെ അപമാനിതരാവുകയാണ് ചെയ്യുന്നതെന്നും ചിലര്‍ ആരോപിക്കുന്നു.