ചില മക്കള്‍ അച്ഛന്മാരേക്കാള് മിടുക്കരാകുന്നത് പല മേഖലകളിലും നാം കണ്ടിട്ടുണ്ട്. സിനിമയിലും ഇത്തരം മക്കള്‍ ഏറെയാണ്. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന് വിനീത് ശ്രീനിവാസന്, സുധീര്‍ കരമന എന്നിവര്‍ ഉദാഹരണങ്ങള്‍. എന്നാല്‍ അച്ഛനെ പിന്തുടര്ന്ന് സിനിമയിലെത്തി ഒന്നുമാകാതെ പോയ മക്കളും ഒരുപാടുണ്ട്. അവര്‍ ആരൊക്കെയാണെന്നു നോക്കാം.
1. ഷാനവാസ്
നിത്യഹരിത നായകന് പ്രേം നസീറിന്റെ പുത്രന്. മലയാള സിനിമയുടെ സിംഹാസനത്തില്‍ മരിക്കുവോളം ഇരിപ്പിടമുണ്ടായിരുന്ന പ്രേം നസീറിന്റെ പുത്രന് പക്ഷെ ആ ഭാഗ്യമുണ്ടായില്ല. ഷാനവാസിന്റെ അരങ്ങേറ്റം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കണ്ടത്. ബാലചന്ദ്രമേനോന്റെ പ്രേമഗീതങ്ങളിലൂടെ ചലച്ചിത്രലോകത്ത് എത്തി. പിന്നീട് നായകനായി അഭിനയിച്ചു. എന്നാല്‍ താരമൂല്യമുളള നടനാകുവാന്‍ ഷാനവാസിന് സാധിച്ചില്ല.
2. റഷീദ് ഉമ്മര്‍
വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങി നായകനായ കെപി ഉമ്മറിന്റെ പുത്രനായ റഷീദ് ഉമ്മര്‍ കണ്ണാരം പൊത്തി പൊത്തി എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തിയത്. പിന്നീട് വടക്കന്‍ വീരഗാഥയെന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ഒരു പ്രധാനവേഷം കൈകാര്യം ചെയ്തു. എന്നാല്‍ കെപി ഉമ്മറിനെപോലെ മലയാള സിനിമയിലെ നിറസാനിധ്യമാകുവാന് റഷീദിന് സാധിച്ചില്ല.
3. സജി സോമന്
അസാധ്യമായ അഭിനയപാടവം കൊണ്ട് പ്രേക്ഷകരെ എന്നും ഞെട്ടിച്ച എംജി സോമന്റെ മകന്. പൃഥ്വിരാജിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നായ സ്റ്റോപ് വയലന്‍സില്‍ അഭിനയിച്ചുകൊണ്ടാണ് സജി സോമനും മലയാത്തിലേക്ക് എത്തിയത്. പിന്നീട് ചില ചെറുചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും വിജയമാകാത്തതിനാല്‍ സജി സോമനും പതിയെ മാറ്റിനിര്‍ത്തപ്പെട്ടു.
4. വിഷ്ണു
മലയാള സിനിമയിലെ താരറാണിയായിരുന്ന നടി ഷീലയുടെ മകന് വിഷ്ണു. നസീറും ഷീലയും വെളളിത്തിരയില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ നസീറിന്റെ പുത്രന്റെ അതേ ഗതി തന്നെയായിരുന്നു ഷീലയുടെ മകന് വിഷ്ണുവിനും. താഹ സംവിധാനം ചെയ്ത ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലിലൂടെ മലയാളത്തില്‍ വിഷ്ണു അരങ്ങേറിയെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് തമിഴിലും ഒരുകൈ നോക്കി.