സബിതയുടെ കൊലയാളികളെ കുടുക്കിയത് ഇടംകൈ കൊണ്ടുള്ള വെട്ടുകള്‍, പുതിയ ചെരുപ്പ് വാങ്ങിയത് വിശ്വനാഥന് വിനയായി!

sabitthaഒഡീഷ സ്വദേശിനിയായ സബിതാബാജിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കുടുക്കിയത് പോലീസിന്റെ ബുദ്ധികൂര്‍മത. ഒഡീഷ സ്വദേശി കുന്തന്‍മാജിയുടെ ഭാര്യ സബിതാബാജി (30)യാണ് ഞായറാഴ്ച കൊല ചെയ്യപ്പെട്ടത്. പീഡനശ്രമത്തിനിടെയായിരുന്നു ഇവര്‍ കൊല്ലപ്പെട്ടത്. കുട്ടിക്കാനത്തെ എസ്റ്റേറ്റിലെ തൊഴിലാളികളായ വിശ്വനാഥന്‍ (54), ഒഡീഷ സ്വദേശി ഭോലക് പത്ര (22) എന്നിവരാണ് പിടിയിലായത്.മൃതദേഹം കിടന്നിരുന്ന സ്ഥലത്തുനിന്നും ദൂരെ മാറി ഇവരുടെ ആഭരണങ്ങളും വസ്ത്രവും വിറകും കണ്ടെത്തിയിരുന്നു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ പലഭാഗത്തായി പത്തോളം വെട്ടുകള്‍ ഏറ്റിരുന്നു. പോലീസ് നായ ആദ്യം ഓടിക്കയറിയത് സബിത താമസിച്ചിരുന്ന വീടിനു തൊട്ടടുത്തായി താമസിച്ചിരുന്ന ഓലപത്ര എന്ന യുവാവിന്റെ ലയത്തിലും പിന്നിട് തമിഴ് വംശജനായ പീരുമേട് സ്വദേശിയായ വിശ്വനാഥന്റെ ലയത്തിലുമായിരുന്നു. ഇതോടെയാണ് കേസന്വേഷണം ഇവരിലേക്കു നീണ്ടത്. ഓല പത്രയുടെ ലയത്തിലും അയാളുടെ നഖത്തിനിടയിലും രക്തക്കറ കണ്ടെത്തുകയും ചെയ്തിരുന്നു.

ഇടംകൈയനായ വിശ്വനാഥന്‍ എസ്റ്റേറ്റില്‍ കുറ്റി വെട്ടുന്ന ജോലിയാണ് ചെയ്തിരുന്നത്. ഭോലകും ഇവിടെയായിരുന്നു ജോലിയെടുത്തിരുന്നത്. ഞായറാഴ്ച വിറക് ശേഖരിക്കുന്നതിനിടെയായിരുന്നു സബിതയ്ക്കു നേരെയുള്ള ആക്രമണം. ആളൊഴിഞ്ഞ പ്രദേശത്തുവച്ചു സബിതയെ പ്രതികള്‍ കടന്നുപിടിച്ചു. പീഡിപ്പിക്കാനുറച്ചായിരുന്നു ഇവരുടെ കടന്നാക്രമണം. സബിത ഉച്ചത്തില്‍ നിലവിളിച്ചതോടെ കഴുത്തിനു പിന്നില്‍ വാക്കത്തിക്കൊണ്ടു വെട്ടി. രക്തം വാര്‍ന്നൊഴുകി ബോധരഹിതയായ സബിതയെ 200 മീറ്ററിലേറെ പാറക്കെട്ടുകളിലൂടെ വലിച്ചിഴച്ചാണു കുറ്റിക്കാട്ടിലെത്തിച്ചത്. ഇവിടെവച്ച് ഇരുവരും ചേര്‍ന്നു സബിതയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം വെട്ടികൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിനു പിറ്റേദിവസം ഇരുവരും പതിവുപോലെ ജോലിക്കെത്തി. പുതിയ വസ്ത്രങ്ങളണിഞ്ഞായിരുന്നു വിശ്വനാഥനെത്തിയത്. ചെരിപ്പു നന്നായി വൃത്തിയാക്കുകയും ചെയ്തിരുന്നു. പോലീസ് ഇതു ശ്രദ്ധിച്ചിരുന്നു. ഭോലകും പുതിയ ചെരുപ്പണിഞ്ഞാണ് എത്തിയത്. പോലീസ് കസ്റ്റഡിയിലെടുത്ത ഇരുവരെയും വിശദമായി ചോദ്യം ചെയ്തു. ഇതിനിടെ ഇയാളുടെ പഴയ ചെരുപ്പും കണ്ടെത്തി. സംഭവസമയത്ത് ധരിച്ചിരുന്ന ചെരുപ്പില്‍ രക്തം പുരണ്ടതാണ് അത് ഉപേക്ഷിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. വിശ്വനാഥനെ കുടുക്കാന്‍ പോലീസിന്റെ മറ്റൊരു നിരീക്ഷണവും സഹായിച്ചു. മൃതദേഹത്തില്‍ ഏറ്റ വെട്ടുകള്‍ ഒരു ഇടംകൈയന്റേതാണെന്ന് പോലീസിന് ബോധ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ തോട്ടത്തിലെ ഇടംകൈയന്‍മാരെ കേന്ദ്രീകരിച്ച് അന്വേഷണവും നടത്തിയിരുന്നു.

Related posts