രാജ്യമൊന്നാകെ ഉറ്റുനോക്കുന്ന ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നു കഴിഞ്ഞു. ഇനി പതിനെട്ടടവും പയറ്റിക്കൊണ്ട് പാര്‍ട്ടികള്‍ ഓരോന്നായി രംഗത്തിറങ്ങും.
ഈ വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ പുതിയ ചില പ്രവര്‍ത്തനങ്ങള്‍ക്കു കൂടി തുടക്കമിട്ടിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്റെ പ്രഖ്യാപനങ്ങളിലെ ഏറ്റവും ആകര്‍ഷകമായ ചിലതിനേക്കുറിച്ചറിയാം.
നിറമുള്ള ഫോട്ടോ പതിപ്പിച്ച വോട്ടര്‍ ഐഡി കാര്‍ഡ് വിതരണം ചെയ്യും എന്നതാണ് ഇതിലൊന്ന്. രാജ്യത്ത് പകുതിയോളം പേര്‍ ഇത്തരത്തിലുള്ള കളര്‍ വോട്ടര്‍ ഐഡി കാര്‍ഡ് സ്വന്തമാക്കിക്കഴിഞ്ഞു. മറ്റൊന്നാണ് സ്വകാര്യത ഉറപ്പുവരുത്താന്‍ വോട്ടിംഗ് കംപാര്‍ട്ട്‌മെന്റിന്റെ വലിപ്പം 30 ഇഞ്ചായി ഉയര്‍ത്തും എന്നത്. സ്ത്രീകള്‍ക്കായി പ്രത്യേക പോളിംഗ് ബൂത്ത് ഏര്‍പ്പാടാക്കും എന്നത് വേറൊന്ന്. ഇത്തരം ബൂത്തുകളുടെ സമ്പൂര്‍ണ നിയന്ത്രണം സ്ത്രീകള്‍ക്കായിരിക്കും.
അംഗപരിമിതര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ എല്ലാ ബൂത്തിലും ഉറപ്പാക്കും. പതിവില്‍ നിന്ന് വിപരീദമായി പോസ്റ്റല്‍ വോട്ട് ഇലക്ട്രോണിക് സംവിധാനത്തിലൂടെ കൈമാറ്റം ചെയ്യാന്‍ ഏര്‍പ്പാടാക്കും. സത്യവാങ്മൂലത്തിനൊപ്പം ഒരു നോ ഡിമാന്റ് സത്യവാങ് മൂലം കൂടി സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിക്കണം. സര്‍ക്കാരിന് നല്‍കാനുള്ള വൈദ്യുതി, ടെലിഫോണ്‍, വെള്ളം എന്നിവയുടെ കരം കുടിശികയില്ല എന്ന് തെളിയിക്കാന്‍ പാകത്തിനുള്ളതായിരിക്കണം അത്.
പ്രകൃതി സൗഹൃദ വസ്തുക്കള്‍ കൊണ്ടുള്ള ഫഌക്‌സ്, പോസ്റ്റര്‍ എന്നിവ ഉപയോഗിക്കാന്‍ സ്ഥാനാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കും. ശബ്ദമലിനീകരണം ഉണ്ടാകുന്ന രീതിയിലുള്ള പ്രചാരണ പരിപാടികള്‍ അനുവദിക്കുന്നതല്ല. പോളിംഗ് ബൂത്തിന് പുറത്ത് സ്ഥാനാര്‍ത്ഥികളുടെ പേരില്‍ ഒരുക്കുന്ന ബൂത്തുകളുടെയും ഹെല്‍പ്പ് ഡസ്‌ക്കുകളുടേയും ചെലവ് സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ കാണിക്കണം. ഇതുപോലെ തന്നെ രാഷ്ട്രീയ പാര്‍ട്ടികളുടെയോ നേതാക്കന്മാരുടെയോ കീഴിലുള്ള ടി.വി. ചാനലുകളില്‍ക്കൂടി പ്രദര്‍ശിപ്പിക്കുന്ന തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ കാണിക്കണം. കൂടാതെ ഇതൊക്കെ നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമാകും എന്ന മുന്നറിയിപ്പും ഇത്തവണ നല്‍കുന്നുണ്ട്.