ചെറായി: പന്ത്രണ്ട് വര്‍ഷം പിന്നിട്ടിട്ടും നടുക്കം മാറാത്ത സുനാമി ദുരന്തത്തിന്റെ ബാക്കിപത്രമായി മാറിയിരിക്കുകയാണ് ഇനിയും പണിതീരാതെ കിടക്കുന്ന എടവനക്കാട് തീരത്തെ കടല്‍ ഭിത്തി. 2004 ഡിസംബര്‍ 26ന് സുനാമി ഈ തീരത്ത് നിന്നും വിലപ്പെട്ട അഞ്ച് ജീവനുകളാണ് അപഹരിച്ചത്. തിരമാലകള്‍ വന്നിടിച്ച് തകര്‍ന്ന കടല്‍ഭിത്തിക്കിടയിലൂടെ കരയിലേക്ക് കടല്‍വെള്ളം ഇരച്ചു കയറിയപ്പോള്‍ പ്രാണരക്ഷാര്‍ഥം ഓടിയവരാണ് ദുരന്തത്തിനിരയായത്.
പുനരുദ്ധാരണത്തിനു മാത്രമായി എടവനക്കാട് പഞ്ചായത്തിനു 12 കോടിയുടെ പാക്കേജും അനുവദിച്ചു. സന്നദ്ധ സംഘടനകളും മറ്റും ചെലവഴിച്ചതിനു പുറമെയായിരുന്നു ഈ സര്‍ക്കാര്‍ പാക്കേജ്. എന്നാല്‍ സുരക്ഷ വെറും സ്വപ്‌നം മാത്രമായി അവശേഷിക്കുകയാണ് ചെയ്തത്. പണം അനാവശ്യമായി ചെലവഴിച്ചതിനാല്‍ ഇന്നും കടല്‍ ഭിത്തിയുടേയും തീരദേശറോഡിന്റെയും പുനര്‍ നിര്‍മ്മാണം എങ്ങുമെത്താതെ കിടക്കുകയാണ്.
കടല്‍ പ്രക്ഷുബ്ധമായാല്‍ ഇപ്പോഴും തിരമാലകള്‍ അടിച്ചു കയറി ഈ ഭാഗത്തെ വീടുകളില്‍ വെള്ളം കയറുക പതിവാണ്. ദുരന്തമുണ്ടായാല്‍ രക്ഷപെടാന്‍ പറ്റിയ റോഡും ഇവിടെ ഇല്ല. തീരദേശ റോഡ് മണലില്‍ പുതഞ്ഞു കിടക്കുകയാണ്. സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന അണിയല്‍ ഇക്ബാല്‍ ബീച്ച് റോഡ് പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ മൂന്നു വര്‍ഷം മുമ്പ് ഒരു കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടും റോഡ് പുനര്‍ നിര്‍മ്മിക്കാതെ പൊതുമരാമത്ത് ഒളിച്ചു കളിക്കുകയാണ്.