കൊച്ചി: ജാതിക്ക, ജാതിപത്രി, ജീരകം, വെളുത്തുള്ളി എന്നിവ കൂടുതലായി കയറ്റിയയ്ക്കുന്നതിനാല്‍ രാജ്യത്തിന്റെ സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ അഞ്ചു ശതമാനം വര്‍ധന ഉണ്ടായതായി സ്പൈസസ് ബോര്‍ഡ് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 201617 സാന്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയിലാണ് ഈ നേട്ടം കൈവരിക്കാനായത്. കയറ്റുമതി മൂല്യം ഏഴു ശതമാനം വര്‍ധിച്ച് 8415.97 കോടി രൂപയിലെത്തി. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 7892.65 കോടിരൂപയായിരുന്നു കയറ്റുമതി മൂല്യം.
ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ സുഗന്ധവ്യഞ്ജന കയറ്റുമതി 4,37,360 ടണ്‍ ആയി ഉയര്‍ന്നു. കഴിഞ്ഞ സാന്പത്തിക വര്‍ഷം ഇതേകാലയളവില്‍ കയറ്റുമതി ചെയ്തതു 4,14,780 ടണ്‍ ആയിരുന്നു. മുളകാണ് ഏറ്റവും കൂടുതല്‍ കയറ്റിയയച്ചത്. 2307.75 കോടി രൂപയുടെ 1,65,000 ടണ്‍. വെളുത്തുള്ളിയും വന്‍ മുന്നേറ്റം നേടി. മൂല്യത്തില്‍ 132 ശതമാനവും അളവില്‍ 55 ശതമാനവും വര്‍ധന.
ജാതിക്ക, ജാതിപത്രി എന്നിവയുടെ കയറ്റുമതിയില്‍ കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്നതിനെ അപേക്ഷിച്ച്, അളവില്‍ 81 ശതമാനത്തിന്റെയും മൂല്യത്തില്‍ 69 ശതമാനത്തിന്റെയും വര്‍ധന കാണിച്ചു. ജീരകത്തിന്റെ കയറ്റുമതി 49 ശതമാനം വര്‍ധിച്ച് 68,600 ടണ്ണിലെത്തി. കഴിഞ്ഞവര്‍ഷം ഇതേസമയം ഇതു 45,894 ടണ്‍ ആയിരുന്നു. പെരുംജീരകം, സെലറി എന്നിവയ്ക്കു പുറമെ മഞ്ഞളിന്റെ കയറ്റുമതിയിലും വര്‍ധനയുണ്ടായി. മൂല്യവര്‍ധിത ഉത്പന്നങ്ങളായ കറിപ്പൊടികള്‍, പേസ്റ്റ്, സുഗന്ധ എണ്ണകള്‍ എന്നിവയുടെ കയറ്റുമതിയും ഇക്കാലയളവില്‍ വര്‍ധിച്ചു.