ധോണി ഏകദിന, ട്വന്റി20 നായക പദവി രാജിവച്ചു

dhoniമുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കണ്ട എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളായ മഹേന്ദ്രസിംഗ് ധോണി നായകസ്ഥാനത്തുനിന്ന് പിന്‍വാങ്ങി. ടെസ്റ്റ് ക്രിക്കറ്റിലെ നായകപദവി നേരത്തെ ഒഴിഞ്ഞ ധോണി ഇപ്പോള്‍ ഏകദിന, ട്വന്റി20 നായകപദവിയാണ് രാജിവച്ചത്. ഇന്ത്യ  ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ധോണി രാജിവച്ചത്. ബിസിസിഐ ചീഫ് എക്‌സിക്യുട്ടീവ് രാഹുല്‍ ജോഹ്‌റിയാണ് ധോണി രാജിവച്ച വിവരം വെളിപ്പെടുത്തിയത്. എല്ലാ ക്രിക്കറ്റ് ആരാധകരുടെയും പേരില്‍ ധോണിക്ക് നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിന് നായകനെന്ന നിലയില്‍ ധോണി നല്‍കിയ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം വലിയ ഉയരങ്ങള്‍ കീഴടക്കിയതായും ടീമില്‍ അദ്ദേഹം ഇനിയും തുടരുമെന്നും ജോഹ്‌റി പറഞ്ഞു.

199 ഏകദിനങ്ങളിലും 72 ട്വന്റി20 മത്സരങ്ങളിലും ധോണി ഇന്ത്യയെ നയിച്ചു. ധോണി രാജിവച്ച പശ്ചാത്തലത്തില്‍ ടെസ്റ്റ് നായകനായ വിരാട് കോഹ്‌ലി ഏകദിന, ട്വന്റി20കളിലും നായകനായെത്തും. നാളെ നടക്കുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുമെന്ന് ധോണി ബിസിസിഐയെ അറിയിച്ചിട്ടുണ്ട്.

35കാരനായ ധോണി നായകപദവി ഒഴിയുമെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അടുത്ത ലോകകപ്പ് വരെ തുടരുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. 2011ല്‍ ഏകദിനത്തിലും 2007ല്‍ ട്വന്റി20യിലും ലോകകിരീടം നേടാന്‍ ധോണിയുടെ കീഴില്‍ ഇന്ത്യക്കു സാധിച്ചിട്ടുണ്ട്. കൂടാതെ 2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യ മുത്തമിട്ടു. 2009ല്‍ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തി.

ധോണിയുടെ കീഴില്‍ 199 ഏകദിനങ്ങള്‍ 110ലും വിജയിക്കാന്‍ ഇന്ത്യക്കായി. 74 മത്സരങ്ങളില്‍ ഇന്ത്യ തോറ്റപ്പോള്‍ നാലെണ്ണം സമനിലയിലായി. 11 എണ്ണം ഉപേക്ഷിക്കപ്പെട്ടു. വിജയശതമാനം 59.57 ആണ്. ഏറ്റവും കൂടുതല്‍ ഏകദിനങ്ങളില്‍ നയിച്ചവരുടെ പട്ടികയില്‍ ധോണി മൂന്നാമതാണ്. 230 ഏകദിനങ്ങള്‍ നയിച്ച റിക്കി പോണ്ടിംഗ് ഒന്നാമതും സ്റ്റീഫന്‍ ഫ്‌ളെമിംഗ് രണ്ടാമതും. 72 ട്വന്റി20കളില്‍ 41 മത്സരങ്ങളില്‍ വിജയിച്ചു. 28 മത്സരങ്ങള്‍ തോറ്റപ്പോള്‍ ഒരെണ്ണം സമനിലയിലും രണ്ടെണ്ണം ഉപേക്ഷിക്കുകയുമുണ്ടായി. ഏറ്റവും കൂടുതല്‍ ട്വന്റി20യില്‍ ടീമിനെ നയിച്ച താരം ധോണിയാണ്.

ജനുവരി 15നാണ് ഇന്ത്യ ഇംഗ്ലണ്ട് ഏകദിന പരമ്പര ആരംഭിക്കുന്നത്. പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി20 മത്സരങ്ങളുമാണുള്ളത്.

Related posts