ഇന്ത്യക്കു നാലാം കിരീടം

saf-lസിലിഗുഡി: വനിതകളുടെ സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു തുടര്‍ച്ചയായ നാലാം കിരീടം. നാലാമത് സാഫ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ബംഗ്ലാദേശിനെ 31ന് തകര്‍ത്താണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ഇന്ത്യക്കു വേണ്ടി ദാന്‍ഗ്മീ ഗ്രേസ് (12), സസ്മിത മലിക് (60), ഇന്ദുമതി (67) എന്നിവരാണ് ഗോള്‍ നേടിയത്. ബംഗ്ലാദേശിന്റെ ഏക ഗോള്‍ സിരാത് ജഹാന്‍ (40) വകയായിരുന്നു. ഇതോടെ ഇന്ത്യന്‍ വനിതകള്‍ കഴിഞ്ഞ 19 കളിയില്‍ തോല്‍വി അറിഞ്ഞിട്ടില്ലെന്ന നേട്ടം കൈവിടാതെ സൂക്ഷിക്കാനായി. 18 ജയം ഒരു സമനില എന്നിങ്ങനെയായിരുന്നു ഇന്ത്യക്ക്.

12ാം മിനിറ്റിലേ ബംഗ്ലാദേശിന്റെ വല കുലുങ്ങി. അപ്രതീക്ഷിതമായാണ് പന്ത വലയില്‍ പതിച്ചത്. ഉരുണ്ടുവന്ന പന്തില്‍ ഗോളെന്ന ഉറപ്പില്ലാതെ കാല്‍വച്ച ഗ്രേസ് തുറന്നു കിടന്ന വലയില്‍ പന്തെത്തിച്ചു. ബംഗ്ലാദേശ് ഗോള്‍കീപ്പര്‍ സബീന അക്തര്‍ക്ക് കാഴ്ചകാരിയായി നില്‍ക്കാനേ സാധിച്ചുള്ളൂ. തളരാതെ പൊരുതിയ ബംഗ്ലാദേശ് 40ാം മിനിറ്റില്‍ സിരാതിലൂടെ സമനില പിടിച്ചു.

ഇതോടെ രണ്ടാം പകുതി കൂടുതല്‍ ആവേശകരമായി. 60ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. ബാലയെ വീഴ്ത്തിയതിനു റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത സസ്മിത പിഴവ് വരുത്താതെ വല ചലിപ്പിച്ചു. ഏഴു മിനിറ്റ് കൂടി കഴിഞ്ഞപ്പോള്‍ വീണ്ടും ബംഗ്ലാദേശിന്റെ വല വിറച്ചു. ഇന്ദുമതിയുടെ ലോംഗ് റേഞ്ചിന്റെ ദിശയറിയാതെ നിന്ന ഗോള്‍കീപ്പര്‍ സബിനയെ കാഴ്ചകാരിയാക്കി പന്ത് ബൗണ്‍സ് ചെയ്ത് വലയില്‍ പതിച്ചു.

Related posts