ഇങ്ങനെയും കല്യാണം കഴിക്കാം. അത്യാഡംബരത്തിന്റെ അകമ്പടിയില്ലാതെ പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന്. പ്രകൃതിയെ നെഞ്ചോടുചേര്‍ത്ത ഐറിഷ്- ഹിത കല്യാണമാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഐറിഷ് വത്സമ്മയുടെ കുറിപ്പാണ് വൈറലായി മാറിയത്. ഫെബ്രുവരി 19ന് ഹിതയുമായുള്ള ജീവിത യാത്ര തുടങ്ങുകയാണെന്ന് സുഹൃത്തുകളെ അറിയിച്ചു കൊണ്ടുള്ള കത്തില്‍ മതപരമായ ചടങ്ങുകളില്ലെന്നും സ്വര്‍ണാഭരണങ്ങളുടെ ഭാരമില്ലെന്നും കുറിച്ചിരിക്കുന്നു. സ്ത്രീധനമെന്ന കച്ചവടത്തോടും ഇവര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നു.
പോകുന്ന വഴികളിലെല്ലാം മരത്തൈകള്‍ നട്ട് തണലൊരുക്കുന്ന ദൗത്യത്തില്‍ ഒരു പോലെ പങ്കാളികളായ ഇരുവരും ജീവിതയാത്രയിലും ഒരുമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ വഴിയിലാണ് ഐറിഷിന് ഹിതയുടെ അച്ഛന്‍ അശോകനുമായുള്ള സൗഹൃദത്തിലായത്. പേരാമ്പ്ര സ്വദേശിയും ജൈവ കര്‍ഷകനുമായ അശോകന്‍ പതിറ്റാണ്ടുകളായി സാമൂഹ്യരംഗത്തുണ്ട്. അശോകന്‍ വഴിയാണ് ഹിതയെ അറിയുന്നത്. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. ഒന്നിച്ചുള്ള ജീവിത യാത്രക്ക് കുടുംബാംഗങ്ങളും പിന്തുണ നല്‍കി. അഡ്വഞ്ചര്‍ ട്രക്കിംഗ് ഗൈഡ്, വ്യക്തിത്വ വികസന അധ്യാപകന്‍, പരിസ്ഥിതി കൂട്ടായ്മയായ ഗ്രീന്‍വെയിന്റെ സജീവ അംഗം എന്നിങ്ങനെ ബഹുമുഖ മേഖലയിലാണ് ഐറിഷിന്റെ പ്രവര്‍ത്തനം.
മലപ്പുറത്ത് പ്രവര്‍ത്തനമാരംഭിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ അഡ്വഞ്ചര്‍ പാര്‍ക്കിന്റെ നിര്‍മാണച്ചുമതലയും ഐറിഷ് വഹിക്കുന്നുണ്ട്. കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ സൗഹൃദങ്ങള്‍ക്ക് ഉടമ കൂടിയാണ് ഐറിഷ്. 19ന് ഉച്ചക്ക് ശേഷം പേരാമ്പ്ര കുന്നുമലിലെ വീട്ടില്‍ നടക്കുന്ന കൂട്ടായ്മയിലേക്ക് ആടാനും പാടാനും സൊറ പറഞ്ഞിരിക്കാനുമെത്താം. മാംസ വിഭവങ്ങളും മദ്യവും ഉണ്ടാകില്ല. ക്ഷണക്കത്തും പ്രത്യേക ക്ഷണിതാക്കളുമില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.