കൈ നിറയെ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് കീര്‍ത്തി സുരേഷ്. ഗീതാഞ്ജലിയിലൂടെ സിനിമയില്‍ തുടക്കം കുറിച്ച താരം റിംഗ് മാസ്റ്ററിന് ശേഷം തമിഴ് സിനിമയിലും അറങ്ങേറ്റം കുറിച്ചു. തമിഴിലും വിജയക്കൊടി പാറിച്ച താരമിപ്പോള്‍ തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ്. വിജയ്യുടെ കൂടെ അഭിനയിച്ച ഭൈരവയാണ് കീര്‍ത്തിയുടേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം.
ദേശീയ അവാര്‍ഡ് ജേതാവായ തെലുങ്ക് അഭിനേത്രി സാവിത്രിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തിയാണ് നായിക. മഹാനദി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സാവിത്രിയായി എത്തുന്നത് കീര്‍ത്തിയാണ്.
ഫെബ്രുവരിയിലോ മാര്‍ച്ചിലോ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്ന് തിരക്കഥാകൃത്തായ സായ് മാധവ് അറിയിച്ചു. സിനിമാ താരമായ സാവിത്രിയുടെ യഥാര്‍ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മഹാനദിയില്‍ സാവിത്രിയെ അവതരിപ്പിക്കുന്നതിനായി സംവിധായകന് ആദ്യം സമീപിച്ചിരുന്നത് നിത്യാ മേനോനെ ആയിരുന്നുവത്രെ.
എന്നാല്‍ ഈ കഥാപാത്രം ചെയ്യാന്‍ താരം തയ്യാറായില്ലെന്നാണു വാര്‍ത്തകള്‍. തുടര്‍ന്ന് സാമന്തയെ സമീപിച്ചെങ്കിലും സാവിത്രിയെ അവതരിപ്പിക്കാന്‍ ഈ താരവും തയാറായില്ല. പിന്നീടാണ് കീര്‍ത്തി സുരേഷിനെ തെരഞ്ഞെടുത്തത്. വിശാലിന്റെ സണ്ടക്കോഴി 2, സൂര്യയുടെ താനാ സേര്‍ന്ത കൂട്ടം, പവന് കല്ല്യാണിന്റെ പുതിയ ചിത്രം തുടങ്ങി കീര്‍ത്തി സുരേഷിന്റെതായി പുറത്തിറങ്ങാന്‍ ഇനിയും ചിത്രങ്ങളുണ്ട്.